ADVERTISEMENT
ബെയ്റൂട്ട്: ലെബനനിലെ ഹിസ്ബുള്ള ഭീകര സംഘടനയെ നിരായുധീകരിക്കാനുള്ള നീക്കങ്ങൾ അമേരിക്ക ഊർജിതമാക്കി. അമേരിക്കയുടെ തുർക്കി അംബാസഡർ തോമസ് ബറാക് ഇതുസംബന്ധിച്ച ചർച്ചകൾക്കായി ഇന്നലെ ലബനൻ സന്ദർശിച്ചു. ലബനീസ് സർക്കാരിന്റെ പ്രതികരണം തൃപ്തികരമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
കഴിഞ്ഞവർഷം ഇസ്രയേലുമായുള്ള യുദ്ധത്തിൽ നേതൃനിരയെയും ആയിരക്കണക്കിനു ഭടന്മാരെയും നഷ്ടപ്പെട്ട ഹിസ്ബുള്ള ഇപ്പോൾ വളരെ ദുർബലമാണ്. എന്നാലും ഇസ്രയേലിനുള്ള ഭീഷണി പൂർണമായി ഇല്ലാതാക്കാനായി സംഘടനയെ നിരായുധീകരിക്കാനാണ് അമേരിക്കൻ നീക്കം. ഇതു സംബന്ധിച്ച് അമേരിക്കയിൽനിന്നും ലബനീസ് നേതൃത്വത്തിൽനിന്നും ഹിസ്ബുള്ള വളരെയധികം സമ്മർദം നേരിടുന്നുവെന്നാണ് റിപ്പോർട്ട്.
നാലു മാസത്തിനുള്ളിൽ ഹിസ്ബുള്ളയെ പൂർണമായി നിരായുധീകരിക്കാനുള്ള പദ്ധതിയാണ് അംബാസഡർ തോമസ് ബറാക് മുന്നോട്ടു വച്ചിരിക്കുന്നത്. ഇതിനു പകരമായി ഇസ്രേലി സേന തെക്കൻ ലബനനിൽനിന്ന് പൂർണമായി പിന്മാറുകയും ലബനനിൽ വ്യോമാക്രമണം നിർത്തുകയും ചെയ്യും. എന്നാൽ, ഹിസ്ബുള്ള നേതൃത്വത്തെ ഇസ്രയേൽ ഇനിയും ലക്ഷ്യമിടില്ലെന്ന ഉറപ്പു ലഭിക്കാതെ ആയുധം താഴെ വയ്ക്കില്ലെന്നാണ് സംഘടനയുടെ നിലപാട്.
കഴിഞ്ഞവർഷം അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലുമായി ഉണ്ടാക്കിയ വെടിനിർത്തൽ ധാരണ പ്രകാരം ആയുധഡിപ്പോകളിൽ പലതും ഹിസ്ബുള്ള ഉപേക്ഷിച്ചിരുന്നു. അതേസമയം, വെടിനിർത്തൽ ധാരണ സംഘിച്ച് ഇസ്രേലി സേന ഇപ്പോഴും തെക്കൻ ലബനന്റെ പല ഭാഗത്തു തുടരുന്നുണ്ടെന്നും ഹിസ്ബുള്ള ആരോപിക്കുന്നു.
Tags :