ADVERTISEMENT
ഡാളസ്: അമേരിക്കയിലെ ഡാളസിനടുത്ത് ഗ്രീൻ കൗണ്ടിയിലുണ്ടായ വാഹനാപകടത്തിൽ നാലംഗ ഇന്ത്യൻ കുടുംബം മരിച്ചു. ഹൈദരാബാദിനടുത്ത ത്രിമുൾഗേരി സ്വദേശി ബി. ശ്രീവെങ്കട്ട് (40), ഭാര്യ തേജസ്വിനി (36), മക്കളായ സിതാര (9), മ്രിത (7) എന്നിവരാണു മരിച്ചത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ശ്രീവെങ്കട്ടിന്റെ അറ്റ്ലാന്റയിൽ താമസിക്കുന്ന സഹോദരി ദീപികയെ സന്ദർശിച്ചശേഷം ഡാളസിനടുത്ത് ഓബ്രെയിലെ സട്ടൺഫീൽഡ്സിലുള്ള വീട്ടിലേക്ക് മടങ്ങവേ ഇവരുടെ എസ്യുവിയിൽ ദിശ തെറ്റി വന്ന മിനി ട്രക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിനു തീപിടിക്കുകയും നാലുപേരും വെന്തുമരിക്കുകയുമായിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തി. ഡിഎൻഎ പരിശോധനയ്ക്കുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. തുടർന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിക്കും.
മൂന്നു വർഷം മുന്പാണ് ശ്രീവെങ്കട്ടും കുടുംബവും അമേരിക്കയിലേക്കു പോയത്. ശ്രീവെങ്കിട്ടിന്റെ മാതാപിതാക്കളായ പശുപതിനാഥിനും ഗിരിജയ്ക്കുമൊപ്പം കഴിഞ്ഞ നാലിനാണ് കുടുംബം അറ്റ്ലാന്റയിലുള്ള സഹോദരിയുടെ വീട്ടിലേക്കു പോയത്. തുടർന്ന് മാതാപിതാക്കളെ സഹോദരി ദീപികയ്ക്കൊപ്പമാക്കിയശേഷം മടങ്ങവേയായിരുന്നു ദുരന്തം.
Tags :