ADVERTISEMENT
സനാ: യെമനിലെ ഹൂതികളുടെ ആക്രമണത്തിനിരയായ ചരക്കുകപ്പൽ ചെങ്കടലിൽ മുങ്ങി. എറ്റേർണിറ്റി സി എന്ന കപ്പലിലുണ്ടായിരുന്ന 25 ജീവനക്കാരിൽ നാലു പേർ കൊല്ലപ്പെട്ടു.
കുറച്ച് ജീവനക്കാരെ ഹൂതികൾ തട്ടിക്കൊണ്ടുപോയെന്ന് അമേരിക്കൻ വൃത്തങ്ങൾ അറിയിച്ചു. പത്തു പേരെ രക്ഷപ്പെടുത്താനായി. ഹൂതി ആക്രമണത്തിൽ ദിവസങ്ങൾക്കിടെ മുങ്ങുന്ന രണ്ടാമത്തെ കപ്പലാണിത്.
ലൈബീരിയയിൽ രജിസ്റ്റർ ചെയ്ത് ഗ്രീക്ക് കന്പനി പ്രവർത്തിപ്പിക്കുന്ന കപ്പലിനു നേർക്ക് തിങ്കളാഴ്ചയാണ് ആക്രമണമുണ്ടായത്. ചെറു ബോട്ടുകളിൽ കപ്പലിനു സമീപമെത്തിയ ഹൂതികൾ റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ പ്രയോഗിച്ചു. തുടർന്ന് കപ്പലിൽ കയറി സ്ഫോടനങ്ങൾ നടത്തി. ആക്രമണത്തിന്റെ വീഡിയോ ഹൂതികൾ പുറത്തുവിട്ടു.
ഇസ്രയേലിലേക്കു ചരക്ക് കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ഹൂതികൾ കപ്പലിനെ ആക്രമിച്ചത്. കപ്പൽ ജീവനക്കാരിൽ 21 പേർ ഫിലിപ്പീൻസ് പൗരന്മാരാണ്. റഷ്യയിൽനിന്നും ഗ്രീസിൽനിന്നുമുള്ള ജീവനക്കാർ കപ്പലിലുണ്ടായിരുന്നു. ആക്രമണത്തിൽ റഷ്യൻ ജീവനക്കാരന്റെ ഒരു കാൽ നഷ്ടപ്പെട്ടുവെന്നാണു റിപ്പോർട്ട്.
ഒരാഴ്ചയ്ക്കുള്ളിൽ ഇതു രണ്ടാം തവണയാണ് ഹൂതികൾ ചരക്കുകപ്പൽ മുക്കുന്നത്. ഞായറാഴ്ച മാജിക് സീസ് എന്ന കപ്പലാണു മുക്കിയത്. ഇതും ലൈബീരിയയിൽ രജിസ്റ്റർ ചെയ്ത് ഗ്രീക്ക് കന്പനി പ്രവർത്തിപ്പിച്ച കപ്പലായിരുന്നു. ഇതിലുണ്ടായിരുന്ന 22 ജീവനക്കാരെ മറ്റൊരു കപ്പൽ രക്ഷപ്പെടുത്തി.
ഇസ്രേലി ആക്രമണം നേരിടുന്ന ഗാസയിലെ പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഹൂതികൾ ചെങ്കടലിലൂടെ പോകുന്ന കപ്പലുകൾ ആക്രമിക്കുന്നത്. ഇറാന്റെ പിന്തുണയോടെയാണ് ഹൂതികൾ പ്രവർത്തിക്കുന്നത്.
Tags :