ADVERTISEMENT
ലണ്ടൻ: ഗാസയിലെ ഇസ്രയേൽ-ഹമാസ് പോരാട്ടം ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടൻ, കാനഡ, ജപ്പാൻ, ഓസ്ട്രേലിയ യൂറോപ്യൻ രാജ്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള 28 രാജ്യങ്ങൾ സംയുക്ത പ്രസ്താവന ഇറക്കി. ഗാസയിലെ ജനങ്ങളുടെ സഹനങ്ങൾ പുതിയ ആഴങ്ങളിലേക്കെത്തിക്കഴിഞ്ഞുവെന്ന് ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പറഞ്ഞു.
ആഹാരവവും കുടിവെള്ളവും അടങ്ങുന്ന സഹായങ്ങൾ പോലും പരിമിതമായ തോതിൽ നൽകുന്ന രീതിയെയും അവർ അപലപിച്ചു. സഹായങ്ങൾ തേടിയ 800 പലസ്തീനികളുടെ മരണവാർത്ത ഭീകരമെന്നും പ്രസ്താവനയിൽ വിശേഷിപ്പിച്ചു. ഇസ്രേലി സർക്കാരിന്റെ സഹായവിതരണ സംവിധാനം അപകടകരവും ഗാസക്കാരുടെ അന്തസിനെ ചോദ്യം ചെയ്യുന്നതുമാണ്. ഇക്കാര്യത്തിൽ അന്താരാഷ്ട്ര നിയമങ്ങൾ ഇസ്രയേൽ പാലിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
എന്നാൽ, വിമർശനം ഇസ്രേലി വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. “യാഥാർഥ്യബോധമില്ലാത്തതും ഹമാസിനു തെറ്റായ സന്ദേശം നൽകുന്നതുമാണ് പ്രസ്താവന”, മന്ത്രാലയം അറിയിച്ചു. താത്കാലിക വെടിനിർത്തൽ നിർദേശം അംഗീകരിക്കാൻ വിസമ്മതിച്ചതും ബന്ദികളെ വിട്ടയയ്ക്കാത്തതും ഹമാസ് ആണ്. യുദ്ധവും ഇരുഭാഗത്തുമുള്ള ക്ലേശങ്ങളും മാറ്റമില്ലാതെ തുടരാൻ കാരണക്കാരും ഹമാസ് മാത്രമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
“വെറുപ്പുളവാക്കുന്ന’’ പ്രസ്താവന നടത്താതെ കാട്ടാളന്മാരായ ഹമാസിന്റെ മേൽ സമ്മർദം ചെലുത്തുകയാണു വേണ്ടതെന്ന് ഇസ്രയേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബിയും പ്രതികരിച്ചു. പ്രസ്താവനയിൽ ജർമനിയുടെ പേരുണ്ടായിരുന്നില്ല. താൻ ഇസ്രേലി വിദേശകാര്യ മന്ത്രിയോട് സംസാരിച്ചെന്നും കൂടുതൽ സഹായം ഗാസയിലെത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജർമൻ വിദേശകാര്യ മന്ത്രി ജൊഹാൻ വാടെൻഫുൽ എക്സിൽ കുറിച്ചു.
Tags : gaza israel war