ADVERTISEMENT
ഓസ്റ്റിൻ: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 67 ആയി. മൂന്നു ദിവസമായി തുടരുന്ന രക്ഷാപ്രവർത്തനത്തിൽ കെർ കൗണ്ടിയിൽ ഗ്വാദലൂപ്പെ നദീതീരത്തു നടന്നുവന്ന ക്യാന്പിൽ പങ്കെടുത്ത 27 പെൺകുട്ടികളുടെ മൃതദേഹങ്ങളും കണ്ടെടുത്തു. ക്യാന്പിൽ പങ്കെടുത്ത പതിനൊന്ന് പെൺകുട്ടികളടക്കം ഒട്ടേറെപ്പേരെ ഇനിയും കണ്ടെത്താനുണ്ട്. എല്ലാവരെയും കണ്ടെത്തിയശേഷമേ തെരച്ചിൽ അവസാനിപ്പിക്കൂവെന്നാണ് ടെക്സസ് സംസ്ഥാന സർക്കാർ അറിയിച്ചത്.
ക്രൈസ്തവ വിശ്വാസികളായ പെൺകുട്ടികൾക്കുവേണ്ടി കെർ കൗണ്ടിയിൽ ഗ്വാദലൂപ്പെ നദീതീരത്ത് നടക്കുന്ന മിസ്റ്റിക് വേനൽക്കാല ക്യാന്പിലെ കുട്ടികളെയാണു കാണാതായത്. 1926 മുതൽ എല്ലാ വർഷവും നടന്നുവരുന്ന വേനൽക്കാല ക്യാന്പാണിത്. എട്ടു വയസ് മുതലുള്ള എഴുനൂ റോളം പെൺകുട്ടികളാണ് ഇക്കുറി ക്യാന്പിൽ പങ്കെടുത്തത്. മിന്നൽപ്രളയത്തിൽ ആറടിയിലേറെ ഉയരത്തിൽ വെള്ളം കയറിയതോടെ നദീതീരത്ത് ഇവർക്കു താമസിക്കാൻ സജ്ജമാക്കിയ കാബിനുകൾ കൂട്ടത്തോടെ ഒഴുകിപ്പോയി.
വെള്ളിയാഴ്ച പുലർച്ചെ ഗ്വാദലൂപ്പെ നദീതീരത്തുണ്ടായ കനത്ത മഴയാണ് പ്രളയത്തിനിടയാക്കിയത്. ഒരു മണിക്കൂറിനുള്ളിൽ 38 സെന്റിമീറ്റർ മഴ പെയ്തപ്പോൾ നദിയിലെ ജലനിരപ്പ് ഒന്പത് മീറ്ററായി ഉയർന്നു. 850 പേരെ രക്ഷപ്പെടുത്തിയതായാണ് അധികൃതർ അറിയിച്ചത്.
അമേരിക്കൻ സ്വാതന്ത്ര്യദിനമായിരുന്ന വെള്ളിയാഴ്ച നദീതീരത്തു വിവിധ ഭാഗങ്ങളിലായി ക്യാന്പ് ചെയ്തിരുന്ന മറ്റേനകം പേരും ദുരന്തത്തിനിരയായി എന്നാണ് അനുമാനം. എത്രപേരെ കാണാതായി എന്നതിൽ ടെക്സസ് സംസ്ഥാന സർക്കാരിനു ക്യത്യമായ കണക്കില്ല. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നിരവധി പേർ നദീതീരത്ത് എത്തിയിരുന്നുവെന്നും ഇവരിൽ പലരെയും കാണാതായിട്ടുണ്ടെന്നും എത്തിയ ആളുകളുടെ പേരുവിവരം ലഭ്യമല്ലെന്നും ടക്സസ് ലഫ്. ഗവർണർ ഡാൻ പാട്രിക് പറഞ്ഞു.
700 പെൺകുട്ടികളാണ് ക്യാന്പിൽ പങ്കെടുത്തിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരച്ചെത്തിയ വെള്ളത്തിൽനിന്നു രക്ഷ തേടി നിരവധി പേർ മരങ്ങളിലും മറ്റും കയറി. ഇവരെ പിന്നീട് രക്ഷാപ്രവർത്തകരെത്തി ഹെലികോപ്റ്റർ മുഖേന രക്ഷപ്പെടുത്തി.
കെർ കൗണ്ടിക്കു പുറമേ ഗ്വാദലൂപ്പെ നദിയൊഴുകുന്ന ട്രാവിസ് കൗണ്ടി, കെൻഡാൽ കൗണ്ടി എന്നിവിടങ്ങളിലും മരണങ്ങളും ആളുകളെ കാണാതായതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ക്യാന്പ് മിസ്റ്റിക്കിൽനിന്ന് 40 മൈൽ അകലെ ഗ്വാദലൂപ്പെ നദീതീരത്തുള്ള കംഫർട്ട് ടൗൺ പ്രളയജലത്തിനൊപ്പമെത്തിയ കൂറ്റൻ മരങ്ങളും കല്ലുകളും ചെളിയും നിറഞ്ഞ അവസ്ഥയിലാണ്. പ്രദേശത്തെ നിരവധി റോഡുകൾ തകർന്ന് ഗതാഗതം താറുമാറാകുകയും ചെയ്തു. പ്രളയത്തിൽ നിരവധി വാഹനങ്ങളാണ് ഒഴുകിപ്പോയത്.
14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും അഞ്ഞൂറോളം രക്ഷാപ്രവർത്തകരും രക്ഷാദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. മരങ്ങളും ചെളിയും കല്ലുകളും അടിഞ്ഞുകിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാണ്. ടെക്സസിന്റെ പടിഞ്ഞാറും മധ്യഭാഗത്തും വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
പ്രളയത്തെ ദുരന്തമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാരിന് ഫെഡറൽ സഹായം നൽകണമെന്ന് പ്രസിഡന്റ് ട്രംപിനോട് അഭ്യർഥിച്ചതായി ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. അഭ്യർഥന ട്രംപ് അംഗീകരിക്കുമെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ പറഞ്ഞത്.
Tags :