ADVERTISEMENT
റിയോ ഡി ഷെനേറോ: ബ്രിക്സ് കൂട്ടായ്മയിൽ ചേരുന്ന രാജ്യങ്ങൾക്കു മേൽ പത്തുശതമാനം ചുങ്കം ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഞായറാഴ്ച ബ്രസീലിലെ റിയോ ഡി ഷെനേറോയിൽ ബ്രിക്സ് ഉച്ചകോടി ആരംഭിച്ചതിനു പിന്നാലെയായിരുന്നു ട്രംപിന്റെ ഭീഷണി.
ട്രംപ് വിവിധ രാജ്യങ്ങൾക്കുമേൽ ചുങ്കം ചുമത്തിയത് ആഗോള വാണിജ്യത്തിനു ഭീഷണിയാണെന്ന് ഉച്ചകോടിയുടെ ഉദ്ഘാടനത്തിൽ ബ്രിക്സ് രാജ്യങ്ങൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ആരോപിച്ചിരുന്നു.
ബ്രിക്സിന്റെ അമേരിക്കാവിരുദ്ധ നയങ്ങളോടു ചേരുന്ന രാജ്യങ്ങൾക്കുമേൽ പത്തു ശതമാനം അധികച്ചുങ്കം ചുമത്തുമെന്നും ഇതിൽ ഒഴികഴിവ് ഉണ്ടാകില്ലെന്നും മണിക്കൂകൾക്കുള്ളിൽ ട്രംപ് സോഷ്യൽ മീഡിയയിൽ മറുപടി നല്കുകയായിരുന്നു. അതേസമയം ബ്രിക്സിന്റെ അമേരിക്കാവിരുദ്ധ നയങ്ങളെന്താണെന്നു ട്രംപ് വിശദീകരിച്ചില്ല.
വാണിജ്യ യുദ്ധങ്ങൾ, പശ്ചിമേഷ്യയിലേത് അടക്കമുള്ള സംഘർഷങ്ങൾ തുടങ്ങിയ ആഗോള പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുന്നതിൽ ജി ഏഴ്, ജി 20 കൂട്ടായ്മകൾ പരാജയപ്പെടുന്നതിനിടെ ബ്രിക്സിനു പ്രാധാന്യം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽകൂടിയാണ് ട്രംപിന്റെ ഭീഷണി.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക രാജ്യങ്ങൾ ചേർന്നാരംഭിച്ച ബ്രിക്സിൽ ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, യുഎഇ എന്നിവരടക്കം ഇപ്പോൾ പത്ത് അംഗങ്ങളുണ്ട്. 30 രാജ്യങ്ങൾ ബ്രിക്സിൽ പൂർണമായോ ഭാഗികമായോ അംഗത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
ശീതയുദ്ധകാലത്തെ ചേരിചേരാ പ്രസ്ഥാനത്തിനു തുല്യമാണ് ബ്രിക്സ് എന്നാണ് ബ്രസീലിയൻ പ്രസിഡന്റ് ലുലാ ഡാ സിൽവ ഉച്ചകോടിയുടെ ഉദ്ഘാടനത്തിൽ പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൾ റാമഫോസ എന്നിവർ ഉച്ചകോടിയിൽ നേരിട്ടു സംബന്ധിക്കുന്നുണ്ട്. റഷ്യൻ പ്രസിഡന്റ് പുടിൻ വീഡിയോ ലിങ്കിലൂടെയാണു പങ്കെടുക്കുന്നത്. ചൈനയിൽനിന്നു പ്രധാനമന്ത്രിയാണ് എത്തിയത്.
Tags :