ADVERTISEMENT
യഹൂദ കുടിയേറ്റക്കാരും പലസ്തീനികളും തമ്മിലുള്ള സംഘർഷം ഗാസായുദ്ധം ആരംഭിച്ചതോടുകൂടി തീവ്രമായിരിക്കുകയാണ്. ജോർദാൻനദിക്കു പടിഞ്ഞാറ്, പലസ്റ്റൈൻ ഓട്ടോണമസ് അഥോറിറ്റിയുടെ കീഴിലുള്ള പ്രദേശമാണ് വെസ്റ്റ് ബാങ്ക്. യൂദയായിലും സമറിയായിലുമായി വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശത്ത് അറബ് വംശജരായ മുസ്ലിംകളും ക്രൈസ്തവരുമാണ് താമസിക്കുന്നത്. കൃഷിയും കാലിവളർത്തലുമാണ് അവരുടെ മുഖ്യവരുമാനമാർഗം. നൂറ്റാണ്ടുകളായി അവർ താമസിച്ചു പോരുന്ന ഈ സ്ഥലങ്ങളിൽനിന്ന് അവരെ കുടിയിറക്കി യഹൂദരെ കുടിയിരുത്താനുള്ള ഇസ്രയേലിന്റെ നീക്കം ശക്തമാകുന്നത് 1967ലെ ആറു ദിവസത്തെ യുദ്ധത്തിനുശേഷമാണ്. അന്തർദേശീയ ഏജൻസികൾ നൽകുന്ന കണക്കുകൾപ്രകാരം ഏതാണ്ട് 160ലേറെ യഹൂദകോളനികളാണ് വെസ്റ്റ്ബാങ്കിലും കിഴക്കൻ ജറൂസലെമിലുമായി ഇപ്പോഴുള്ളത്. ഈ കോളനികളത്രയും പണിതിട്ടുള്ളത് പലസ്തീനികളുടെ മണ്ണ് കൈയടക്കിയാണ്.
ഇക്കഴിഞ്ഞയാഴ്ച വെസ്റ്റ്ബാങ്കിൽ, ജറൂസലെമിൽനിന്നു 30 കി.മീ. വടക്കായി കിടക്കുന്ന തായ്ബെഗ്രാമം ലോക മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ സ്ഥാനം പിടിച്ചു. എഡി ഒന്നാം നൂറ്റാണ്ടുമുതൽ ഇടമുറിയാത്ത ക്രൈസ്തവ സാന്നിധ്യമുള്ള ഒരു പലസ്തീനി ഗ്രാമമാണ് തായ്ബെ. ബൈബിളിലെ പഴയനിയമത്തിൽ ഓഫ്റാ എന്നും പുതിയ നിയമത്തിൽ എഫ്രായിം എന്നു പരാമർശിച്ചിരിക്കുന്ന തായ്ബെയിലെ ജനസംഖ്യ ഏകദേശം 1500 ആണ്. ഗ്രീക്ക് ഓർത്തഡോക്സ്, ലത്തീൻ കത്തോലിക്കാ, ഗ്രീക്ക് മെൽകൈറ്റ് കത്തോലിക്കാ വിഭാഗങ്ങളിൽപ്പെട്ടവരാണ് ഇവർ. ഈ മൂന്നു വിഭാഗങ്ങൾക്കും ഓരോ ഇടവകപ്പള്ളികളും ഓരോ വികാരിമാരുമുണ്ട്. വളരെ സമാധാനമായി കഴിഞ്ഞുകൂടുന്ന ഈ ക്രൈസ്തവർ പൊതുവായാണ് ക്രിസ്മസും ഈസ്റ്ററും ആഘോഷിക്കുന്നത്.
യോഹന്നാന്റെ സുവിശേഷത്തിലെ വിവരണമനുസരിച്ച്, ലാസറിനെ ഉയിർപ്പിച്ചതിനുശേഷം യേശു പോയി താമസിച്ച പ്രദേശമാണ് എഫ്രായിം. അതുകൊണ്ടുതന്നെ നിവാസികൾക്ക് വൈകാരികമായി ഏറെ അടുപ്പമുള്ള ഒരു സ്ഥലം. എഡി അഞ്ചാം നൂറ്റാണ്ടുമുതൽ നിലവിലുള്ളതാണ് ഇവിടത്തെ സെന്റ് ജോർജ് പള്ളി. അതിപുരാതനമായ മറ്റു ചില നിർമിതികളും പുരാവസ്തുപരമായ അവശിഷ്ടങ്ങളും ഇവിടെയുണ്ട്. ജൂലൈ എട്ടിന് പുറത്തുവന്ന റിപ്പോർട്ടുപ്രകാരം തായ്ബെയ്ക്കു സമീപമുള്ള റിമോണിം യഹൂദ കോളനിയിൽനിന്നുള്ള ആളുകൾ തായ്ബെയിലെ ചില പുരാതന കെട്ടിടങ്ങൾക്കും കൃഷിസ്ഥലങ്ങൾക്കും തീയിടുകയും തദ്ദേശീയരെ ആക്രമിക്കുകയും ചെയ്തു. അവരുടെ ഒലിവുതോട്ടങ്ങൾക്കും ധാന്യവയലുകൾക്കും പലപ്പോഴും തീയിട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് കെട്ടിടങ്ങൾക്കു തീയിടുന്നത്. ധാന്യവയലുകളിൽതന്നെ കന്നുകാലികളെ മേയാൻ വിടുന്നതും പതിവാണ്. ആളുകളെ ഭീഷണിപ്പെടുത്തുന്നതും കൈയേറ്റം ചെയ്യുന്നതും സാധാരണവും. റിമോണിം കോളനി തന്നെ നിർമിച്ചിരിക്കുന്നത് തായ്ബെയിൽനിന്നു പിടിച്ചെടുത്ത ഭൂമിയിലാണ്.
ഈ അതിക്രമങ്ങൾ കാരണം ഒലിവുതോട്ടങ്ങളിൽ പണിയെടുക്കാൻ പോകാൻ ആളുകൾക്കു ഭയമാണ്. കഴിഞ്ഞ വർഷമാണ് വിളവെടുപ്പിനു പാകമായ ഏതാനും തോട്ടങ്ങൾ കത്തിച്ചു ചാന്പലാക്കിയത്. “ഞങ്ങളുടെ കൃഷിഭൂമി സ്വന്തമാക്കുകയാണ് അവരുടെ ലക്ഷ്യം. ഞങ്ങളുടെ കാർഷിക വിളകളും ഉപകരണങ്ങളും നശിപ്പിക്കുകയും മോഷ്ടിക്കുകയും ചെയ്യുന്ന അവർക്ക് ആരെയും ഭയമില്ല. ഞങ്ങളെ ഇവിടെനിന്ന് ആട്ടിപ്പായിക്കുകയാണ് അവരുടെ ലക്ഷ്യം.”- ലത്തീൻ ഇടവകപ്പള്ളിയിലെ വികാരിയായ ഫാ. ബഷാർ ഫവാദ്ലി പറയുന്നു. തങ്ങൾ സമാധാനപ്രിയരാണ്. തങ്ങൾ ആർക്കും ഒരു തടസവും സൃഷ്ടിക്കുന്നില്ല. തങ്ങൾക്ക് ഒരായുധവും ഇല്ലെന്ന് അദ്ദേഹം തുടരുന്നു.
ജൂലൈ എട്ടിന് മൂന്ന് ഇടവകവികാരിമാരും കൂടി ഒരു തുറന്ന കത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. പലസ്തീനായിലെ തന്നെ ഏറ്റവും പഴക്കമുള്ള, എഡി അഞ്ചാം നൂറ്റാണ്ടിൽ നിന്നുള്ള സെന്റ് ജോർജ് പള്ളിക്കു തീവച്ചതും സെമിത്തേരി നശിപ്പിക്കാൻ ശ്രമിച്ചതും വയലുകളിൽ കന്നുകാലികളെ ഇറക്കിവിട്ടതുമൊക്കെ അതിൽ വിവരിക്കുന്നുണ്ട്. നിയമപാലകരും മറ്റ് അധികാരികളും ഒന്നും കണ്ടില്ലെന്നു നടിക്കുന്നു. തായ്ബെയുടെ കിഴക്കൻ പ്രദേശത്ത് സ്ഥലങ്ങൾ കൈയടക്കി വരികയാണ്. വെസ്റ്റ്ബാങ്കിലുള്ള ഏക ക്രൈസ്തവ ഗ്രാമമാണ് തായ്ബെ. കഴിഞ്ഞവർഷം മാത്രം ഒരു ഡസൻ കുടുംബങ്ങളാണ് തായ്ബെയിൽനിന്ന് ഒഴിഞ്ഞുപോയത്. കത്തിൽ നാല് ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തായ്ബെയിലെ തീവയ്പും കൈയേറ്റവും സൂതാര്യമായി അന്വേഷിക്കുക, കൈയേറ്റക്കാരെ നിലയ്ക്കു നിർത്താൻ വിദേശരാജ്യങ്ങൾ നയതന്ത്രമാർഗങ്ങൾ സ്വീകരിക്കുക, സ്ഥിതിഗതികൾ നേരിട്ടു മനസിലാക്കാൻ അന്തർദേശീയ സഭാഗ്രൂപ്പുകൾ തയാറാകുക, തായ്ബെയിൽ ആളുകളെ സാന്പത്തിക-കാർഷിക- സംരംഭകത്വ പരിശ്രമങ്ങളിലൂടെ സഹായിക്കുക.
ഇസ്രയേലിലെ പ്രധാന ക്രൈസ്തവ സഭകളുടെ നേതാക്കന്മാർ ജൂലൈ 14ന് തായ്ബെ സന്ദർശിക്കുകയുണ്ടായി. പ്രതിസന്ധികളുടെ മധ്യത്തിൽ സധൈര്യം ഉറച്ചുനിൽക്കുന്ന ക്രൈസ്തവരെ അവർ ശക്തിപ്പെടുത്തുകയും പിന്തുണയ്ക്കുകയും ചെയ്തു. “നിങ്ങൾക്കിവിടെ ഭാവിയില്ല” എന്നെഴുതിയ ബോർഡ് സ്ഥാപിച്ച യഹൂദ തീവ്രവാദി സംഘങ്ങളുടെ ഭീഷണി യഥാർഥമാണെന്ന് അവരുടെ സന്ദർശനം വ്യക്തമാക്കി. സമാധാനകാംക്ഷികളായ തായ്ബെയിലെ ക്രൈസ്തവരുടെ ജീവൻമരണ പ്രശ്നത്തിൽ അന്തർദേശീയ സമൂഹം ഇടപെടണമെന്നു ജറൂസലെമിലെ ലത്തീൻ പാത്രിയർക്കീസ് കർദിനാൾ പിയർ ബാത്തിസ്ത പിസബല്ലയും ഓർത്തഡോക്സ് പാത്രിയർക്കീസ് തെയോഫിലോസ് മൂന്നാമനും ഉൾപ്പെട്ട പ്രതിനിധിസംഘം ആവശ്യപ്പെട്ടു. ജോർദാനിലെ അബ്ദുള്ള രണ്ടാമൻ രാജാവും കൈയേറ്റക്കാരെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നു. മെത്രാന്മാരുടെ സന്ദർശനത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിൽ തായ്ബെയിലെ നിരവധി കർഷകരാണ് തങ്ങളുടെ ദുരനുഭവങ്ങൾ വിവരിച്ചത്. തായ്ബെയുടെ അയൽഗ്രാമമായ കഫർ മാലിക്കിൽ കഴിഞ്ഞമാസം മൂന്നു പലസ്തീനികളെ വെടിവച്ചുകൊല്ലുകയും കാറുകളും കെട്ടിടങ്ങളും അഗ്നിക്കിരയാക്കുകയുമുണ്ടായി. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇസ്രയേലിലെ ക്രൈസ്തവർ പലതരത്തിലുള്ള പ്രശ്നങ്ങളാണ് യഹൂദതീവ്രവാദികളിൽനിന്ന് നേരിടുന്നത്. ശാരീരിക ആക്രമണങ്ങൾ, സെമിത്തേരികളും കെട്ടിടങ്ങളും നശിപ്പിക്കൽ, തിരുക്കർമങ്ങൾ തടയൽ, തീർഥാടകരുടെ മേൽ തുപ്പുക, അസഭ്യവർഷം നടത്തുക തുടങ്ങിയ നിരവധി അതിക്രമങ്ങൾ അവർ നേരിടുന്നതായി ഇസ്രേലി മാധ്യമങ്ങൾതന്നെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജറൂസലെമിലെ റോസിംഗ് സെന്റർ ഇത്തരം കാര്യങ്ങളുടെ വിവരശേഖരണം നടത്തിയിട്ടുണ്ട്.
വെസ്റ്റ് ബാങ്കിലെ പലസ്തീനിയൻ പ്രദേശങ്ങളിൽ കൈയേറ്റവും അതിക്രമവും നടത്തുന്നത് ഹിൽടോപ് യൂത്ത് എന്ന പേരിൽ അറിയപ്പെടുന്ന തീവ്രവലതുപക്ഷ യഹൂദ നിലപാടുകളുള്ള ചെറുപ്പക്കാരാണ്. ഇസ്രേലി, പലസ്തീനി നിയമപാലകരെപ്പോലും ആക്രമിക്കുന്ന ഈ പ്രസ്ഥാനത്തെ ഭീകരവാദ ഗ്രൂപ്പായി യുഎസ്എ, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ മറ്റു ഭാഗങ്ങളിലും ക്രൈസ്തവർക്കെതിരേ അതിയാഥാസ്ഥിതികരായ യഹൂദ ഗ്രൂപ്പുകൾ ആക്രമണം അഴിച്ചുവിടുന്നുണ്ട്. ഹൈഫയിലെ സ്റ്റെല്ലാ മാരിസ് ആശ്രമം, ലാട്രൂണിലെ സിസ്റ്റേഴ്സ്യൻ ആശ്രമം, സിയോൻ കുന്നിലെ ഡോർമിഷൻ ആബി, തബ്ഗയിലെ ബനഡിക്ടൈൻ ആബി, ഈസ്റ്റ് ജറൂസലെമിലെ കപ്പൂച്ചിൻ ആശ്രമമായ ഫ്ലാജല്ലേഷൻ മൊണാസ്ട്രി എന്നിവയുൾപ്പെടെ നിരവധി ക്രൈസ്തവസ്ഥാപനങ്ങളെ യഹൂദമതമൗലികവാദികൾ ആക്രമിച്ചിട്ടുണ്ട്. ജറൂസലെം ഓൾഡ് സിറ്റിയിലെ വിവിധ പാട്രിയർക്കേറ്റുകളുടെ കെട്ടിടങ്ങളും ഭൂമിയും ലക്ഷ്യംവച്ചുകൊണ്ട് മുനിസിപ്പാലിറ്റിതന്നെ നീങ്ങുന്നതായും ആരോപണമുണ്ട്.
ദ് റിലിജിയസ് ഫ്രീഡം ഡാറ്റാ സെന്റർ പ്രസിദ്ധീകരിച്ച പാദവാർഷിക റിപ്പോർട്ടിൽ ഈവർഷം ഏപ്രിൽ-ജൂൺ മാസങ്ങളിൽ ഇസ്രയേലിൽ 50 ക്രൈസ്തവവിരുദ്ധ അതിക്രമങ്ങൾ നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. റോസിംഗ് സെന്ററിന്റെ കണക്കനുസരിച്ച് 2024ൽ ഇത്തരം 111 സംഭവങ്ങളുണ്ടായി. ഇസ്രയേലിലെ ചീഫ് റബ്ബിമാരായ യിറ്റ്സാക്ക് യോസെഫും ഡേവിഡ് ലൗവും ഈ അതിക്രമങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ചിട്ടുണ്ട്. അമേരിക്കൻ ആഭ്യന്തരവകുപ്പ് ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങളിലുള്ള ഉത്കണ്ഠ ഇസ്രേലി ഭരണകൂടത്തെ അറിയിച്ചിട്ടുണ്ടെന്ന് അമേരിക്കൻ മാധ്യമങ്ങൾ വെളിപ്പെടുത്തി.
ഒരുകോടിയോളം വരുന്ന ഇസ്രയേൽ ജനസംഖ്യയിൽ കഷ്ടിച്ച് രണ്ടുലക്ഷം പേരാണ് ക്രൈസ്തവർ. അവരിൽ 80 ശതമാനംപേരും അറബ് വംശജരാണ്. 2023ലെ കണക്കുപ്രകാരം ഇസ്രയേലിലെ ക്രൈസ്തവജനസംഖ്യ അരശതമാനം കൂടിയിട്ടുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ക്രൈസ്തവരുടെ എണ്ണം ഇത്രയെങ്കിലും കൂടിയിട്ടുള്ളത് ഇസ്രയേലിൽ മാത്രമാണ്. ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്ന 78 രാജ്യങ്ങളുടെ പട്ടികയിൽ ഇസ്രയേൽ 78-ാം സ്ഥാനത്താണെന്ന് ഓപ്പൺ ഡോർസ് എന്ന സന്നദ്ധസംഘടന പറയുന്നു. ഇസ്രയേലിൽ (വെസ്റ്റ്ബാങ്കിലും) ക്രൈസ്തവരെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നതു തീവ്രഇസ്ലാമിസ്റ്റുകളാണ്. ബേത്ലെഹെം ആണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. 1950ൽ അവിടത്തെ ജനസംഖ്യയുടെ 86 ശതമാനം ക്രൈസ്തവരായിരുന്നെങ്കിൽ അത് 2017ൽ പത്തു ശതമാനമായി താഴ്ന്നു. വെസ്റ്റ്ബാങ്കിൽ 1922ൽ 11 ശതമാനമായിരുന്നു. ഇന്നത് നാമമാത്രമായി. ഹമാസ് അധികാരത്തിലെത്തുന്പോൾ 5,000 ക്രൈസ്തവരുണ്ടായിരുന്ന ഗാസയിൽ 2023 ഒക്ടോബറിൽ അവർ 1,000 പേരായി ചുരുങ്ങി.
തായ്ബെ ഒരു അപവാദമാണ്. ക്രൈസ്തവ പലായനം മറ്റു സ്ഥലങ്ങളിൽ തുടർക്കഥയാകുന്പോൾ തായ്ബെ നിവാസികൾ അല്പംകൂടി ശ്രമിക്കുന്നു, പിടിച്ചുനിൽക്കാൻ. എത്രനാൾ അവർക്കതു സാധിക്കും എന്ന് ചരിത്രം മറുപടി പറയും. യഹൂദ കുടിയേറ്റക്കാർ പിടിച്ചെടുത്ത് അടുത്തകാലത്ത് തായ്ബെയിൽ സ്വന്തമാക്കിയത് 1,690 ഹെക്ടർ കൃഷിഭൂമിയാണ്. അവരവിടെ ഒരു ഔട്ട്പോസ്റ്റ് സ്ഥാപിച്ചു. വയലുകളും ഒലിവ് തോട്ടങ്ങളും പച്ചക്കറിപ്പാടങ്ങളും കൃഷിഭൂമികളും ഉൾപ്പെടെ ഈ പ്രദേശം തായ്ബെയുടെ സാന്പത്തിക, കാർഷിക പ്രവർത്തനങ്ങളുടെ നട്ടെല്ലായിരുന്നു. “ശത്രുക്കൾ ഞങ്ങളെ വലയം ചെയ്തിരിക്കുന്നു. ഞങ്ങൾക്കിവിടെ സമാധാനമില്ല. ഭയമാണു ഞങ്ങളുടെ സഹചാരി. ആയുധങ്ങൾ ഞങ്ങളുടെ തലയ്ക്കു നേരേ ചൂണ്ടിയിരിക്കുന്നു. ഞങ്ങളുടെ പിതാക്കന്മാർ നട്ടുപിടിപ്പിച്ച ഒലിവ് തോട്ടങ്ങളിലും കൃഷിചെയ്ത ഗോതന്പ് പാടങ്ങളിലും അവരുടെ പശുക്കൾ മേയുന്നു, ഞങ്ങളുടെ വീടുകൾക്കടുത്തുതന്നെ. ഇതൊരു യുദ്ധമാണ്-സാന്പത്തികയുദ്ധം. അത്രമാത്രം.”- തായ്ബെയിലെ സെന്റ് ജോർജ് പള്ളിവികാരി ഫാ. ഫവാദ്ലി പറയുന്നു.
Tags :