ADVERTISEMENT
പാരീസ്: ഫ്രാൻസ് നിർമിക്കുന്ന റഫാൽ വിമാനങ്ങളുടെ കരുത്തിനെ സംബന്ധിച്ച് വ്യാജപ്രചാരണങ്ങൾ നടത്താൻ ചൈന തങ്ങളുടെ എംബസികൾ വഴി ശ്രമിച്ചുവെന്ന് ഫ്രഞ്ച് സൈനിക, ഇന്റലിജൻസ് ഉദ്യോഗസ്ഥർ.
ഇന്തോനേഷ്യ അടക്കം റഫാൽ വിമാനങ്ങൾക്ക് ഓർഡർ നൽകിയ രാജ്യങ്ങളെ പിൻതിരിപ്പിക്കാനും അവരെ ചൈനീസ് നിർമിത വിമാനങ്ങളിലേക്ക് ആകർഷിക്കാനും ശ്രമിച്ചുവെന്നാണ് ഫ്രഞ്ച് ഇന്റലിജൻസ് ഏജൻസികളുടെ കണ്ടെത്തൽ.
ഓപ്പറേഷൻ സിന്ദൂറിനു ശേഷമാണ് ഇന്ത്യ ഉപയോഗിച്ച റഫാൽ വിമാനങ്ങളും, പാക്കിസ്ഥാൻ ഉപയോഗിച്ച ചൈനീസ് നിർമിത യുദ്ധവിമാനങ്ങളും തമ്മിൽ സൈനിക ഉദ്യോഗസ്ഥരും ഗവേഷകരും താരതമ്യം ചെയ്യാനാരംഭിച്ചത്. ഫ്രാൻസ് തങ്ങളുടെ മികച്ച പ്രതിരോധ ഉത്പന്നങ്ങളിലൂടെ ഏഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ്.
ഏഷ്യയിലെ വൻശക്തിയായി വളർന്നുവരാൻ ആഗ്രഹിക്കുന്ന രാജ്യമാണു ചൈന. ഓപ്പറേഷൻ സിന്ദൂർ നടക്കവേ, മൂന്ന് റഫാൽ വിമാനങ്ങളടക്കം അഞ്ച് ഇന്ത്യൻ വിമാനങ്ങൾ തകർത്തുവെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടിട്ടുണ്ട്. ഇതും റഫാലിന്റെ ഗുണമേന്മയെ ചോദ്യം ചെയ്യാൻ പലരെയും പ്രേരിപ്പിച്ചിട്ടുണ്ടെന്ന് ഫ്രാൻസ് കരുതുന്നു. പാക്കിസ്ഥാനും സഖ്യകക്ഷിയായ ചൈനയും ചേർന്ന് റഫാലിനെ ഇകഴ്ത്തിക്കാട്ടാൻ ഓൺലൈൻ കാംപയ്നുകൾ നടത്തുവെന്നും കണ്ടെത്തിയിട്ടുണ്ട്.
Tags :