ADVERTISEMENT
തബൂക്ക്: സൗദിയിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം. തബൂക്കിൽ നിന്നും 200 കിലോമീറ്ററോളം അകലെ ദുബാ- ഷർമാ ചെങ്കടൽ പ്രദേശ റോഡിൽ വച്ചുണ്ടായ അപകടത്തിൽ കൊല്ലം, കടയ്ക്കൽ, മതിര,ചെക്കിട്ടമുക്ക് സ്വദേശി കാനാറ പുത്തൻ വീട്ടിൽ, അരുൺ സുരേഷ്(28) മരിച്ചു.
അപകടത്തിൽ അരുണിനൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റൊരാളും മരിച്ചു. തിങ്കളാഴ്ച രാത്രി പന്ത്രണ്ടോടെ നടന്ന അപകടത്തിൽ തീപിടിച്ച വണ്ടിയുടെ കാബിനുള്ളിൽ ഉണ്ടായിരുന്ന ഇരുവരും പൊള്ളലേറ്റാണ് മരിച്ചത്.
മൃതദേഹം അൽ വാജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
വാഹനം ഓടിച്ചിരുന്നു അരുൺ ദമാമിലെ സ്വകാര്യ കമ്പനിയിൽ ഡൈന മിനി ട്രക്ക് ഡ്രൈവറായിരുന്നു. ഞായറാഴ്ച ദമാമിൽ നിന്നും സാധനങ്ങൾ കയറ്റി തബൂക്കിലെത്തിയതായിരുന്നു.
ലോഡിറക്കിയതിനു ശേഷം തബൂക്കിൽ നിന്നും ദുബാ പട്ടണത്തിന് സമീപമുള്ള ഷർമായിലേക്കുള്ള യാത്രയിൽ മുന്നിൽ പോയ ട്രെയിലറിനു പിന്നിലിടിച്ചാണ് അപകടമെന്നാണ് വിവരം. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അരുണിനൊപ്പം ഉണ്ടായിരുന്ന വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
നിയമനടപടികൾ പൂർത്തികരിക്കുന്നതിന് ദമാമിൽ നിന്നുള്ള കമ്പനി പ്രതിനിധികൾക്കൊപ്പം അൽ വാജിലെ കെഎംസിസി പ്രവർത്തകർ സഹായവുമായി രംഗത്തുണ്ട്.
Tags :