ADVERTISEMENT
ഏരിയ നേതൃത്വം പൂട്ടിയ ഓഫീസ് ലോക്കലിലെ ഒരു വിഭാഗം കുത്തിത്തുറന്നു
കൽപ്പറ്റ: പുൽപ്പള്ളി ഏരിയ കമ്മിറ്റി അംഗം എ.വി. ജയനെ തരംതാഴ്ത്തിയതിനു പിന്നാലെ സിപിഎം പൂതാടി ലോക്കലിൽ കലഹത്തിന് മുറുക്കം. വെള്ളിയാഴ്ച ലോക്കൽ സെക്രട്ടറി ജിഷ്ണു ഷാജിയിൽനിന്നു താക്കോൽ വാങ്ങി ഏരിയ നേതൃത്വം പൂട്ടിയ ഓഫീസ് ഇന്നലെ രാവിലെ ലോക്കലിലെ ഒരു വിഭാഗം താഴ് തകർത്ത് തുറന്നു.
കർഷക സംഘം ജില്ലാ പ്രസിഡന്റുമായ ജയനെതിരായ നടപടി അനുചിതവും അനാവശ്യവുമാണെന്നു കരുതുന്ന പാർട്ടി പ്രവർത്തകരിൽ ഒരു വിഭാഗമാണ് ഏരിയ നേതൃത്വം പൂട്ടിയ ഓഫീസ് തുറന്ന് അകത്തുകയറിയത്. ഇത് പാർട്ടി ഏരിയ, ജില്ലാ നേതൃത്വത്തെ വെട്ടിലാക്കി.
2019ൽ നടത്തിയതായി പറയുന്ന സാന്പത്തിക ക്രമക്കേടുകളുടെ പേരിൽ ജയനെ പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കാൻ ജൂണ് 10ന് ചേർന്ന ഏരിയ കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്. തീരുമാനം ഏരിയ കമ്മിറ്റി ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തിന് വിട്ടതിനു പിന്നാലെ ജയൻ അപ്പീൽ നൽകി. ഇതു പരിഗണിച്ച ജില്ലാ കമ്മിറ്റി ജയനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനാണ് തീരുമാനിച്ചത്.
പാർട്ടി ജില്ലാ, ഏരിയ കമ്മിറ്റികളിലെ ഒരു വിഭാഗം നടത്തിയ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ജയനെതിരായ നടപടിയെന്നു കരുതുന്നവരുണ്ട്. മാരക രോഗം ബാധിച്ച യുവാവിന്റെ ചികിത്സയ്ക്ക് ജയന്റെ നേതൃത്വത്തിൽ ധനസമാഹരണം നടത്തിയിരുന്നു. സമാഹരിച്ച തുക യുവാവിന്റെ കുടുംബത്തിനു കൈമാറി.
ചികിത്സയ്ക്കിടെ യുവാവ് മരണപ്പെട്ടതിനെത്തുടർന്ന് കുടുംബം അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്ന തുക ചികിത്സാ സഹായ കമ്മിറ്റിയെ ഏൽപ്പിച്ചു. പിന്നീട് സിപിഎം നെല്ലിക്കര ബ്രാഞ്ച് കമ്മിറ്റി ഓഫീസ് നിർമാണത്തിനു ഭൂമി വാങ്ങുന്നതിന് പണം ആവശ്യമായിവന്നു.
പ്രദേശത്തെ പാർട്ടി പ്രവർത്തകരിൽ ഭൂരിഭാഗവും ആവശ്യപ്പെട്ടതിനെത്തുടർന്ന് ചികിത്സാസഹായനിധിയിൽ ബാക്കിയുണ്ടായിരുന്ന തുകയിയിൽ ഒരു ഭാഗം നെല്ലിക്കര ബ്രാഞ്ച് സെക്രട്ടറിക്ക് ചെക്ക് മുഖേന വായ്പ നൽകി. ഈ തുക ഒരു വർഷത്തിനുശേഷം നെല്ലിക്കര ബ്രാഞ്ച് സെക്രട്ടറി തിരികെ ലഭ്യമാക്കി.
ജയനെതിരേ സാന്പത്തിക ക്രമക്കേട് ആരോപിച്ച് 2024 നവംബർ 24നാണ് ഏരിയ കമ്മിറ്റിയിൽ പരാതി എത്തിയത്. പാർട്ടി പ്രവർത്തകൻ സജിമോനായിരുന്നു പരാതിക്കാരൻ. ജയൻ സിപിഎം ജില്ലാ കമ്മിറ്റിയിൽ എത്തുന്നത് തടയുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഈ പരാതിയെന്ന് അടക്കം പറയുന്നവർ പുൽപ്പള്ളി ഏരിയ, കേണിച്ചിറ ലോക്കൽ കമ്മിറ്റികളിലുണ്ട്.
നവംബർ 27, 28 തീയതികളിൽ പുൽപ്പള്ളി ചെറ്റപ്പാലത്തായിരുന്നു ഏരിയ സമ്മേളനം. ജയനെതിരായ ആരോപണം സമ്മേളനത്തിൽ ചർച്ചയ്ക്കുവന്നു. ആരോപണം അന്വേഷിക്കുന്നതിന് ജനുവരിയിൽ ഏരിയ കമ്മിറ്റി പി.ജെ. പൗലോസ്, ബിന്ദു പ്രകാശ്, ഇ.കെ. രാഘവൻ എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചു. സമിതി ജൂണ് പത്തിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.
സാന്പത്തിക ഇടപാടുകളിൽ ജയൻ വ്യക്തിപരമായി കുറ്റക്കാരനല്ലെന്നും എന്നാൽ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച ഉണ്ടായെന്നുമായിരുന്നു റിപ്പോർട്ടിൽ. അതേദിവസം ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിലായിരുന്നു ജയനെ പാർട്ടി സ്ഥാനങ്ങളിൽനിന്നു നീക്കാനുള്ള തീരുമാനം.
അതിനിടെ, ജയനെതിരേ സിപിഎം ഏരിയ കമ്മിറ്റി സ്വീകരിച്ച അച്ചടക്കനടപടിയിൽ വിശദീകരണവുമായി ജില്ലാ കമ്മിറ്റി രംഗത്തുവന്നു. ജീവകാരുണ്യപ്രവർത്തനത്തിനു സ്വരൂപിക്കുന്ന പണം ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് അങ്ങേയറ്റം തെറ്റായ നടപടിയാണെന്നു വിശദീകരണക്കുറിപ്പിൽ പറയുന്നു.
ചികിത്സാസഹായത്തിനു സമാഹരിച്ച പണം പൂർണമായും കുടുംബത്തിന് കൈമാറുന്നതിൽ ജയന് സംഭവിച്ച വീഴ്ചയുടെ അടിസ്ഥാനത്തിൽ തെറ്റുതിരുത്തൽ നടപടിയുടെ ഭാഗമായാണ് ജയനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. പരാതി അന്വേഷിച്ചതും നടപടി സ്വീകരിച്ചതും ഏരിയ കമ്മിറ്റിയാണെന്നും കുറിപ്പിൽ പറയുന്നു.
ജയനെതിരായ നടപടിയെ കേണിച്ചിറ ലോക്കലിലെ ഒരു വിഭാഗം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അങ്ങനെ സറണ്ടർ ചെയ്യാൻ തീരുമാനിച്ചിട്ടില്ലെന്ന് കേണിച്ചിറയിലെ സിപിഎം പ്രവർത്തകരിൽ ഒരാൾ പറഞ്ഞു.