കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ കെട്ടിടം തകർന്ന് സ്ത്രീ മരിച്ചതും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയാ ഉപകരണങ്ങളില്ലെന്നു ഡോക്ടർ ചൂണ്ടിക്കാണിച്ചതും, പുറത്തുവരുന്ന മറ്റു സർക്കാർ ആശുപത്രികളിലെ പരിമിതികളുമൊക്കെ സർക്കാരിന്റെ വീഴ്ചയാണ്.
പക്ഷേ, അതു ചൂണ്ടിക്കാണിക്കുന്നവരോടുള്ള സർക്കാരിന്റെയും പാർട്ടിയുടെയും അസഹിഷ്ണുതയോടെയുള്ള പ്രതികരണങ്ങൾ ജനാധിപത്യത്തെക്കുറിച്ചുള്ള അവസരവാദങ്ങളെ തുറന്നുകാണിക്കുന്നു. കാരണം, യുപിയിലെ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ ഇല്ലാതിരുന്നതിനാൽ കുട്ടികൾ മരിച്ചതിൽ യോഗി സർക്കാരിനെ വിമർശിച്ച ഡോ. കഫീൽഖാന്റെ സഹജീവിസ്നേഹത്തെ പിന്തുണച്ചവരെയൊന്നും ഇപ്പോൾ കാണാനില്ല.
അതേ സഹജീവി സ്നേഹം പ്രകടിപ്പിച്ച കേരളത്തിലെ ഒരു ഡോക്ടർ തന്റെ പ്രതികരണം പ്രഫഷണൽ ആത്മഹത്യയായിപ്പോയെന്നു വിലപിക്കുന്നു. സ്വന്തം സർക്കാരിലൊഴികെ മറ്റെല്ലായിടത്തും നടപ്പാക്കാനുള്ളതാണ് ജനാധിപത്യമെന്നത് അവസരവാദമാണ്. കേരളത്തിലെ ആരോഗ്യരംഗം ഇന്ത്യയിൽത്തന്നെ മികച്ചതാണെന്നതിൽ ആർക്കും സംശയമില്ല. പക്ഷേ, അത് അടുത്തയിടെ കൈവരിച്ച നേട്ടമല്ല.
ജനങ്ങളുടെയും മാധ്യമങ്ങളുടെയും, ഓരോ കാലത്തെയും പ്രതിപക്ഷത്തിന്റെയും ജാഗ്രതയ്ക്ക് അതിൽ പങ്കുണ്ട്. മാറിമാറി വന്ന സർക്കാരുകളുടെ വീഴ്ചകളെ ചൂണ്ടിക്കാണിച്ച ആ ജനാധിപത്യ പ്രതികരണബോധമാണ് കേരളത്തെ പലതിലും മുന്നിലെത്തിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വകുപ്പിൽ ആവശ്യമായ ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയകൾ മുടങ്ങുന്നുവെന്ന് വകുപ്പ് മേധാവി ഡോ. ഹാരിസ് ഹസൻ ഫേസ്ബുക്കിൽ കുറിച്ചതോടെയാണ് വിവാദം തുടങ്ങിയത്.
അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത, രാഷ്ട്രീയ താത്പര്യങ്ങളില്ലാത്ത, രോഗികളോടു മാത്രം പ്രതിബദ്ധതയുള്ള ഡോക്ടർ ഹാരിസിനെ തള്ളിപ്പറയാൻ സർക്കാരിന് എളുപ്പമല്ലായിരുന്നു. അതുകൊണ്ട് ഒരടി പിന്നോട്ടു മാറി; ഉപകരണങ്ങൾ ആശുപത്രിയിലെത്തി. പക്ഷേ, തൊട്ടുപിന്നാലെ രണ്ടടി മുന്നോട്ടുവന്ന്, ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നെന്നു മുഖ്യമന്ത്രി പറഞ്ഞു.
നേതാവിന്റെ താത്പര്യം അറിഞ്ഞു മാത്രം ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്ന പാർട്ടിക്കാരെല്ലാം പിന്നാലെ മൂന്നടി മുന്നോട്ടു വരുന്നതാണു കണ്ടത്. ഇനിയാരെങ്കിലും എത്ര ഗതികെട്ടാലും ജനപക്ഷത്തു നിൽക്കുമോ? കോട്ടയം മെഡിക്കൽ കോളജിൽ ഇന്നലെ ആശുപത്രിക്കെട്ടിടം തകർന്ന് സ്ത്രീ മരിച്ചത് സർക്കാർ എന്തെങ്കിലും ചെയ്തിട്ടാണോ എന്നല്ല, എന്തെങ്കിലും ചെയ്യാതിരുന്നിട്ടാണോ എന്നാണു ചോദിക്കേണ്ടത്.
എങ്കിൽ അതേയെന്ന് ഉത്തരം പറയേണ്ടിവരും. കാരണം, കെട്ടിടം നിലവിൽ ഉപയോഗിക്കാത്തത് ആയതിനാൽ ആരും കുടുങ്ങിയിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജും മന്ത്രി വി.എൻ. വാസവനും പറഞ്ഞത്. അത് അവർക്ക് ഉദ്യോഗസ്ഥരിൽനിന്നു കിട്ടിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം. പക്ഷേ, അതന്വേഷിക്കണം. മരിച്ച സ്ത്രീയുടെ, ചികിത്സയിലുള്ള മകൾ പറഞ്ഞപ്പോഴാണ് തെരച്ചിൽ നടത്തിയതും കണ്ടെത്തിയതും. അപ്പോഴേക്കും രണ്ടര മണിക്കൂർ വൈകിയിരുന്നു.
ഒരു ജീവൻ പൊലിഞ്ഞു. തീർന്നില്ല, തകർന്നുവീഴാനിടയുള്ള ആ പഴഞ്ചൻ കെട്ടിടത്തിൽ പ്രവേശനം നിഷേധിച്ച് ഒരു ബോർഡുപോലും സ്ഥാപിച്ചിരുന്നില്ലെന്നാണ് രോഗികളുടെ കൂട്ടിരിപ്പുകാർ പറഞ്ഞത്. അതുകൊണ്ട് രോഗികളും ഒപ്പമുള്ളവരുമൊക്കെ അവിടത്തെ ശുചിമുറിയുൾപ്പെടെ ഉപയോഗിച്ചിരുന്നു. അതെ, ഉദ്യോഗസ്ഥർ ചെയ്യേണ്ടതു ചെയ്യാതിരുന്നതിന്റെ ഫലമാണ് ഇന്നലത്തെ മരണം.
കെടുകാര്യസ്ഥതയുടെ ഈ സിസ്റ്റത്തെയാണ് തിരുവനന്തപുരത്തെ ഡോ. ഹാരിസും ചൂണ്ടിക്കാണിച്ചത്. കഴിഞ്ഞദിവസത്തെ ദീപിക മുഖപ്രസംഗത്തിന്റെ തലക്കെട്ട് ആവർത്തിക്കുകയാണ്, സിസ്റ്റം ശരിയല്ലെങ്കിൽ ആരുടെ കുഴപ്പമാണ്?സർക്കാരിന്റെ ഭാഗമായിരുന്നുകൊണ്ട് അതിനെ വിമർശിക്കുന്നതു ശരിയാണോയെന്ന ചോദ്യവും ഗൗരവമുള്ളതാണ്.
ഒരു പാർട്ടിയുടെയോ സംഘടനയുടെയോ പ്രസ്ഥാനത്തിന്റെയോ ഭാഗമായിരുന്നുകൊണ്ട് അതിനെ അനാവശ്യമായി പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്നയാളെ പുറത്താക്കുന്നതുപോലെയല്ല, ജനാധിപത്യസർക്കാരിനെ വിമർശിക്കുന്നത്. സിസ്റ്റത്തിന്റെ മറ്റെല്ലാ വഴികളും അടഞ്ഞപ്പോൾ ജനങ്ങളുടെ കഷ്ടപ്പാട് സഹിക്കാനാവാതെയാണ് ഡോ. ഹാരിസ് പൊതുസമൂഹത്തിൽ തുറന്നുപറഞ്ഞത്. അദ്ദേഹം പറഞ്ഞതു ശരിയായിരുന്നെന്നു തെളിഞ്ഞു.
ഉപകരണങ്ങൾ ലഭ്യമാക്കിയതോടെ ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു. മറ്റെല്ലാ വഴികളും അടഞ്ഞിട്ടും ഒന്നും മിണ്ടാതെ സിസ്റ്റത്തിന്റെ ആനുകൂല്യങ്ങളും പറ്റി അലസനായിരുന്നെങ്കിൽ ഡോ. ഹാരിസ് സിസ്റ്റത്തിന്റെ നല്ലപിള്ളയാകുമായിരുന്നു. അത്തരമാളുകളും വിധേയരുമാണ് ഈ സിസ്റ്റത്തെ ഇവിടെയെത്തിച്ചത്. പക്ഷേ, അദ്ദേഹം ജനപക്ഷത്തു നിൽക്കാൻ ഒരു നിമിഷത്തേക്ക് സിസ്റ്റത്തെ മറന്നു.
ഇത് ജനാധിപത്യത്തിൽ കുറ്റമാണോയെന്ന ചർച്ച തുടരേണ്ടതുണ്ട്. 2018ൽ യുപി സർക്കാരിന്റെയും സിസ്റ്റത്തിന്റെയും വീഴ്ചകൾ ചൂണ്ടിക്കാണിച്ചപ്പോൾ, “സഹജീവികളോടുള്ള സ്നേഹമാണ് ഡോ. കഫീൽഖാനെപ്പോലുള്ളവർക്ക് എല്ലാറ്റിലും വലുത്”എന്നു പറഞ്ഞ മുഖ്യമന്ത്രിയും അദ്ദേഹത്തെ പിന്തുണച്ചവരുമൊക്കെ ഡോ. ഹാരിസിനു നേർക്ക് ഒളിഞ്ഞും മറഞ്ഞും അന്പെയ്യുന്പോൾ കേരളം തലകുനിക്കുന്നതിലും ഒന്നാംനന്പറാകുകയാണ്.
ജനാധിപത്യത്തെ പാർട്ടിക്കൊടികളിൽ കെട്ടിയിടുന്നത് ഇത്തരം അവസരവാദങ്ങളാണ്. അത്തരം അവസരവാദ പ്രതിബദ്ധതയും വിധേയത്വവും ജനാധിപത്യത്തിന്റെ ഭാഗമേയല്ല. പറഞ്ഞുപറഞ്ഞ് ഡോ. ഹാരിസിന്റേതു വിശുദ്ധ പാപങ്ങളാണെന്നു സമർഥിക്കുന്നത് രാഷ്ട്രീയമായിരിക്കാം; ആടിനെ മറ്റു ജീവികളാക്കുന്നതുപോലെ. പക്ഷേ, അതിനു റാൻ മൂളലല്ല പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ഉത്തരവാദിത്വം.