ADVERTISEMENT
കിരൺ ജെ.കെ.വി.
സൂക്ഷ്മ വൈദഗ്ധ്യം ആവശ്യമുള്ള ജോലികൾ കൈകൾകൊണ്ട് ചെയ്തു മികവുറ്റതാക്കാനുള്ള സിദ്ധിയും സയൻസിനോടുള്ള അഭിരുചിയും ഒത്തിണങ്ങിയവർക്ക് ഡെൻഡിസ്ട്രി മികച്ച ഫീൽഡാണ്. അനേകം സ്പെഷലൈസേഷനുകളുമായി വളർന്നു വികസിച്ച ഈ മേഖലയിൽ വ്യത്യസ്തമായ അവസരങ്ങൾ ധാരാളമുണ്ട്. ബിഡിഎസിന് ശേഷം സ്വന്തം ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യുക എന്നതിനപ്പുറമുള്ള ചില ഓപ്ഷനുകൾ ഇവയാണ്.
പബ്ലിക് ഹെൽത്ത്
പബ്ലിക് ഹെൽത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കുന്നവർ ക്ലിനിക്കൽ ഡെൻഡിസ്ട്രിക്ക് അപ്പുറത്തേക്കുള്ള കാൽവയ്പാണ് നടത്തുന്നത്. ഓറൽ കെയറുമായി ബന്ധപ്പെട്ട പൊതുജനാരോഗ്യപ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനുള്ള പ്രാപ്തിയാണ് ഇതിലൂടെ കൈവരുന്നത്. ഉചിതമായ പബ്ലിക് ഹെൽത്ത് പോളിസികളും പദ്ധതികളും രൂപകൽപന ചെയ്യാനും നടപ്പാക്കാനും പബ്ലിക് ഹെൽത്ത് പ്രഫഷണലുകൾക്ക് തങ്ങളുടെ അനുഭവപരിചയം ഉപയോഗിക്കാം. പബ്ലിക് ഹെൽത്ത് കണ്‍സൾട്ടന്റ്, എപ്പിഡിമിയോളജിസ്റ്റ്, പോളിസി അഡ്വൈസർ തുടങ്ങിയ തസ്തികകളിൽ ഭാവിയിൽ പ്രവർത്തിക്കാം.
ബിസിനസ്
അഡ്മിനിസ്ട്രേഷൻ
ബിഡിഎസിനു ശേഷം ഒരു നോണ്‍ ക്ലിനിക്കൽ റോളിലേക്ക് മാറാൻ താല്പര്യമുള്ളവർക്ക് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എംബിഎ) കോഴ്സുകൾ എടുക്കാം. ഹോസ്പിറ്റൽ മാനേജ്മെന്റിലോ ഹെൽത്ത് മാനേജ്മെന്റിലോ എംബിഎ ചെയ്യുന്നത് ബിഡിഎസ് കഴിഞ്ഞവർക്ക് ഉചിതമാണ്. ബിസിനസ്/മാനേജ്മെന്റ് മേഖലകളിൽ നൈപുണ്യം വികസിപ്പിക്കാനും ഹെൽത്ത് ഇൻഡസ്ട്രിയിൽ നേതൃസ്ഥാനങ്ങളിലെത്താനും ഇതിലൂടെ സാധിക്കും. ആരോഗ്യമേഖലയിൽ വിലമതിക്കപ്പെടുന്ന ബിസിനസ് തത്വങ്ങൾ, സ്ട്രാറ്റജിക് പ്ലാനിംഗ് എന്നിവയിൽ ശക്തമായ അടിത്തറയുണ്ടാക്കുന്നവർക്ക് ഉയർന്ന ശന്പളവും ലഭിക്കും.
ഗവേഷണം
ഓറൽ കാൻസറിന് അടക്കം ചികിത്സാ പദ്ധതികളും രോഗനിർണയവും മെച്ചപ്പെടുത്താൻ നിർമിതബുദ്ധിയും മറ്റു സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നതിനെ സംബന്ധിച്ചുള്ള ഗവേഷണം തകൃതിയായി നടക്കുന്നു. ഇക്കാലത്ത് ബിഡിഎസ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് കോഴ്സോ മാസ്റ്റേഴ്സ് ഇൻ ക്ലിനിക്കൽ റിസർച്ചോ ചെയ്തശേഷം ഗവേഷണത്തിലേക്ക് കടക്കാം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലിനിക്കൽ റിസർച്ച്, ICBio (ബംഗളൂരു), ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് (മുംബൈ) എന്നിവ ആശ്രയിക്കാവുന്ന സ്ഥാപനങ്ങളാണ്. ക്ലിനിക്കൽ റിസർച്ച് അസോസിയറ്റ്, ക്ലിനിക്കൽ റിസർച്ച് സയന്റിസ്റ്റ്, ബയോസ്റ്റാറ്റിസ്റ്റീഷൻ, ക്ലിനിക്കൽ സേഫ്റ്റി അനലിസ്റ്റ്, ഡേറ്റ മാനേജർ എന്നിവയാണ് ഭാവിയിൽ ലഭിക്കാവുന്ന ജോലികൾ.
ഫൊറൻസിക് ഡെൻഡിസ്ട്രി
കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട ഡെന്റൽ പരിജ്ഞാനം എങ്ങനെ ഉപയോഗിക്കാമെന്ന് ചിന്തിക്കുന്നവർക്ക് ഇണങ്ങുന്ന രംഗമാണിത്. വിരലടയാളം ലഭിക്കാതെ വരുന്ന സന്ദർഭങ്ങളിൽ മനുഷ്യരെ തിരിച്ചറിയാനും കടിയേറ്റ പാടുകൾ വിശകലനം നടത്താനും ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും പ്രായം കണക്കാക്കാനും ഫേഷ്യൽ റീകണ്‍സ്ട്രക്ഷൻ നടത്താനും ഇത്തരം പ്രഫഷണലുകളുടെ വൈദഗ്ധ്യം രക്ഷയ്ക്കെത്തും. ബിഡിഎസിന് 55 ശതമാനം മാർക്കുള്ളവർക്ക് ഫൊറൻസിക് ഒഡോണ്ട്ടോളജി എംഎസ്സി, ഫൊറൻസിക് ഡെൻഡിസ്ട്രി എംഡിഎസ് തുടങ്ങിയ കോഴ്സുകൾക്ക് ചേരാം. ഇന്ത്യയിൽ ഇപ്പോഴും വ്യാപക അംഗീകാരം ലഭിച്ചിട്ടില്ലാത്ത മേഖലയാണെങ്കിലും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റുകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കാൻ അവസരം കഴിവുള്ളവർക്ക് ലഭിക്കാറുണ്ട്.
ഇവ കൂടാതെ അധ്യാപനം, മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ, ഡെന്റൽ ബ്ലോഗിംഗ്, ഡെന്റൽ കണ്‍സൾട്ടിംഗ് തുടങ്ങിയവയും ബിഡിഎസ് പൂർത്തിയാക്കിയവർക്ക് പരീക്ഷിക്കാവുന്ന തൊഴിൽ വഴികളാണ്.