ADVERTISEMENT
മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യൻ ഓഹരി സൂചികകൾ നേട്ടത്തിൽ. ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും പതിഞ്ഞ നേട്ടത്തിലാണ് ഇന്നലെ വ്യാപാരം പൂർത്തിയാക്കിയത്. ഇന്നലെ തുടക്കത്തിലെ നഷ്ടങ്ങൾക്കുശേഷമാണ് സൂചികകൾ ചെറിയ ലാഭത്തിലേക്കു തിരിച്ചെത്തിയത്. വിദേശ നിക്ഷേപത്തിന്റെ വരവ്, ഐടി ഓഹരികളിലുണ്ടായ ഉണർവ്് എ്ന്നിവയാണ് ഇന്ത്യൻ വിപണിയെ സ്വാധീനിച്ചത്.
ഇന്നലെ വ്യാപാരം പൂർത്തിയായപ്പോൾ ബിഎസ്ഇ സെൻസെക്സ് 63.57 പോയിന്റ് (0.08%) ഉയർന്ന് 82,634.48ലും എൻഎസ്ഇ നിഫ്റ്റി 16.25 പോയിന്റ് (0.06%) നേട്ടത്തിൽ 25212.05ലുമെത്തി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണി മൂലധനം 460.3 ലക്ഷം കോടി രൂപയിൽനിന്ന് 461 ലക്ഷം കോടിയാായി ഉയർന്നു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.10 ശതമാനവും സ്മോൾകാപ് സൂചിക 0.28 ശതമാനവും നേട്ടത്തിലെത്തി.
സമ്മിശ്രമായിരുന്നു സൂചികകളുടെ ഇന്നത്തെ പ്രകടനം. ഹെൽത്ത്കെയർ ഇൻഡെക്സ് (0.34), ഫാർമ (0.32), മെറ്റൽ (0.54), ഫിനാൻഷ്യൽ സർവീസസ് (0.05) സൂചികകൾ മാത്രമാണ് നെഗറ്റീവിലേക്ക് പോയതെങ്കിലും മറ്റുള്ളവയുടെ മുന്നോട്ടു പോക്ക് പതിഞ്ഞ വേഗത്തിലായിരുന്നു. പൊതുമേഖല ബാങ്കിംഗ് സൂചിക 1.81 ശതമാനം ഉയർന്നു. മീഡിയ (1.31), ഐടി (0.63), റിയാലിറ്റി (0.50) സൂചികകളും ഉയർന്നു.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര, വിപ്രോ, എസ്ബിഐ, ടെക് മഹീന്ദ്ര, നെസ്ലെ എന്നിവയുടെ ഓഹരികളാണ് നേട്ടമുണ്ടാക്കിയവയിൽ ആദ്യ അഞ്ച് സ്ഥാനത്തുള്ളത്.
ശ്രീറാം ഫിനാൻസ്, എറ്റേണൽ, സണ് ഫാർമ, ടാറ്റ സ്റ്റീൽ, സിപ്ല എന്നിവയുടെ ഓഹരികളാണ് നഷ്ടം നേരിട്ടവയിൽ ആദ്യ അഞ്ചു സ്ഥാനത്ത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ചൊവ്വാഴ്ച 120.47 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി എക്സ്ചേഞ്ച് കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യൻ വിപണിയിലിടെ ചാഞ്ചാട്ടങ്ങളുടെ അളവുകോലായ ഇന്ത്യ വോളാറ്റിലിറ്റി (ഇന്ത്യ വിക്സ്) സൂചിക രണ്ടു ശതമാനം താഴ്ന്ന് 11.25 ലെത്തിയത് സൂചികകളുടെ ലാഭത്തിലേക്കുള്ള തിരിച്ചുവരവിനു കാരണമായി. വിക്സ് സൂചികയുടെ ഇടിവ് നിക്ഷേപകരുടെ ഭയം കുറയുന്നതിനെയും കൂടുതൽ സ്ഥിരതയുള്ള വിപണി സാഹചര്യങ്ങളെയും സൂചിപ്പിക്കുന്നു.
സമീപകാലത്തുണ്ടായ ഇടിവുകൾക്കുശേഷം ഐടി ഓഹരികളുടെ വാങ്ങലിൽ നിക്ഷേപർ ഏർപ്പെട്ടതിനെത്തുടർന്ന് നിഫ്റ്റി ഐടി സൂചിക ഒരു ശതമാനം വരെ ഉയർന്നു.
Tags : stock market news sensex nifty malayalam business news