ADVERTISEMENT
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ കാലാവധികളിലേക്കുള്ള സ്ഥിരനിക്ഷേപങ്ങളുടെ (എഫ്ഡി) പലിശനിരക്ക് കുറച്ചു. വിവിധ ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കാണ് കുറച്ചത്. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. 46 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ കാലയളവിലുള്ള എഫ്ഡി പലിശനിരക്കുകൾ 15 ബേസിസ് പോയിന്റുകൾ (0.15%) കുറച്ചു.
മൂന്നു എഫ്ഡി നിരക്കുകളിൽ 15 ബേസിസ് പോയിന്റ് കുറവാണ് വരുത്തിയത്. 46-179 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.05 ശതമാനത്തിൽ നിന്ന് 4.90 ശതമാനമായി. 180-210 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.80 ശതമാനത്തിൽ നിന്ന് 5.65 ശതമാനമായാണ് കുറച്ചത്. 211 ദിവസം മുതൽ ഒരുവർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 6.05 ശതമാനത്തിൽ നിന്ന് 5.90 ശതമാനമായാണ് കുറച്ചത്. മറ്റു കാലാവധികളുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കിൽ മാറ്റമില്ല.
മുതിർന്ന പൗരന്മാർക്ക് നൽകുന്ന പലിശനിരക്കിലും 15 ബേസിസ് പോയിന്റ്ിന്റെ കുറവുണ്ട്. 46 ദിവസം മുതൽ 179 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.55 ശതമാനത്തിൽനിന്ന് 5.40 ശതമാനമാക്കി. 180 മുതൽ 210 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.15 ശതമാനത്തിൽനിന്ന് 6.30 ശതമാനമാക്കി. 211മുതൽ ഒരുവർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് 6.55 ശതമാനത്തിൽനിന്ന് 6.40 ശതമാനമാക്കി കുറച്ചു.