ADVERTISEMENT
കൊച്ചി: സാമ്പത്തികവർഷത്തിലെ ആദ്യപാദത്തിൽ 321.95 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി സൗത്ത് ഇന്ത്യൻ ബാങ്ക്. മുൻവർഷത്തെ അപേക്ഷിച്ച് 9.46 ശതമാനമാണ് വർധന. ബാങ്ക് കൈകാര്യംചെയ്യുന്ന ആകെ ബിസിനസ് 2,02,119 കോടി എന്ന ചരിത്രനേട്ടത്തിലെത്തി. ബാങ്കിന്റെ പ്രവർത്തനലാഭം 672.20 കോടിയായി ഉയർന്നു. മുൻവർഷത്തേക്കാൾ 32.41 ശതമാനമാണ് വളർച്ച.
മൊത്ത നിഷ്ക്രിയ ആസ്തികള്‍ മുന്‍വര്‍ഷത്തെ 4.50 ശതമാനത്തില്‍നിന്നു 135 പോയിന്റുകൾ കുറഞ്ഞ് 3.15 ശതമാനത്തിലെത്തി. അറ്റ നിഷ്ക്രിയ ആസ്തി 76 പോയിന്റുകൾ കുറച്ച് 1.44 ശതമാനത്തില്‍നിന്നു 0.68 ശതമാനമാനത്തിലെത്തിക്കാനും കഴിഞ്ഞു. എഴുതിത്തള്ളൽ ഉൾപ്പെടുത്തിയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരിപ്പ് അനുപാതം 960 പോയിന്റുകൾ വർധിച്ച് 88.82 ശതമാനമായി. എഴുതിത്തള്ളലിനുപുറമേയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരിപ്പ് അനുപാതം 988 പോയിന്റുകൾ വർധിച്ച് 78.93 ശതമാനമായി.
റീട്ടെയിൽ നിക്ഷേപങ്ങള്‍ 9.65 ശതമാനം വളർച്ചയോടെ 1,09,368 കോടിയായി. പ്രവാസി (എൻആർഐ) നിക്ഷേപം 7.27 ശതമാനം വര്‍ധിച്ച് 32,293 കോടിയിലെത്തി. കറന്റ് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ടുകളിലെ നിക്ഷേപം 9.06 ശതമാനം വളർച്ചയോടെ 36,204 കോടിയായി.
മൊത്തവായ്പാവിതരണം എട്ടു ശതമാനം വളര്‍ച്ച കൈവരിച്ച് 89,198 കോടിയായി ഉയർന്നു. വ്യക്തിഗതവായ്പകൾ 26 ശതമാനം വാർഷികവളർച്ച നേടി 24,222 കോടിയിലെത്തി. സ്വർണവായ്പകൾ 16,317 കോടിയിൽനിന്ന് 17,446 കോടിയായി. ഭവനവായ്പ 66 ശതമാനം വാർഷികവളർച്ചയോടെ 8,518 കോടി രൂപയിലെത്തി. വാഹന വായ്പ 27 ശതമാനം വാർഷിക വളർച്ചയോടെ 2,217 കോടി രൂപയിലെത്തി.
തുടർച്ചയായ ലാഭക്ഷമത, മികച്ച ആസ്തിഗുണനിലവാരം, ഭദ്രമായ വായ്പാ പോർട്ട്ഫോളിയോ, ശക്തമായ റീട്ടെയിൽ നിക്ഷേപ അടിത്തറ എന്നിവയാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബിസിനസ് വളർച്ചയുടെ അടിസ്ഥാനമെന്ന് എംഡിയും സിഇഒയുമായ പി.ആർ. ശേഷാദ്രി പറഞ്ഞു.
ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള എസ്ഐബി ഒഎസ്എലിന്റെ സാമ്പത്തികഫലങ്ങൾകൂടി ഉൾപ്പെട്ടതാണ് ഈ ഫലങ്ങൾ. ജൂൺ 30ലെ കണക്കുപ്രകാരം ബാങ്കിന്റെ കാപ്പിറ്റൽ-ടു-റിസ്ക് വെയ്റ്റഡ് അസറ്റ് റേഷ്യോ (സിആർഎആർ) 19.48 ശതമാനമായി തുടരുന്നു.
Tags :