ADVERTISEMENT
മുംബൈ: ഇന്ത്യന്‍ ഓഹരിവിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും ചുവപ്പില്തന്നെ. ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ തുടരുന്ന അനിശ്ചിതത്വവും വിദേശ നിക്ഷേപകരുടെ പിന്‍വലിക്കല്‍ തുടരുന്നതും വിപണിയുടെ തകര്‍ച്ചയ്ക്കിടയാക്കി. മേഖല സൂചികകളില്‍ എഫ്എംസിജിയും ഫാര്‍മയും ഒഴികെ എല്ലാ മേഖലകളിലും ഇടിവ് പ്രകടമായി. നാലു ശതമാനത്തിലേറെ ഇടിഞ്ഞ നിഫ്റ്റി റിയല്‍റ്റിയാണ് ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത്. മീഡിയ സൂചിക രണ്ടു ശതമാനത്തിനു മുകളില്‍ നഷ്ടം നേരിട്ടു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് റിയല്‍റ്റി, മീഡിയ സൂചികകള്‍ നഷ്ടത്തിലാകുന്നത്.
സെന്‍സെക്സ് 572.07( 0.70%) പോയിന്റ് താഴ്ന്ന് 80,891.02ലും 50 ഓഹരികളുടെ നിഫ്റ്റി 156 പോയിന്റ് (0.63%) നഷ്ടത്തില്‍ 24,680.90ലും വ്യാപാരം പൂര്‍ത്തിയാക്കി.
വിശാല സൂചികകളില്‍ നിഫ്റ്റി മിഡ്കാപ് 0.84 ശതമാനവും സമോള്കാപ് 1.26 ശതമാനവും താഴ്ന്നു.
ബിഎസ്ഇയില്‍ മിഡ്കാപ് 0.73 ശതമാനത്തിലും സമോള്കാപ് 1.31 ശതമാനവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തം വിപണി മൂലധനം ഇന്നലെ 4.88 ലക്ഷം കോടി രൂപ കുറഞ്ഞ് 447.85 ലക്ഷം കോടി രൂപയിലെത്തി.
കൂപ്പുകുത്തി റിയൽറ്റി സൂചിക
റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികള്‍ വന്‍ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഇന്നലെ 4.07 ശതമാനം താഴ്ന്ന റിയല്‍റ്റി സൂചികയിലെ എല്ലാ ഓഹരികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. റിയല്‍റ്റി കമ്പനികളുടെ 2025-26 സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തെ വരുമാനത്തിലുണ്ടായ കുറവ് നിക്ഷേപകരില്‍ സമ്മര്‍ദം ഉയര്‍ത്തി. 38.70 പോയിന്റ് നഷ്ടത്തില്‍ 911.90ലാണ് റിയല്‍റ്റി സൂചിക ക്ലോസ് ചെയ്തത്.
റിയല്‍റ്റി സൂചികയില്‍ 6.31 ശതമാനം താഴ്ന്ന ലോധ ഗ്രൂപ്പിന്റെ ഓഹരികള്‍ക്കാണ് ഏറ്റവും വലിയ നഷ്ടമുണ്ടായത്. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനി ജൂലൈ 26 നു പുറത്തുവിട്ട കണക്കില്‍ 674.7 കോടി രൂപയുടെ അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു. മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ ഇതേ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 475.3 കോടി രൂപ അറ്റാദായത്തില്‍ നിന്ന് 42 ശതമാനം വാര്‍ഷിക വര്‍ധനവാണിത്. എന്നിരുന്നാലും, തുടര്‍ച്ചയുടെ അടിസ്ഥാനത്തില്‍, അറ്റാദായം ജനുവരി-മാര്‍ച്ച് പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 921.7 കോടി രൂപയില്‍ നിന്ന് 27 ശതമാനം കുറഞ്ഞു.
ഗോദ്റേജ് പ്രോപ്പര്‍ട്ടീസ് (5.44%), ബ്രിഗേഡ് എന്റര്‍പ്രൈസസ് (4.41%), ഡിഎല്‍എഫ് (4.30%), ഒബ്റോയ് റിയല്‍റ്റി (4.19%) എന്നിവയാണ് സൂചികയില്‍ തകര്‍ച്ച നേരിട്ടവയില്‍ ആദ്യ സ്ഥാനങ്ങളില്‍.
തുടര്‍ച്ചയായ മൂന്നാം സെഷനിലും നഷ്ടം നേരിട്ട നിഫ്റ്റി ഐടി സൂചിക ഒരു ശതമാനത്തിനടുത്ത് താഴ്ന്നു. ഐടി സൂചികയിൽ ടിസിഎസിനും വിപ്രോയ്ക്കുമാണ് ഇന്നലെ വന്‍ നഷ്ടമുണ്ടായത്. ടിസിഎസില്‍നിന്ന് രണ്ടു ശതമാനം പേരെ പിരിച്ചുവിടുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് കമ്പനിയുടെ ഓഹരികള്‍ക്ക് രണ്ടു ശതമാനത്തിനടുത്ത് ഇടിവുണ്ടായി. വിപ്രോ, എച്ച്സിഎല്‍, എല്‍ടിഐ മൈന്‍ഡ്ട്രീ എന്നിവയുടെ ഓഹരികള്‍ ഒരു ശതമാനത്തിനു മുകളില്‍ താഴ്ന്നു. തുടര്‍ച്ചയായ ആറു ദിവസത്തെ ഇടിവിനുശേഷം എഫ്എംസിജി മികവിലെത്തി.
തകർച്ചയ്ക്കുള്ള കാരണങ്ങൾ
ആഗോള സൂചനകളിൽ ഏഷ്യൻ വിപണി കൂടുതലും ഇന്നലെ നെഗറ്റീവിലായിരുന്നു. ദക്ഷിണകൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കീ 225, ചൈനയുടെ ഷാങ്ഹായി കോന്പോസിറ്റ് സൂചികകൾ താഴ്ചയിലാണ് വ്യാപാരം നടത്തിയത്. ഇത് ഇന്ത്യൻ മാർക്കറ്റിലും പ്രതിഫലിച്ചു. ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഉയർച്ചയും ഇന്ത്യൻ വിപണിയെ ബാധിച്ചു. ഐടി ഓഹരികളിൽ വിൽപ്പന സമ്മർദം പ്രകടമായതും വിപണിയിൽ പ്രതിഫലിച്ചു.
രൂപയും നഷ്ടത്തിൽ
ഡോളറിനെതിരേ രൂപ 16 പൈസ നഷ്ടത്തിൽ 86.67ലാണ് ക്ലോസ് ചെയ്തത്. മാസാവസാനത്തിൽ ഇറക്കുമതിക്കാരിൽ ഡോളറിനുള്ള ഡിമാൻഡ് ഉയർന്നതാണ് രൂപയെ തളർത്തിയത്. ഓഗസ്റ്റ് ഒന്നിന് മുന്‍പ് ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകളുടെ ഫലം പ്രതീക്ഷിച്ച് നിക്ഷേപകർ ജാഗ്രതയോടെയാണ് വിപണിയെ സമീപിക്കുന്നത്.