ADVERTISEMENT
ന്യൂയോർക്ക്: ലോക ചരിത്രത്തിൽ ആദ്യമായി വിപണി മൂല്യം നാലു ട്രില്യണ്‍ ഡോളർ (നാലു ലക്ഷം കോടി ഡോളർ) മറികടക്കുന്ന കന്പനിയായി കലിഫോർണിയ ആസ്ഥാനമായുള്ള ചിപ് നിർമാണ കന്പനി എൻവിഡിയ. എൻവിഡിയയുടെ ഓഹരി വില ബുധനാഴ്ച 2.4 ശതമാനം ഉയർന്ന് 164 ഡോളറിലെത്തി. ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) ചിപ്പുകൾക്ക് ആവശ്യകത ഉയരുന്നതിനാൽ കന്പനിയുടെ വിപണിമൂല്യം ഇനിയും ഉയരും.
2023 ജൂണിൽ കന്പനിയുടെ വിപണിമൂല്യം ആദ്യമായി ഒരു ട്രില്യണ്‍ കടന്നു. അതിനുശേഷമുള്ള കുതിപ്പ് പെട്ടെന്നായിരുന്നു.
മൈക്രോസോഫ്റ്റ്, ആപ്പിൾ എന്നീ ടെക് ഭീമന്മാരെ മറികടന്ന് ലോകത്തെ ഏറ്റവും മൂല്യമേറിയ കന്പനിയായിരിക്കുകയാണ് എൻവിഡിയ. എൻവിഡിയയ്ക്കു മുന്‍പ് വിപണി മൂല്യം മൂന്നു ട്രില്യണ്‍ ഡോളർ കടന്നവരാണ് മൈക്രോസോഫ്റ്റും ആപ്പിളും. മൈക്രോസോഫ്റ്റാണ് ഈ ചിപ്പ് നിർമാതാക്കളുടെ ഏറ്റവും വലിയ ഉപഭോക്താക്കളും. വ്യാപാരവേളയിൽ ഈ വിപണി മൂല്യം നേടിയ ആദ്യ കന്പനിയും എൻവിഡിയയാണ്.
1993ൽ സ്ഥാപിതമായി കന്പനി 2024 ഫെബ്രുവരിയിൽ രണ്ടു ട്രില്യണ്‍ ഡോളറും ജൂണിൽ മൂന്നു ട്രില്യണ്‍ ഡോളറും കടന്നു.
2022 അവസാനത്തോടെ ചാറ്റ്ജിപിടി ആരംഭിച്ചതിനുശേഷം എഐ അധിഷ്ഠിത ഹാർഡ്വേറുകൾക്കും ചിപ്പുകൾക്കുമായി വർധിച്ചുവരുന്ന ആവശ്യകതയിലാണ് എൻവിഡിയ വൻ ലാഭം കൊയ്തത്.
Tags : Nvidia 4 trillion dollar