ADVERTISEMENT
കണ്ണൂർ: ഓണവിപണി ലക്ഷ്യമാക്കി വെളിച്ചെണ്ണയുടെ ഉത്പാദനം വർധിപ്പിക്കാൻ കേരഫെഡ്. ഓണക്കാലത്ത് വെളിച്ചെണ്ണ വില ഉയരുമെന്നതിനാൽ ബിപിഎൽ കാർഡ് ഉടമകൾക്കു സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ നല്കുമെന്നും ഇതിനായുള്ള പ്രപ്പോസൽ സർക്കാരിന്റെ അനുമതിക്കായി നല്കുമെന്നും കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി, മാനേജിംഗ് ഡയറക്ടർ സാജു കെ. സുരേന്ദ്രൻ, വൈസ് ചെയർമാൻ കെ. ശ്രീധരൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഓണംവരെയുള്ള കാലയളവിൽ പ്രതിദിനം 60 ടൺ കൊപ്ര എത്തിക്കുന്നതിനുള്ള ടെൻഡർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കർഷകർക്കു മികച്ച വരുമാനം ഉറപ്പാക്കുന്നതിനായി കേരഫെഡ് വിപണി വിലയേക്കാൾ ഒരു രൂപ അധികം നല്കി പച്ചത്തേങ്ങ സംഭരിക്കുന്നുണ്ട്.
സംഭരിക്കുന്ന പച്ചത്തേങ്ങ കൊപ്രയാക്കി കേരഫെഡ് പ്ലാന്റുകളിൽ ഉപയോഗിക്കുന്നതു വഴി ഗുണനിലവാരമുള്ള വെളിച്ചെണ്ണ ഉത്പാദിപ്പിക്കുക എന്നതാണു ലക്ഷ്യം. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഇസാഫുമായി സഹകരിച്ച് സംഭരണ കേന്ദ്രങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. നിലവിൽ, കേരഫെഡിന്റെ രണ്ട് യൂണിറ്റുകളിലും പ്രതിദിനം ഒരു ഉത്പാദന ഷിഫ്റ്റ് മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഒരു ഷിഫ്റ്റിന് ദിവസവും 55 മെട്രിക് ടൺ കൊപ്ര ആവശ്യമാണ്. കൂടുതൽ കൊപ്ര സംഭരിച്ച് കൂടുതൽ ഷിഫ്റ്റുകൾ ജൂൺ 20ന് ആരംഭിക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
Tags :