ADVERTISEMENT
ന്യൂഡൽഹി: ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം ജൂണിൽ 2.8 ശതമാനത്തിൽ താഴെയായിരിക്കാൻ സാധ്യത. ഈ വിലയിരുത്തൽ കൃത്യമാണെങ്കിൽ, നിരക്ക് മൂന്നു ശതമാനത്തിൽ താഴെ രേഖപ്പെടുത്തുന്നത് തുടർച്ചയായ രണ്ടാം മാസമായിരിക്കും.
ചില്ലറ പണപ്പെരുപ്പ നിരക്ക് നാലു ശതമാനത്തിൽ താഴെയാകുന്നത് തുടർച്ചയായ അഞ്ചാം മാസവുമായിരിക്കും. പണപ്പെരുപ്പ നിരക്ക് കുറവുണ്ടെങ്കിലും ഓഗസ്റ്റിൽ ചേരുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ സമിതി മറ്റൊരു അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാൻ തയാറായേക്കില്ലെന്നാണ് കരുന്നതുന്നത്. കണക്കുകൾ ഇന്ന് സർക്കാർ പ്രസിദ്ധീകരിക്കും.
മേയ് മാസത്തിൽ ചില്ലറ പണപ്പെരുപ്പ നിരക്ക് 2.82 ശതമാനമായിരുന്നു. ഇത് 75 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു. വസന്തകാല വിളവെടുപ്പിൽ നിന്നുള്ള സാധനങ്ങൾ വിപണികളിൽ എത്തിയതോടെ ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ ഇടിവ് കാരണം ഇത് കൂടുതൽ കുറയുമെന്ന് പ്രതീക്ഷിക്കുന്നത്.
മണ്‍സൂണ്‍ മഴയിലെ ഏറ്റക്കുറച്ചിലുകൾ കാരണം ചില പച്ചക്കറി വിലകൾ ഉയരുന്ന പ്രവണത കാണിക്കുന്നുണ്ട്. എന്നാൽ, ധാന്യങ്ങളുടെ വിലയിൽ കുറവുണ്ട്. ഇത് മൊത്തത്തിലുള്ള ഭക്ഷ്യ പണപ്പെരുപ്പത്തെ ലഘൂകരിച്ചേക്കും. മേയിൽ ഉപഭോക്തൃ ഭക്ഷ്യ വില സൂചിക (സിഎഫ്പിഐ) അടിസ്ഥാനമാക്കിയുള്ള വാർഷിക പണപ്പെരുപ്പ നിരക്ക് 0.99 ശതമാനമായിരുന്നു. ഏപ്രിലുമായി താരതമ്യപ്പെടുത്തുന്പോൾ 79 ബേസിസ് പോയിന്റുകളുടെ കുത്തനെയുള്ള കുറവാണുണ്ടായത്. മേയിലെ ഭക്ഷ്യ പണപ്പെരുപ്പം 2021 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായിരുന്നു.
Tags :