ADVERTISEMENT
തീരുവയുദ്ധം മുറുകിയതോടെ രാജ്യാന്തര ഫണ്ടുകൾ പ്രമുഖ ഓഹരിവിപണികളിൽ വിൽപ്പനയ്ക്ക് ഉത്സാഹിച്ചു. കാനഡയ്ക്ക് 35 ശതമാനം നികുതി അടുത്ത മാസം മുതൽ ഏർപ്പെടുത്തിയ യുഎസ് നീക്കം ആഗോള വിപണികൾ ആശങ്കയോടെ വീക്ഷിക്കുന്നതിനിടയിൽ വാരാന്ത്യം യുഎസ് മാർക്കറ്റിനും കാലിടറി.
ഇന്ത്യൻ മാർക്കറ്റ് തുടർച്ചയായ രണ്ടാം വാരത്തിലും തളർന്നു, സെൻസെക്സ് 932 പോയിന്റും നിഫ്റ്റി സൂചിക 311 പോയിന്റും നഷ്ടത്തിലാണ്. ഇന്ത്യ- യുഎസ് തീരുവ വിഷയവും കോർപറേറ്റ് മേഖലയിൽനിന്നുള്ള ത്രൈമാസ പ്രവർത്തന ഫലങ്ങളും ഈ വാരം സൂചികയുടെ ഗതിവിഗതികൾ നിയന്ത്രിക്കും. ഇന്ത്യാ വോളാറ്റിലിറ്റി സൂചിക 12ൽ നിലകൊള്ളുന്നത് വിപണിക്ക് അനുകൂലം.
കരുത്ത് നഷ്ടമാകാതിരിക്കാൻ നിഫ്റ്റി
ബുള്ളിഷ് മനോഭാവം നിലനിർത്തുന്ന ഇന്ത്യൻ മാർക്കറ്റിന് വിദേശ ശക്തികളുടെ വിൽപ്പനയ്ക്കു മുന്നിലും സാങ്കേതികമായി കരുത്ത് കാത്തുസൂക്ഷിക്കാൻ കിണഞ്ഞ് ശ്രമിക്കുകയാണ്. അതേസമയം സെൻസെക്സിന് മുൻവാരം സൂചിപ്പിച്ച രണ്ടാം സപ്പോർട്ടായ 82,508ലെ താങ്ങ് എട്ട് പോയിന്റിന് നഷ്ടപ്പെട്ട് 82,500ലാണ് വ്യാപാരാന്ത്യം.
ഡെയ്ലി ചാർട്ടിൽ സെൻസെക്സും നിഫ്റ്റിയും മികവിലെങ്കിലും വാരാന്ത്യം 25,149 ൽ നിലകൊള്ളുന്ന നിഫ്റ്റിക്ക് 24,916 ഏറെ നിർണായകമാണ്. ഈ റേഞ്ചിൽ കാലിടറിയാൽ ഡെയ്ലി ചാർട്ട് ഡാമേജിന് സാധ്യത. എങ്കിലും പണപ്രവാഹം നടത്തി വിപണിയെ താങ്ങിനിർത്താൻ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ എല്ലാ ശ്രമങ്ങളും നടത്താം.
വിദേശ ധനകാര്യസ്ഥാപനങ്ങൾ വിൽപ്പനയ്ക്കു തന്നെയാണ് മുൻതൂക്കം നൽകുന്നത്. കഴിഞ്ഞവാരം അവർ 5130.34 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറ്റി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വിപണിക്ക് ശക്തമായി പിന്തുണ നൽകി 8291 കോടി രൂപയുടെ നിക്ഷേപം നടത്തി. ഇരു കൂട്ടരും തമ്മിലുള്ള വടംവലി തുടരുകയാണ്. പിന്നിട്ട മൂന്ന് മാസങ്ങളിലും വിദേശ ഫണ്ടുകൾ നിക്ഷേപകരായാണ് ഇന്ത്യയിൽ നിലകൊണ്ടത്. എന്നാൽ, ഈ മാസം വിദേശ ഓപ്പറേറ്റർമാർ വിൽപ്പനക്കാരായി മാറി, ഇതിനകം 10,284.18 കോടി രൂപയുടെ ഓഹരികൾ കൈവിട്ടു.
നിഫ്റ്റി സൂചിക മുൻവാരത്തിലെ 25,641 പോയിന്റിൽനിന്നും മികവിന് അവസരം ലഭിക്കാതെ 25,179ലെ രണ്ടാം സപ്പോർട്ടും തകർത്ത് 25,129ലേക്ക് ഇടിഞ്ഞങ്കിലും വ്യാപാരാന്ത്യം സൂചിക 25,149 പോയിന്റിലാണ്. പിന്നിട്ട രണ്ടാഴ്ചകളിൽ വ്യക്തമാക്കിയ 25,090ലെ സപ്പോർട്ട് വിപണി നിലനിർത്തിയത് നിക്ഷേപകൾക്ക് പ്രതീക്ഷപകരുന്നു. ഡെയ്ലി ചാർട്ട് വിലയിരുത്തിയാൽ നിഫ്റ്റിക്ക് 25,005-24,861 പോയിന്റിൽ താങ്ങുണ്ട്. എന്നാൽ, ഏറെ നിർണായകം 24,916 പോയിന്റാണ്.
ഈ മേഖലയിൽ ആഭ്യന്തര ഫണ്ടുകൾ പണം ഏറിയുന്ന കാര്യത്തിൽ സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചാവും ഓഗസ്റ്റിലെ ചലനങ്ങൾ. താഴ്ന്ന റേഞ്ചിൽനിന്നും തിരിച്ചുവരവിന് നീക്കം തുടങ്ങിയാൽ 25,416-25,685 പോയിന്റിൽ പ്രതിരോധം തലയുയർത്താം. സാങ്കേതിക വശങ്ങൾ വീക്ഷിച്ചാൽ സൂപ്പർ ട്രെൻഡ് ബുള്ളിഷെങ്കിലും പാരാബോളിക്ക് സെല്ലിംഗ് മൂഡിലേക്ക് തിരിഞ്ഞു, എംഎസിഡി ട്രെൻഡ് ലൈനിന് മുകളിലെങ്കിലും ഒരു ദുർബലാവസ്ഥ മുന്നിൽ കാണുന്നു. മൊത്തിൽ വിപണി ന്യൂട്രൽ റേഞ്ചിലെങ്കിലും ഓസിലേറ്ററുകൾ പലതും സെല്ലിംഗ് മൂഡിലേക്ക് തിരിയുമ്പോൾ ഡെയ്ലി മൂവിംഗ് ആവറേജ് ബയർമാരെ സ്വാഗതം ചെയുന്നു.
നിഫ്റ്റി ജൂലൈ ഫ്യൂച്ചർ ഒരു ശതമാനത്തിൽ അധികം താഴ്ന്ന് വാരാന്ത്യം 22,223 ലാണ്. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റിൽ കാര്യമായ മാറ്റം സംഭവിച്ചില്ലെന്ന് മാത്രമല്ല, വ്യാപാരാന്ത്യം 135 ലക്ഷം കരാറുകളിൽ നിലകൊള്ളുന്നു. നിലവിലെ സാഹചര്യത്തിൽ 24,500 മേഖലയിൽ താങ്ങുണ്ട്. മുന്നേറിയാൽ 25,400-25,650ലേക്ക് തിരിച്ചുവരവ് നടത്താം.
തിരിച്ചുവരവിന് സെൻസെക്സ്
സെൻസെക്സ് മുൻവാരത്തിലെ 83,432 പോയിന്റിൽനിന്നും തുടക്കത്തിൽ 83,751ലേക്ക് കയറിയെങ്കിലും ഫണ്ടുകൾ ലാഭമെടുപ്പിന് കാണിച്ച തിടക്കവും വിൽപ്പന സമ്മർദവും മൂലം സൂചിക ഒരവസരത്തിൽ 83,000ലേ താങ്ങ് തകർത്ത് 82,442 വരെ ഇടിഞ്ഞങ്കിലും വ്യാപാരാന്ത്യം 83,500 പോയിന്റിലാണ്. ഈവാരം സെൻസെക്സിന് 82,044- 81,588 പോയിന്റിൽ സപ്പോർട്ട് പ്രതീക്ഷിക്കാം. ഒരു തിരിച്ചുവരവിന് വിപണി ശ്രമം നടത്തിയാൽ 83,353-84,206 പോയിന്റിൽ പ്രതിരോധമുണ്ട്.
വിനിമയ വിപണിയിൽ രൂപയുടെ മൂല്യത്തിൽ വീണ്ടും തളർച്ച. 85.44 നിന്നും രൂപയുടെ മൂല്യം 86.01 ലേയ്ക്ക് ദുർബലമായ ശേഷം 85.50ലേക്ക് വാരമധ്യം കരുത്ത് തിരിച്ചുപിടിച്ചെങ്കിലും വ്യാപാരാന്ത്യം വിനിമയ നിരക്ക് 85.77ലാണ്.
കരുത്ത് ചോരാതെ സ്വർണം
രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 3333 ഡോളറിൽ തുടക്കം കുറിച്ച മഞ്ഞലോഹത്തിൽ വാങ്ങൽ താത്പര്യം ചുരുങ്ങിയത് മൂലം ഒരവസരത്തിൽ നിരക്ക് 3284 ഡോളറിലേക്ക് താഴ്ന്നതിനിടയിൽ ഓഹരി വിപണികളിൽ അലയടിച്ച വിൽപ്പന സമ്മർദം ഒരു വിഭാഗം ഫണ്ടുകളെ സ്വർണത്തിലേക്ക് ആകർഷിച്ചു. ഇതോടെ താഴ്ന്ന റേഞ്ചിൽ നിന്നും ശക്തമായ തിരിച്ചുവരവിൽ 3368 ലേക്ക് ഉയർന്ന ശേഷം മാർക്കറ്റ് ക്ലോസിംഗിൽ 3354 ഡോളറിലാണ്.
Tags :