ADVERTISEMENT
മുംബൈ: ടാറ്റ കണ്സൾട്ടൻസി സർവീസസ് 12,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങിയപ്പോൾ മറ്റൊരു ടെക് കന്പനിയായ ഇൻഫോസിസ് പുതിയ ആളുകളെ ജോലിക്കെടുക്കുന്നു. ടിസിഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാണിത്. ടിസിഎസിന്റെ ഈ നീക്കം ഇന്ത്യയിലെ ടെക് മേഖലയിലുടനീളം അസ്വസ്ഥത സൃഷ്ടിച്ചു. ഇന്ത്യൻ ഐടി മേഖലയിലെ തൊഴിൽ സുരക്ഷ ഇനി ഉറപ്പാക്കാനാകില്ലെന്ന പ്രവണത വളർന്നുവരുന്നതിന്റെ സൂചനയാണ് ടിസിഎസിന്റെ ഈ പിരിച്ചുവിടലുകൾ നല്കിയത്. രാജ്യത്തെ ഐടി മേഖലയിലെ ഇതുവരെയുള്ള ഏറ്റവും വലിയ പിരിച്ചുവിടലാണിത്. ഈ സാന്പത്തിക വർഷം ഇതുവരെ മറ്റൊരു ഇന്ത്യൻ ഐടി കന്പനിയും ഇത്രയും വലിയ തോതിൽ പിരിച്ചുവിടൽ പ്രഖ്യാപിച്ചിട്ടില്ല. മറ്റ് ഐടി കന്പനികളും ഇതേ പാതയിൽ നീങ്ങിയേക്കാമെന്ന തോന്നലിനിടെയാണ് ഇൻഫോസിസ് പുതിയ ആളുകളെ ജോലിക്കെടുക്കുമെന്ന വാർത്ത പുറത്തുവിട്ടത്.
ഒരു വശത്ത് ടിസിഎസ് വൻ പിരിച്ചുവിടലിനൊരുങ്ങുന്പോൾ ഇൻഫോസിസ് ഈ വർഷം ഏകദേശം 20,000 ബിരുദധാരികളെ നിയമിക്കാനുള്ള ഒരുക്കത്തിൽ. ആദ്യ പാദത്തിൽ കന്പനി ആകെ 17,000ത്തിലധികം ആളുകളെ നിയമിച്ചു. ഈ വർഷം 20,000 പുതിയ കോളജ് ബിരുദധാരികളെ കൊണ്ടുവരാൻ പദ്ധതിയുള്ളതായി ഇൻഫോസിസ് സിഇഒ സലിൽ പരേഖ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
ഐടി മേഖലയിൽ മുന്നിൽ നിൽക്കാൻ കന്പനി ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും തൊഴിൽ ശക്തി വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും എഐയിൽ തന്ത്രപരമായി നിക്ഷേപങ്ങൾ നടത്തി ജീവനക്കാരെ കന്പനിയിൽ പുനർവിന്യസിച്ചുകൊണ്ട് രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി സ്ഥാപനമായ ഇൻഫോസിസിന് മുന്നിൽ നിൽക്കാൻ കഴിഞ്ഞുവെന്നും പരേഖ് പഞ്ഞു. ഇതുവരെ എഐയിൽ വിവിധ തലങ്ങളിലായി ഏകദേശം 2,75,000 ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും പരേഖ് കൂട്ടിച്ചേർത്തു.
എഐയുടെ സഹായത്തോടെ സോഫ്റ്റ്വേർ വികസന ഉത്പാദനക്ഷമത 5 മുതൽ 15 ശതമാനം വരെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് പരേഖ് കൂട്ടിച്ചേർത്തു. ഉപഭോക്തൃ സേവനം, വിജ്ഞാന പ്രവർത്തനം തുടങ്ങിയ മേഖലകളിൽ എഐ വലിയ പുരോഗതി ഉണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എഐ ആഴത്തിലുള്ള ഓട്ടോമേഷനും ഉൾക്കാഴ്ചകളും അനുവദിക്കുന്നു, എന്നാൽ, ഇത് ഉയർന്ന തലത്തിലുള്ള കഴിവുകളും കൂടുതൽ പരിശ്രമവും ആവശ്യപ്പെടുന്നുവെന്ന് പ്രവർത്തനങ്ങളിൽ എഐയുടെ പങ്കിനെക്കുറിച്ച് പരേഖ് പറഞ്ഞു. ഇൻഫോസിസ് തങ്ങളുടെ തൊഴിൽ ശക്തി വളർത്തുന്നതിലും കഴിവുകളിലും സാങ്കേതികവിദ്യയിലും ദീർഘകാല ശക്തിവളർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.