ADVERTISEMENT
ന്യൂഡൽഹി: അനധികൃത ബെറ്റിംഗ് ആപ്പുകളുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ടെക് ഭീമന്മാരായ ഗൂഗിളിനും മെറ്റയ്ക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസയച്ചു.
അന്വേഷണത്തിന്റെ ഭാഗമായി ഇരു കന്പനികളുടെയും പ്രതിനിധികളോട് നാളെ ഡൽഹിയിലെ ഇഡി ആസ്ഥാനത്തു ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത ബെറ്റിംഗ് ആപ്പുകളെ തങ്ങളുടെ പരസ്യങ്ങളിലൂടെ പ്രോത്സാഹിപ്പിച്ചുവെന്നും കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തിച്ചേരാൻ ഇരുകന്പനികളും സഹായിക്കുന്നുവെന്നും കണ്ടാണ് ഇഡിയുടെ നോട്ടീസ്.
കള്ളപ്പണം വെളുപ്പിക്കൽ (നിരോധന) നിയമത്തിന്റെ (പിഎംഎൽഎ) ലംഘനങ്ങളിൽ സൂക്ഷ്മ അന്വേഷണം നേരിടുന്ന അനധികൃത ആപ്പുകളുടെ പ്രചാരണത്തിന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഹിക്കുന്ന പങ്കിനെക്കുറിച്ചാണ് നിലവിൽ ഇഡി അന്വേഷണം നടത്തിവരുന്നത്. എങ്ങനെയാണ് ഇത്തരം ആപ്പുകൾക്ക് അവരുടെ സമൂഹമാധ്യമങ്ങളിലൂടെ പരസ്യങ്ങൾ നൽകാൻ കഴിയുമെന്നതു മനസിലാക്കാൻ ഗൂഗിളിന്റെയും ഫേസ്ബുക്ക്, വാട്സാപ് തുടങ്ങിയവയുടെ മാതൃകന്പനിയായ മെറ്റയുടെ പ്രതിനിധികളെ ചോദ്യം ചെയ്യുന്നതിലൂടെ ഇഡിക്കു മനസിലാക്കാൻ കഴിയും.
നൈപുണ്യകേന്ദ്രീകൃതമായ ഗെയിമുകളാണെന്നു തെറ്റിദ്ധരിപ്പിച്ച് അനധികൃത ചൂതാട്ടമടക്കം പ്രോത്സാഹിപ്പിക്കുന്ന ഓണ്‍ലൈൻ ബെറ്റിംഗ് ആപ്പുകൾക്കെതിരേ ഇഡി കഴിഞ്ഞദിവസങ്ങളിലും നടപടികൾ കൈക്കൊണ്ടിരുന്നു. ഇത്തരം പ്ലാറ്റ്ഫോമുകളെ പ്രോത്സാഹിപ്പിച്ചതിന് വിജയ് ദേവരക്കൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നീ സിനിമാതാരങ്ങളും യുട്യൂബ് ഇൻഫ്ലുവൻസർമാരുമടങ്ങുന്ന 29 പേർക്കെതിരേ ഇഡി കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഓണ്‍ലൈൻ ബെറ്റിംഗ് ആപ്പുകളുമായി ബന്ധപ്പെട്ട് മുംബൈയിലെ നാലിടങ്ങളിൽ ഇഡി നടത്തിയ റെയ്ഡിൽ 3.3 കോടി രൂപയുടെ കണക്കിൽപ്പെടാത്ത സ്വത്തും ആഡംബര വാച്ചുകളും ആഭരണങ്ങളും വിദേശ കറൻസികളും നോട്ടെണ്ണൽ മെഷീനുകളും കണ്ടെത്തിയിരുന്നു. ഓണ്‍ലൈൻ ബെറ്റിംഗ് പ്ലാറ്റ്ഫോമുകൾ സാധാരണക്കാരുടെ പണം അനധികൃത ചൂതാട്ടത്തിലൂടെ കൈക്കലാക്കുകയും കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഈ പണം ഉപയോഗിക്കുന്നുവെന്നും ഇഡി കണ്ടെത്തിയിരുന്നു.
Tags :