ADVERTISEMENT
കൊച്ചി: രാജ്യത്തു ടയർ കയറ്റുമതിയിൽ നേട്ടം. 2024-25 സാമ്പത്തിക വർഷത്തിൽ കയറ്റുമതി 25,000 കോടി കടന്നു. മുൻ വർഷത്തെ 23,073 കോടിയിൽ നിന്നാണ് ടയർ കയറ്റുമതി ഒന്പതു ശതമാനം വർധിച്ച് 25,051 കോടി രൂപയിലെത്തിയതെന്നു വാണിജ്യ മന്ത്രാലയം പുറപ്പെടുവിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
170 രാജ്യങ്ങളിലേക്ക് ഇന്ത്യൻ ടയറുകൾ കയറ്റുമതി ചെയ്യുന്നുണ്ട്. യുഎസ്, യൂറോപ്യൻ യൂണിയൻ, ലാറ്റിൻ അമേരിക്ക, പൂർവേഷ്യ തുടങ്ങിയ മേഖലകളിലാണ് ഇന്ത്യൻ ടയറുകൾക്കു ഡിമാൻഡുള്ളത്.
ഇന്ത്യൻ ടയർ വ്യവസായം ലക്ഷം കോടിയോളം രൂപയുടെ വാർഷിക വിറ്റുവരവിലേക്ക് ഉയർന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. വിവിധ ഇന്ത്യൻ ടയർ കമ്പനികൾ അതിന്റെ അന്താരാഷ്ട്ര സാന്നിധ്യം ശക്തമായിട്ടുണ്ട്. അപ്പോളോ ടയേഴ്സ്, സിയറ്റ്, ജെകെ ടയർ, എംആർഎഫ് തുടങ്ങിയ കമ്പനികൾ ബ്രാൻഡ് ഫിനാൻസ് പുതിയതായി പ്രസിദ്ധീകരിച്ച പട്ടികയിൽ ലോകത്തെ ഏറ്റവും ശക്തമായ 15 ടയർ ബ്രാൻഡുകളിൽ ആദ്യ ഉൾപ്പെട്ടിട്ടുണ്ട്.
അതേസമയം ടയർ വ്യവസായത്തിന് ആവശ്യമായ സ്വാഭാവിക റബറിന്റെ(എൻആർ) 40 ശതമാനവും ഇറക്കുമതി ചെയ്യുകയാണെന്നു കണക്കുകൾ പറയുന്നു. ആഭ്യന്തര വിപണിയിലെ ലഭ്യതക്കുറവ് മൂലമാണ് ഇറക്കുമതി വേണ്ടിവരുന്നതെന്നാണ് ടയർ കന്പനികൾ വിശദീകരിക്കുന്നത്.
ടയർ നിർമാണ മേഖലയിലുണ്ടായ ഉണർവിന്റെ പശ്ചാത്തലത്തിൽ 2030ഓടെ 20 ലക്ഷം ടൺ സ്വാഭാവിക റബർ ആവശ്യമായി വരുമെന്നു കന്പനികൾ പറയുന്നു.
<b>റബർ കൃഷി വ്യാപിപ്പിക്കാൻ പദ്ധതി തയാറാക്കും: ആത്മ </b>
കൊച്ചി: സ്വാഭാവിക റബറിന്റെ ക്ഷാമം പരിഹരിക്കാനും കേരളത്തിൽ റബർ കൃഷി വ്യാപിപ്പിക്കാനും റബർ ബോർഡുമായി ചേർന്ന് പദ്ധതി തയാറാക്കുമെന്ന് ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ആത്മ) ചെയർമാൻ അരുണ് മാമ്മന് പറഞ്ഞു.
വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ മാർഗനിർദേശ പ്രകാരം റബർ ബോർഡുമായി ചേർന്ന് പ്രോജക്ട് ഇൻറോഡ് ആരംഭിച്ചിട്ടുണ്ട്. ആത്മയിലെ നാലു പ്രമുഖ അംഗ കമ്പനികളിൽ നിന്നും ലഭിക്കുന്ന 1,100 കോടി രൂപയുടെ പിന്തുണയോടെ, രണ്ടുലക്ഷം ഹെക്ടറിൽ സ്വാഭാവിക റബർ കൃഷി പ്രോത്സാഹിപ്പിക്കും. റബർ കൃഷിക്ക് അനുയോജ്യമായ ഇടങ്ങളിൽ അടിസ്ഥാനസൗകര്യങ്ങളും വിദഗ്ധ പിന്തുണയും നൽകും.
Tags :