ADVERTISEMENT
മുംബൈ: യുഎസ്-ഇന്ത്യ വ്യാപാര ചർച്ചകളുടെ ഫലം വരാനിരിക്കേ നിക്ഷേപകരുടെ ജാഗ്രതയെയും ഐടി, ബാങ്ക് ഓഹരികളുടെ വിറ്റഴിക്കലുകളെയും തുടർന്ന് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ നഷ്ടത്തിൽ ക്ലോസ് ചെയ്തു.
വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളിൽ വിപണി വിൽപ്പന സമ്മർദത്തിലായിരുന്നു. പിന്നീട് വാങ്ങലുകൾ നടന്നതിനാൽ തിരിച്ചുവരവ് പ്രതീക്ഷിച്ചു. എന്നാൽ അവസാന മണിക്കൂറുകളിൽ വില്പന ഉയർന്നതോടെ വിപണികൾ നഷ്ടത്തിലേക്കു പതിച്ചു.
30 ഓഹരികളുടെ ബിഎസ്ഇ സെൻസെക്സ് 375.24 പോയിന്റ്് (0.45%) നഷ്ടത്തിൽ 82,259.24ലും 50 ഓഹരികളുടെ എൻഎസ്ഇ നിഫ്റ്റി 100.60 പോയിന്റ് (0.40%) താഴ്ന്ന് 25,111.45ലും ക്ലോസ് ചെയ്തു.
യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം ഇന്ത്യൻ വിപണിയെ ബാധിച്ചു. പലിശ നിരക്ക് കുറയ്ക്കണമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാക്കുകൾക്ക് ചെവികൊടുക്കാത്ത പവലിനെ ആ സ്ഥാനത്തുനിന്ന് മാറ്റാനുള്ള സാധ്യതകളുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഈ വാർത്തകൾ ട്രംപ് നിഷേധിച്ചിട്ടുണ്ടെങ്കിലും പവലിനെതിരേയുള്ള വിമർശനം പ്രസിഡന്റ് തുടരുകയാണ്. 2026 മേയിലാണ് പവലിന്റെ കാലാവധി പൂർത്തിയാകുക. പവലിനെ മാറ്റാനുള്ള സാധ്യത ഫെഡറൽ റിസർവിന്റെ സ്വാതന്ത്ര്യത്തെയും യുഎസ് സാന്പത്തിക വ്യവസ്ഥയുടെ സ്ഥിരതയെയും കുറിച്ച് ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ പിന്മാറ്റവും കന്പനികളുടെ ത്രൈമാസ വരുമാനത്തിലെ ഇടിവും വിപണിയെ സ്വാധീനിച്ചു. എക്സ്ചേഞ്ച് കണക്കുകൾ പ്രകാരം 1858.15 കോടി മൂല്യമുള്ള ഓഹരികളാണ് ബുധനാഴ്ച വിദേശ നിക്ഷേപർ വിറ്റത്.
വിശാല സൂചികകളിൽ ബിഎസ്ഇ മിഡ്കാപ് (0.18%) താഴ്ന്നപ്പോൾ സ്മോൾകാപ് 0.28 ശതമാനം ഉയർന്നു. നിഫ്റ്റി മിഡ്കാപ് (0.17%), സ്മോൾകാപ് (0.12%) സൂചികകൾക്ക് ഇടിവ് നേരിട്ടു.
മേഖലാ സൂചികകളിൽ നിഫ്റ്റി ഐടി (1.39%) 522 പോയിന്റ് താഴ്്ന്ന് ഇന്നലെ ഏറ്റവും വലിയ നഷ്ടം നേരിട്ടു. നിഫ്റ്റി ബാങ്ക് (0.59%), പ്രൈവറ്റ് ബാങ്ക് (0.58%), പിഎസ് യു ബാങ്ക് (0.79%), ഫിനാൻഷൽ സർവീസസ് (0.40%) ഓഹരികളും വലിയ തകർച്ച നേരിട്ടു. റിയാലിറ്റി, മെറ്റൽ, ഹെൽത്ത്കെയർ, എഫ്എംസിജി, കണ്സ്യൂമർ ഡ്യൂറബിൾസ്, ഫാർമ ഓഹരികൾ നേട്ടത്തിലെത്തി.
<b>രൂപയ്ക്ക് നഷ്ടം</b>
യുഎസ് ഡോളറിനെതിരേ രൂപ 15 പൈസ താഴ്ന്ന് 86.07ൽ ഇന്നലെ വ്യാപാരം പൂർത്തിയാക്കി. ഡോളറിന്റെ മൂല്യം ശക്തമായതും ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ നിക്ഷേപരുടെ പിന്മാറ്റം, അസംസ്കൃത എണ്ണ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടം എന്നിവയാണ് രൂപയുടെ മൂല്യത്തിൽ ഇടിവിനു കാരണമായത്.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ 85.93 എന്ന നിലയിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. 86.07ൽ വ്യാപാരം പൂർത്തിയാക്കും മുന്പ് 85.80-86.09 റേഞ്ചിൽ വ്യാപാരം നടത്തി. ബുധനാഴ്ച ഡോളറിനെതിരേ രൂപ16 പൈസ നഷ്ടത്തിൽ 85.92ലാണ് പൂർത്തിയാക്കിയത്.
Tags :