ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് മുതലായ സൈബർ തട്ടിപ്പുകൾ തടയുന്നതിനു ജനങ്ങൾതന്നെ കരുതലെടുക്കണമെന്ന് വിദഗ്ധർ. രാജ്യത്തു വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകൾ തടയുന്നതിനു ബാങ്കുകൾ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും എന്നാൽ തട്ടിപ്പിനു ഇരയാകാതിരിക്കാനുള്ള പ്രാഥമിക നടപടികൾ സ്വീകരിക്കേണ്ടത് ജനങ്ങൾതന്നെയാണെന്നും സൈബർ സുരക്ഷാ വിദഗ്ധനായ സുന്ദരേശ്വർ കൃഷ്ണമൂർത്തി ഒരു ദേശീയ ദിനപത്രത്തോടു വ്യക്തമാക്കി.
മെസേജിംഗ് ആപ്പിൽ അജ്ഞാത നന്പറുകൾ ബ്ലോക്ക് ചെയ്യുക, കോളർ ഐഡി ഉപയോഗിക്കുക, അജ്ഞാത നന്പറുകളുമായി അധികനേരം ഇടപഴകാതിരിക്കുക, ബാങ്കിംഗിനും സാന്പത്തിക ഇടപാടുകൾക്കും മറ്റൊരു നന്പർ ഉപയോഗിക്കുകയും ഈ നന്പർ മറ്റാരുമായും കൈമാറാതിരിക്കുകയും ചെയ്യുക എന്നിവയാണ് സൈബർ സുരക്ഷാ വിദഗ്ധർ ജനങ്ങൾക്ക് മുന്നിൽവയ്ക്കുന്ന പ്രധാന നിർദേശങ്ങൾ. ഓണ്ലൈൻ തട്ടിപ്പുകൾക്കെതിരെ സൈബർ ഇൻഷ്വറൻസ് എടുക്കുന്നതും പരിഗണിക്കണം. പണമാവശ്യപ്പെട്ട് ബന്ധുക്കളോ സുഹൃത്തുക്കളോ ബന്ധപ്പെട്ടാൽ ഉടൻതന്നെ ആ വ്യക്തിയെ പ്രത്യേകമായി ബന്ധപ്പെട്ടു ആധികാരികത ഉറപ്പു വരുത്തണമെന്നും നിർദേശമുണ്ട്.
ഫിക്സഡ് ഡെപ്പോസിറ്റുകളിലും മ്യൂച്വൽ ഫണ്ടുകളിലും ബാങ്ക് അക്കൗണ്ടുകളിലുമുള്ള പണം സംരക്ഷിക്കുന്നതിനായി പ്രതിവർഷം 1000 രൂപയിൽ താഴെ മാത്രം നൽകിയുള്ള സൈബർ ഇൻഷ്വറൻസുകളുണ്ടെന്ന് സൈബർ ഫോറൻസിക്സ് വിദഗ്ധനായ രൺജിത് ബെല്ലാരി വ്യക്തമാക്കി. രാജ്യത്തു ഡിജിറ്റൽ അറസ്റ്റ് എന്നൊരു നടപടിയില്ലെന്നും അത്തരം അറസ്റ്റുമായി ബന്ധപ്പെട്ടു ആരെങ്കിലും ബന്ധപ്പെട്ടാൽ അങ്ങനെയുള്ള കോളുകൾ ഉടൻ തന്നെ cybercrime.gov.in വെബ്സൈറ്റ് വഴി റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്.
Tags : digital fraud cyber security