ADVERTISEMENT
ന്യൂഡൽഹി: ഇലോണ് മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള അവസാന കടന്പയും കടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ബഹിരാകാശ ഏജൻസിയായ ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിൽ (ഇൻ-സ്പേസ്) നിന്നുള്ള അംഗീകാരമാണ് ലഭിച്ചത്. സ്റ്റാർലിങ്ക് ജെൻ 1 ലോ എർത്ത് ഓർബിറ്റ് (LEO) ഉപഗ്രഹ ശൃംഖല ഉപയോഗിച്ച് ഉപഗ്രഹ ആവശവിനിമയ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.
കന്പനിയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനത്തിലെ അവസാനത്തെ പ്രധാന കടന്പയായിരുന്നു ബഹിരാകാശ ഏജൻസിയിൽനിന്നുള്ള അംഗീകാരം.
അനുമതി ലഭിച്ച തീയതി മുതൽ അഞ്ചു വർഷത്തേക്കോ അല്ലെങ്കിൽ ജെൻ 1 ഉപഗ്രഹ ശൃംഖലയുടെ പ്രവർത്തന കാലാവധി അവസാനിക്കുന്നതു വരെയോ (ഏതാണോ ആദ്യം അവസാനിക്കുന്നത്) ആയിരിക്കും അനുമതിയുടെ കാലാവധി.
മസ്കിന്റെ സ്പേസ് എക്സിന്റെ ഉപഗ്രഹ ഇന്റർനെറ്റ് ദാതാവായ സ്റ്റാർലിങ്ക്, 2022 മുതൽ ഇന്ത്യയിൽ വാണിജ്യ ലൈസൻസുകൾ തേടുകയാണ്. കഴിഞ്ഞ മാസം ടെലികമ്യൂണിക്കേഷൻ വകുപ്പിൽ നിന്ന് ഒരു പ്രധാന പെർമിറ്റ് നേടിയെങ്കിലും, ബഹിരാകാശ വകുപ്പിൽ നിന്നുള്ള പച്ചക്കൊടിക്കായി കാത്തിരിക്കുകയായിരുന്നു.
ഈ ഏറ്റവും പുതിയ അനുമതിയോടെ സ്റ്റാർലിങ്ക്, യൂട്ടെൽസാറ്റിന്റെ വണ്വെബിനും റിലയൻസ് ജിയോയ്ക്കും ശേഷം ഇന്ത്യയിൽ പ്രവർത്തനാനുമതികൾ ലഭിക്കുന്ന മൂന്നാമത്തെ സാറ്റലൈറ്റ് ഇന്റർനെറ്റ് ഓപ്പറേറ്ററായി.
സേവനങ്ങൾ ആരംഭിക്കുന്നതിനുമുന്പ്, സ്റ്റാർലിങ്കിന് സർക്കാരിൽനിന്ന് സ്പെക്ട്രം വിഹിതം നേടണം. ഗ്രൗണ്ട് അധിഷ്ഠിത അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കണം. സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നുവെന്ന് തെളിയിക്കാൻ പരീക്ഷണങ്ങൾ നടത്തണം.
സ്റ്റാർലിങ്ക് കിറ്റിന് ഇന്ത്യയിൽ ഏകദേശം 33,000 രൂപയാകുമെന്നാണ് കരുതുന്നത്. പ്രതിമാസ സബ്സ്ക്രിബ്ഷൻ നിരക്കുകൾ 3000 മുതൽ 4200 രൂപ വരെയാകും. ഈ വർഷം മേയ്, ഫെബ്രുവരി മാസങ്ങളിൽ സേവനം ആരംഭിച്ച ബംഗ്ലാദേശ്, ഭൂട്ടാൻ തുടങ്ങിയ അയൽ രാജ്യങ്ങൾക്ക് പ്രഖ്യാപിച്ച നിരക്കുകൾക്ക് സമാനമാണ് ഈ നിരക്കുകൾ.
Tags : Starlink LEO internet satellites india