ADVERTISEMENT
നാളെയാണ്, നാളെ അമേരിക്കൻ ഭരണകൂടം ഉയർത്തിയ നികുതി വിഷയത്തിലെ അവസാന ദിനം. ആഗോള ഓഹരിക്കമ്പോളങ്ങൾ അൽപ്പം ആശങ്കയിലാണ്. ഒട്ടുമിക്ക രാജ്യങ്ങൾക്കും നൽകിയ 90 ദിവസത്തെ സാവകാശം ബുധനാഴ്ച അവസാനിക്കും; ഉയർന്ന നികുതി അടിച്ചേൽപ്പിച്ച് ലോക രാജ്യങ്ങളെ കൈപ്പിടിയിൽ ഒതുക്കാമെന്ന മോഹവുമായി അമേരിക്ക വാരമധ്യം രംഗത്ത് ഇറങ്ങുമെന്നതിനാൽ ധനകാര്യസ്ഥാപനങ്ങളും ഇതര നിക്ഷേപകരും പുതിയ പ്രഖ്യാപനങ്ങളെ ആശങ്കയോടെ ഉറ്റ്നോക്കുന്നു.
ഇന്ത്യൻ മാർക്കറ്റ് സാങ്കേതികമായി ഓവർ ബ്രോട്ടായതിനാൽ തിരുത്തലിന് മുതിരുമെന്ന് മുൻവാരം വ്യക്തമാക്കിയത് ശരിവയ്ക്കുന്നതായിരുന്നു വിപണിയിലെ സംഭവവികാസങ്ങൾ. നിഫ്റ്റി സൂചിക 176 പോയിന്റും സെൻസെക്സ് 626 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. ഇന്ത്യാ വോളറ്റിലിറ്റി ഇൻഡെക്സ് 12ലേക്ക് താഴ്ന്നുനിൽക്കുന്നത് നിക്ഷേപകർക്ക് വിപണിയിലെ വിശ്വാസം നിലനിർത്താൻ അവസരം ഒരുക്കുന്നു.
സാങ്കേതിക തിരുത്തൽ പുതിയ നിക്ഷേപകർക്ക് രംഗത്തു കടന്നു വരാൻ അനുകൂല സാഹചര്യം ഒരുക്കും. ഫ്യൂച്ചേസ് ആൻഡ് ഓപ്ഷൻസിൽ ഓപ്പൺ ഇന്ററസ്റ്റിൽ ഏകദേശം പത്ത് ലക്ഷം കരാറുകളുടെ കുറവ് സംഭവിച്ചെങ്കിലും ബുൾ ഓപ്പറേറ്റർമാരുടെ സാന്നിധ്യം തുടരുന്നത് വിപണിയുടെ അടിയൊഴുക്ക് ശക്തമാക്കാം. താഴ്ന്ന റേഞ്ചിൽ പുതിയ ബൈയിംഗിന് അവസരം കണ്ടെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണവർ. കഴിഞ്ഞ വാരം ഇതേ കോളത്തിൽ സൂചിപ്പിച്ചതാണ് തിരുത്തൽ അവസരമാക്കാമെന്നത്.
ആശ്വാസമായി നിഫ്റ്റി
25,637 പോയിന്റിൽ ട്രേഡിംഗ് ആരംഭിച്ച നിഫ്റ്റി സൂചിക 25,836 ലെ ആദ്യ പ്രതിരോധം കൈപ്പിടിയിൽ ഒതുക്കാനുള്ള ശ്രമം വിജയിച്ചില്ല. ഇതിനിടയിൽ ഉയർന്ന തലങ്ങളിൽ ലാഭമെടുപ്പിന് ഓപ്പറേറ്റർമാർ രംഗത്ത് ഇറങ്ങിതോടെ സൂചിക 25,338ലേക്ക് ഇടിഞ്ഞെങ്കിലും കഴിഞ്ഞവാരം വ്യക്തമാക്കിയ 25,090ലെ സപ്പോർട്ട് നിലനിർത്തിയത് ഇടപാടുകാർക്ക് ആശ്വാസമായി.
വ്യാപാരാന്ത്യം സൂചിക 25,461 പോയിന്റിലായിരുന്നു. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ നിഫ്റ്റിക്ക് 25,619-25,777 പോയിന്റിൽ പ്രതിരോധങ്ങൾ തല ഉയർത്താം; ഇത് മറികടന്നാൽ അടുത്ത ലക്ഷ്യം 25,836 പോയിന്റിനെ കൈപിടിയിൽ ഒതുക്കുക തന്നെയാണ്. അതേ സമയം നിലവിലെ തിരുത്തൽ തുടർന്നാൽ 25,320ലും 25,179ലും താങ്ങുണ്ട്; ഇത് നഷ്ടപ്പെടുന്ന സാഹചര്യ ഉടലെടുത്താൽ 25,090 പോയിന്റ് വീണ്ടും സപ്പോർട്ടായി മാറാം. സാങ്കേതികമായി വിപണി ബുള്ളിഷ് ട്രെൻഡ് നിലനിർത്തുന്നതിനൊപ്പം വിവിധ ഇൻഡിക്കേറ്റുകൾ ഓവർ ബ്രോട്ടിൽനിന്നും ന്യൂട്ടറിലേക്ക് തിരിഞ്ഞത് അവസരമാക്കി ബൈയർമാർ വിപണിയിൽ പിടിമുറുക്കാം.
സെൻസെക്സ് ബുള്ളിഷ് ട്രെൻഡിൽ
ബോംബെ സെൻസെക്സ് ബുള്ളിഷ് ട്രെൻഡിലാണ്. അതേസമയം മുൻവാരത്തിലെ 84,058 പോയിന്റിൽനിന്നും കൂടുതൽ മികവിന് അവസരം നൽകാതെ ലാഭമടുപ്പിന് വിദേശ ഫണ്ടുകൾ നടത്തിയ നീക്കം ചാഞ്ചാട്ടങ്ങൾക്ക് ഇടയാക്കിയെങ്കിലും സപ്പോർട്ട് റേഞ്ചിന് ഏറെ മുകളിൽ തന്നെ സൂചിക നീങ്ങി.
ഒരുവസരത്തിൽ 83,029ലേക്ക് താഴ്ന്ന ശേഷമുള്ള തിരിച്ചുവരവിൽ 83,432 പോയിന്റിൽ ക്ലോസിംഗ് നടന്നു. ഈവാരം 82,970- 82,508 പോയിന്റിലെ സപ്പോർട്ട് നിലനിൽക്കുവോളം തിരിച്ചു വരവിൽ 83,953-84,474 പോയിന്റിലേക്കും തുടർന്ന് 85,457ലേക്കും ഉയരാനുള്ള ശ്രമം നടത്താം. ബുൾ റാലിയുടെ കരുത്തും വിപണിയുടെ അടിയൊഴുക്കും കണക്കിലെടുത്താൽ ദീപാവലി വേളയിൽ സെൻസെക്സ് 90,000-92,000 റേഞ്ചിലെ കൈപിടിയിൽ ഒതുക്കാം.
രൂപയ്ക്ക് കരുത്ത്
വിനിമയ വിപണിയിൽ രൂപ കരുത്ത് നിലനിർത്തി. രൂപയുടെ മൂല്യം 85.48ൽനിന്നും 85.78ലേക്ക് ദുർബലമായ ശേഷം തിരിച്ചുവരവിൽ 85.21ന്റെ പാദയിലേക്ക് പ്രവേശിച്ച ശേഷം വ്യാപാരാന്ത്യം വിനിമയ നിരക്ക് 85.44ലാണ്. രൂപയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ഡോളറിന് മുന്നിൽ 85.11ലേക്കും തുടർന്ന് 84.55ലേക്കും ശക്തിപ്രാപിക്കാൻ ഇടയുണ്ട്.
വിദേശ ധനകാര്യസ്ഥാപനങ്ങൾ വാങ്ങൽ കുറച്ച് പിന്നിട്ട വാരം എല്ലാ ദിവസങ്ങളിലും വിൽപ്പനയ്ക്ക് മുൻതൂക്കം നൽകി. വിദേശ ഓപ്പറേറ്റർമാർ പിന്നിട്ടവാരം 6604.56 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറി. എന്നാൽ, ആഭ്യന്തര ഫണ്ടുകൾ തുടർച്ചയായ പതിനൊന്നാം വാരത്തിലും നിക്ഷേപകന്റെ മേലങ്കിയിൽ തുടരുന്നത് ആശ്വാസമെങ്കിലും പോയവാരം ഒരു ദിവസം അവർ 1028.84 കോടി രൂപയുടെ വിൽപ്പന നടത്തി. എന്നാൽ, പിന്നിടുള്ള നാല് ദിസങ്ങളിലായി അവർ 8638.26 കോടി രൂപയുടെ നിക്ഷേപം നടത്തി.
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അയവ് വന്നത് ക്രൂഡ് ഓയിലിൽ വില കുറയാൻ അവസരം ഒരുക്കിയതിനിടയിൽ ഉത്പാദനം വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഒപ്പക്ക് പ്ലെസ്. ക്രൂഡ് ഓയിൽ വില രാജ്യാന്തര മാർക്കറ്റിൽ ബാരലിന് 68.47 ഡോളറിലാണ്. ശനിയാഴ്ച രാത്രി ചേർന്ന യോഗത്തിൽ എണ്ണ ഉത്പാദനം ഉയർത്തി 5,48,000 ബാരലുകൾ വിതരണം ചെയ്യാൻ എട്ട് ഉത്പാദക രാജ്യങ്ങളിലെ അംഗങ്ങൾ സമ്മതിച്ചത് ഫലത്തിൽ ഇന്ത്യൻ രൂപയ്ക്കും രാജ്യത്തിന്റെ സാന്പത്തിക വളർച്ചയും വേഗത പകരും. ഒപ്പെക്കിനെ മറികടക്കാനുള്ള ഒപ്പെക് പ്ലെസിന്റെ നീക്കം ക്രൂഡ് ഓയിൽ വില ബാരലിന് 62 ‐59 ഡോളറിലേക്ക് തിരിയാനുള്ള സാധ്യതകൾക്ക് ശക്തിപകരാം.
ന്യൂയോർക്കിൽ സ്വർണ വില ട്രോയ് ഔൺസിന് 3273 ഡോളറിൽനിന്നും 3249ലേക്ക് തുടക്കത്തിൽ താഴ്ന്ന അവസരത്തിൽ ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് കാണിച്ച തിടുക്കവും പുതിയ നിക്ഷേപകരുടെ വരവും മഞ്ഞലോഹത്തെ 3365 ഡോളർ വരെ ഉയർത്തിയെങ്കിലും മാർക്കറ്റ് ക്ലോസിംഗിൽ 3333 ഡോളറിലാണ്.
Tags :