ADVERTISEMENT
മുംബൈ: ഇന്ത്യയിലെ പെട്രോകെമിക്കൽ മേഖലയിൽ റിലയൻസ് ഇൻഡസ്ട്രിയുടെ കുത്തകയ്ക്ക് വെല്ലുവിളി ഉയർത്തി ഗൗതം അദാനിയുടെ കമ്പനിയും. പ്രതിവർഷം ഒരു മില്യണ്‍ ടണ്‍ ഉത്പാദനശേഷിയുള്ള പിവിസി പ്ലാന്റ് ഗുജറാത്തിലെ മുന്ദ്രയിൽ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനി നിർമിക്കാനൊരുങ്ങുന്നു. 2028 സാമ്പത്തിക വർഷത്തിൽ പദ്ധതി കമ്മീഷൻ ചെയ്യാനാണ് ഒരുങ്ങുന്നത്. അദാനി ഗ്രൂപ്പിന്റെ പതാകവാഹകരായ അദാനി എന്റർപ്രൈസ് ലിമിറ്റഡാണ് മുന്ദ്രയിൽ പെട്രോകെമിക്കൽ സ്ഥാപനം നിർമിക്കുന്നത്.
ഇന്ത്യയുടെ വാർഷിക പിവിസി ആവശ്യം നാലു മില്യണ്‍ ടണ്‍ ആണ്. ഇതിൽ ആഭ്യന്തര ഉത്പാദന ശേഷി 1.59 മില്യണ്‍ ടണ്‍ ആണ്. ഇതിലെ പകുതിയും റിലൻസിന്റേതാണ്. ബാക്കി ഇറക്കുമതിയാണ്.
പിവിസി അഥവാ പോളി വിനൈൽ ക്ലോറൈഡ് എന്നത് ഒരു സിന്തറ്റിക് പ്ലാസ്റ്റിക് പോളിമറാണ്. ഇത് പൈപ്പുകൾ, ഫിറ്റിംഗുകൾ മുതൽ ജനൽ, വാതിൽ ഫ്രെയിമുകൾ, കേബിൾ ഇൻസുലേഷൻ, വിനൈൽ ഫ്ളോറിംഗ്, വാൾ കവറുകൾ, ക്രെഡിറ്റ് കാർഡുകൾ, കളിപ്പാട്ടങ്ങൾ എന്നിങ്ങനെ നിരവധി ഉത്പന്നങ്ങൾ നിർമിക്കാൻ വ്യാപകമായി ഉപയോഗിക്കുന്നു.
അടിസ്ഥാന സൗകര്യങ്ങൾ, കൃഷി, ജലസേചനം, ഭവന നിർമാണം, ഫാർമസ്യൂട്ടിക്കൽ, പായ്ക്കിംഗ് മേഖലകളിൽ പിവിസിയുടെ ഉപയോഗമേറെയാണ്. ഇന്ത്യയിൽ പിവിസി ആവശ്യകത 8-10 ശതമാനം സംയോജിത വാർഷിക വളർച്ചാനിരക്ക് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പിവിസി, ക്ലോർ-ആൽക്കലി, കാൽസ്യം കാർബൈഡ്, അസറ്റിലീൻ യൂണിറ്റുകൾ എന്നിവ നിർമിക്കുന്നതിനുള്ള ശേഷികൾ പിവിസി പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
പാരിസ്ഥിതിക അനുമതിയും പദ്ധതി സ്ഥാപിക്കുന്നതിനുള്ള സമ്മതവും ഇതിനകം ലഭിച്ചതോടെ, അസറ്റിലീൻ, കാർബൈഡ് അധിഷ്ഠിത പിവിസി ഉത്പാദന പ്രക്രിയ നടപ്പിലാക്കാൻ അദാനി ഗ്രൂപ്പ് ശ്രമിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
റിലൻസിനൊപ്പം അദാനിയുടെ പദ്ധതിയും വരുന്നതോടെ ഇന്ത്യയുടെ പിവിസി ആവശ്യകത ഒരു പരിധിവരെ നിർവഹിക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയക്കാനും സാധിക്കും.
നിലവിൽ റിലയൻസ് ആണ് രാജ്യത്തെ ഏറ്റവും വലിയ പിവിസി ഉത്പാദകർ. പ്രതിവർഷം ഏകദേശം 7,50,000 ടണ്‍ ഉത്പാദന ശേഷിയാണ് റിലയൻസിനുള്ളത്. ഗുജറാത്തിലെ ഹസിറ, ദഹേജ്, വഡോദര എന്നിവിടങ്ങളിലാണ് റിലയൻസിന്റെ പിവിസി പ്ലാന്റുകൾ്. 2027 ആകുമ്പോഴേക്കും ഉത്പാദനശേഷി ഇരട്ടിയാക്കാനാണ് അവർ ലക്ഷ്യമിടുന്നത്.
ഇതോടെ ഇന്ത്യയിലെ അതി സമ്പന്നരായ വ്യക്തികൾകളുടെ കന്പനികൾ തമ്മിൽ നേരിട്ടുള്ള മത്സരത്തിലാണ് വഴിയൊരു ങ്ങുന്നത്.ആവശ്യകത വർധിക്കുന്നതനുസരിച്ച് ഭാവിയിൽ അദാനിയുടെ മുന്ദ്രയിലെ പ്ലാന്റിൽനിന്ന് പ്രതിവർഷം രണ്ടു മില്യൺ ടണ്ണായി ഉത്പാദനശേഷി വികസിപ്പിക്കാൻ കഴിയുമെന്നും ഇതുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
Tags :