ADVERTISEMENT
കോട്ടയം: 1850കളിൽ ഒരു ആൽമരത്തിനു കീഴിൽ ആരംഭിച്ച ബോംബെ സ്റ്റോക് എക്സ്ചേഞ്ച് (ബിഎസ്ഇ) ഇന്ന് ജൂലൈ ഒന്‍പതിന് 150 വർഷം പൂർത്തിയാക്കുകയാണ്. ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള സ്റ്റോക് എക്സ്ചേഞ്ചായ ബിഎസ്ഇ ഇന്ത്യയുടെ സാന്പത്തിക വിപണികളുടെ പ്രതീകമാണ്. സന്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളുടെയും ഭാഗമായ കോർപറേറ്റ് സ്ഥാപനങ്ങളിലൂടെ ദശലക്ഷക്കണക്കിനു സന്പാദ്യം രാഷ്ട്ര നിർമാണത്തിന്റെ ഉത്പാദനപരമായ ആവശ്യങ്ങൾക്കായി തിരിച്ചുവിടുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
1800കളുടെ തുടക്കത്തിൽ ഈസ്റ്റ് ഇന്ത്യ കന്പനി ഇന്ത്യയിൽ പ്രവേശിച്ചതോടെ ലോണ്‍ സെക്യൂരിറ്റീസ് വ്യാപാരം ആരംഭിച്ചെങ്കിലും സ്റ്റോക് എക്സ്ചേഞ്ചുകൾ പിന്നെയും വൈകിയാണ് ഉയർന്നുവന്നത്. 1850കളിൽ അഞ്ചു പേരടങ്ങുന്ന സ്റ്റോക് ബ്രോക്കർമാർ അന്നത്തെ ബോംബെ ടൗണ്‍ ഹാളിനു മുന്നിലുള്ള ആൽമരത്തിനു കീഴിൽ ഒത്തുകൂടി. ഈ അനൗപചാരികമായ ഒത്തുകൂടൽ ഏഷ്യയിലെ തന്നെ ആദ്യ സ്റ്റോക് എക്സ്ചേഞ്ചിന് അടിത്തറപാകുകയായിരുന്നു.
പിന്നീട് സ്റ്റോക് ബ്രോക്കർമാരുടെ എണ്ണം ഉയർന്നുതുടങ്ങിയതോടെ അവർ പല ആൽമരങ്ങൾക്കു കീഴിലായി. 1872 വരെ ടൗണ്‍ ഹാളിന് എതിർവശത്ത് 22 സ്റ്റോക് ബ്രോക്കർമാർ പ്രവർത്തിച്ചിരുന്നു. ബ്രോക്കർമാരുടെ എണ്ണം ഉയർന്നതോടെ ഇവർക്കു ചേരാൻ സ്ഥിരമായ ഒരു സ്ഥലം വേണമെന്ന നിലയിലെത്തി. 1874ൽ ബ്രോക്കർമാർ അവരുടേതെന്നു പറയാവുന്ന സ്ഥലം കണ്ടെത്തുകയും ചെയ്തു. 1875 ജൂലൈ ഒന്‍പതിന് നേറ്റിവ് ഷെയർ ആൻഡ് സ്റ്റോക് ബ്രോക്കേഴ്സ് അസോസിയേഷൻ എന്ന പേരിൽ ബ്രോക്കേഴ്സ് സംഘടന സ്ഥാപിതമായി. ഇതു പിന്നീട് ബോംബെ സ്റ്റോക് എക്സ്ചേഞ്ച് എന്നാകുകയായിരുന്നു.
ബിഎസ്ഇ സ്ഥാപിതമായതിനു മൂന്നു വർഷങ്ങൾ കഴിഞ്ഞാണ് ടോക്കിയോ സ്റ്റോക് എക്സ്ചേഞ്ച് രൂപീകൃതമാകുന്നത്. കോട്ടണ്‍ കിംഗ് ഓഫ് ബോംബെ എന്നറിയപ്പെട്ട പ്രേംചന്ദ് റോയിചന്ദ് ആണ് ബിഎസ്ഇയുടെ പ്രധാന സ്ഥാപകരിൽ ഒരാൾ. റിപ്പോർട്ടുകൾ പ്രകാരം നേറ്റീവ് ഷെയർ ആൻഡ് സ്റ്റോക് ബ്രോക്കേഴ്സ് അസോസിയേഷനിൽ തുടക്കത്തിൽ 318 അംഗങ്ങളാണുണ്ടായിരുന്നത്. പ്രവേശന ഫീസ് ഒരു രൂപയുമായിരുന്നു. 1875ൽ ബിഎസ്ഇയുടെ പിറവിക്കുശേഷം അടുത്ത ദശകങ്ങളിൽ അഹമ്മദാബാദ് (1894), കോൽക്കത്ത (1908). മദ്രാസ് (1920), ഹൈദരാബാദ് (1944) എന്നിവിടങ്ങളിൽ സ്റ്റോക് എകസ്ചേഞ്ചുകൾ ഉദിച്ചുവന്നു.
ബിഎസ്ഇ നിലവിൽ സ്ഥിതിചെയ്യുന്ന സ്ഥലം 1928ലാണ് വാങ്ങിയത്. 1930ൽ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു ശേഷം ബിഎസ്ഇക്ക് 1957ൽ സെക്യൂരിറ്റീസ് കോണ്‍ട്രാക്ട്സ് (റെഗുലേഷൻ) ആക്ട് (എസ്സിആർഎ) പ്രകാരം ബിഎസ്ഇക്ക് ഒൗദ്യോഗിക അംഗീകാരം ലഭിച്ചു. ഫിറോസ് ജിജിഭോയ് ടവേഴ്സ് എന്നറിയപ്പെടുന്ന ഇപ്പോഴത്തെ ബിഎസ്ഇ കെട്ടിടം 1970ൽ നിർമിച്ചതാണ്. 1966 മുതൽ 1980 വരെ ബിഎസ്ഇയുടെ ചെയർമാനായിരുന്ന ഫിറോസ് ജംഷഡ് ജിജിഭോയിയുടെ പേരിലാണ് ഇതറിയപ്പെടുന്നത്.
1986ൽ ബിഎസ്ഇ ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് ആരംഭിച്ചു. 100 പോയിന്റായിരുന്നു അടിസ്ഥാനം. 1990ൽ സെൻസെക്സ് 1000 പോയിന്റ് ആദ്യമായി കടന്നു. 1999ൽ 5000, 2000ൽ 20,000 2024ൽ 80000 പോയിന്റും കടന്നു.
1992 ഇന്ത്യൻ സാന്പത്തിക രംഗം നിരവധി മാറ്റങ്ങൾ കണ്ട വർഷമായിരുന്നു. അന്നത്തെ കേന്ദ്ര ധനമന്ത്രി വിദേശ നിക്ഷേപർക്ക് ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള വാതിൽ തുറന്നു നൽകി. ലിബറലൈസേഷൻ, പ്രൈവറ്റൈസേഷൻ, ഗ്ലോബലൈസേഷൻ നയം അവതരിപ്പിക്കുകയും ചെയ്തു. പുതിയ അവസരങ്ങൾ ഉടലെടുത്തു. ഹർഷദ് മേത്ത എന്ന പേര് ഇന്ത്യയിൽ മൊത്തം സുപരിചിതമായി.
ഇന്ത്യ കണ്ട ഏറ്റവും വലിയ സെക്യൂരിറ്റി കുംഭകോണത്തിലൂടെ അദ്ദേഹം ഇരുന്പഴിക്കുള്ളിലായി. ഇതിന്റെ ഫലമായി ആ വർഷം സെക്യൂരിറ്റിസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്കു നിയമപരമായി അംഗീകാരം ലഭിച്ചു. ഇതിനുമുന്‍പ് നാലു വർഷമായി നിയമാനുസൃതമല്ലാത്ത സ്ഥാപനമായിരുന്നു. 1994ൽ ബിഎസ്ഇയുടെ കുത്തകയുമായി ആരോഗ്യകരമായ മത്സരത്തിനായി നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് (എൻഎസ്ഇ) കടപത്ര, ഓഹരി വിപണിയിൽ ഇറങ്ങി.
2023ൽ ബിഎസ്ഇയുടെ 149-ാം സ്ഥാപക ദിനഘോഷങ്ങളുടെ ഭാഗമായി പുതിയ ലോഗോ പുറത്തിറക്കി. സമൃദ്ധി, ഉൗർജസ്വലത, വളർച്ച, പുതിയ തുടക്കം എന്നിവ പ്രതീകങ്ങളാകുന്നതാണ് പുതിയ ലോഗോ. ഈ ലോഗോ എക്സ്ചേഞ്ചിന്റെ വിശ്വാസ്യതയും നിരന്തരമായ പ്രതിബദ്ധതയും വളർന്നുവരുന്ന ഉത്തരവാദിത്വവും പ്രതിഫലപ്പിക്കുന്നു. 5500ലേറെ കന്പനികളാണ് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. 420 ലക്ഷം കോടി രൂപയിലധികമാണ് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മുഴുവൻ കന്പനികളുടെയും കൂടിയുള്ള വിപണി മൂലധനം.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ 150 വർഷത്തെ യാത്ര, കൊളോണിയൽ ആശ്രിതത്വത്തിൽനിന്ന് ആത്മവിശ്വാസമുള്ള, ആഗോള ശക്തിയിലേക്കുള്ള ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സാന്പത്തിക മുന്നേറ്റത്തിന്റെ തെളിവാണ്. ഒരു ആൽമരത്തിനു കീഴെ കുറച്ച് ബ്രോക്കർമാരുടെ ഒത്തുചേരലിൽ ആരംഭിച്ചത്, ദശക്ഷക്കണക്കിനു ജീവിതങ്ങളെ സ്വാധീനിക്കുന്ന നിർണായകമായ ഒരു സ്ഥാപനമായി വളർന്നു.
ഓഹരികൾക്കായുള്ള ഒരു വിപണി എന്നതിലുപരി, ബിഎസ്ഇ സംരംഭകർക്കും നിക്ഷേപകർക്കും ഇന്ത്യൻ സന്പദ്വ്യവസ്ഥയ്ക്കും മൊത്തത്തിൽ സ്വപ്നങ്ങളുടെ ഒരു സഹായിയായി മാറിയിരിക്കുന്നു. യാത്രയുടെ അടുത്ത ഘട്ടത്തിലേക്കു കടക്കുന്പോൾ, ബിഎസ്ഇയുടെ പ്രവർത്തനം ഇന്ത്യയുടെ സന്പദ്വ്യവസ്ഥയുടെ നവീരണത്തിൽ വലിയൊരു സ്വാധീനമാകും.
Tags :