ADVERTISEMENT
ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് ആശ്വാസം നല്കുന്ന പ്രഖ്യാപനങ്ങളുമായി നാലു പൊതുമേഖല ബാങ്കുകൾ. സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിബന്ധനയാണ് നാലു പൊതുമേഖലാ ബാങ്കുകൾ ഒഴിവാക്കിയത്.
ഇതോടെ പിഴയില്ലാതാകും. രണ്ടു മാസത്തിനിടെ നാലു പൊതുമേഖലാ ബാങ്കുകളാണ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾക്കുള്ള മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കിയത്.
ഈ വർഷം കനറാ ബാങ്കിനു പിന്നാലെ പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയും അവസാനം ഇന്ത്യൻ ബാങ്കും മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കി.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2020 മുതൽ സേവിംഗ്സ് അക്കൗണ്ടിലെ മിനിമം ബാലൻസ് നിബന്ധന പിൻവലിച്ചിരുന്നു.
<b>1. കനറാ ബാങ്ക്</b>
എല്ലാത്തരം സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലും പ്രതിമാസം ശരാശരി നിശ്ചിത തുകയുണ്ടായിക്കണമെന്ന നിബന്ധന ഒഴിവാക്കി. ജൂണ് ഒന്നു മുതൽ ഇത് പ്രാബല്യത്തിലാകുകയും ചെയ്തു. ഈ ഇളവ് സേവിംഗ്സ് അക്കൗണ്ടുകൾ, സാലറി അക്കൗണ്ടുകൾ, എൻആർഐ സേവിംഗ്സ് അക്കൗണ്ടുകൾ എന്നിവയുൾപ്പെടെ എല്ലാത്തരം സേവിംഗ്്സ് അക്കൗണ്ടുകൾക്കും ബാധകമാണ്.
<b>2. പഞ്ചാബ് നാഷണൽ ബാങ്ക്</b>
എല്ലാ സേവിംഗ്സ് അക്കൗണ്ടുകളിലും മിനിമം ശരാശരി ബാലൻസ് നിലനിർത്താത്തതിനുള്ള പിഴ ഒഴിവാക്കിയതായി പഞ്ചാബ് നാഷണൽ ബാങ്ക് പ്രഖ്യാപിച്ചു. 2025 ജൂലൈ ഒന്നു മുതൽ ഈ മാറ്റം നിലവിൽവന്നു. നേരത്തേ, മിനിമം ബാലൻസിൽ കുറവു വരുന്ന തുക എത്രയാണോ, അതിന് ആനുപാതികമായി സേവിംഗ്സ് അക്കൗണ്ട് ഉടമകളിൽനിന്ന് പിഴ ഈടാക്കിയിരുന്നു.
<b>3. ബാങ്ക് ഓഫ് ബറോഡ</b>
2025 ജൂലൈ 1 മുതൽ ബാങ്ക് ഓഫ് ബറോഡയുടെ മിനിമം അക്കൗണ്ട് ബാലൻസ് ചാർജുകൾ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, ബാങ്കിന്റെ പ്രീമിയം സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ ഈ മാറ്റം വന്നിട്ടില്ല. ഇവയിൽ ബിഒബി മാസ്റ്റർ സ്ട്രോക്ക് എസ്ബി അക്കൗണ്ട്, ബിഒബി സൂപ്പർ സേവിംഗ്സ് അക്കൗണ്ട്, ബിഒബി ശുഭ് സേവിംഗ്സ് അക്കൗണ്ട്, ബിഒബി പ്ലാറ്റിനം എസ്ബി അക്കൗണ്ട്, ബിഒബി ഇൻസ്റ്റിറ്റ്യൂഷണൽ അക്കൗണ്ട് തുടങ്ങിയവയ്ക്ക് ഇളവ് ബാധകമായിട്ടില്ല.
<b>4. ഇന്ത്യൻ ബാങ്ക്</b>
ഏറ്റവും അവസാനമായി മിനിമം ബാലൻസ് ഒഴിവാക്കിയ പൊതുമേഖലാ ബാങ്കാണ് ഇന്ത്യൻ ബാങ്ക്്. എല്ലാത്തരം സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലുമുള്ള മിനിമം ബാലൻസ് ചാർജുകൾ പൂർണമായി ഒഴിവാക്കുന്നതായാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാറ്റം 2025 ജൂലൈ ഏഴിനു പ്രാബല്യത്തിൽവരും.
Tags :