ADVERTISEMENT
മുംബൈ: അദാനി എന്റർപ്രൈസസ് ലിമിറ്റഡ് 1,000 കോടി രൂപയുടെ എൻസിഡി (നോണ്‍-കണ്‍വേർട്ടബിൾ ഡിബഞ്ചറുകൾ) പബ്ലിക് ഇഷ്യൂ പ്രഖ്യാപിച്ചു. കന്പനിയുടെ പബ്ലിക് ഇഷ്യൂ ജൂലൈ ഒൻപതിനാണ് ആരംഭിക്കുന്നത്. ജൂലൈ 22 വരെ എൻസിഡി ഇഷ്യു ലഭ്യമാണ്.
അടിസ്ഥാന ഇഷ്യു 500 കോടി രൂപയാണ്. 500 കോടി വരെ ഗ്രീൻ ഷൂ ഓപ്ഷനുമുണ്ട്. ത്രൈമാസ, വാർഷിക, സഞ്ചിത പലിശ പേയ്മെന്റ് ഓപ്ഷനുകൾക്കൊപ്പം 24 മാസം, 36 മാസം, 60 മാസം എന്നീ കാലയളവുകളിലായാണ് എൻസിഡികൾ വാഗ്ദാനം ചെയ്യുന്നത്. പബ്ലിക് ഇഷ്യുവിലൂടെ സമാഹരിക്കുന്ന തുകയുടെ 75 ശതമാനം നിലവിലുള്ള കടത്തിന്റെ മുൻകൂർ തിരിച്ചടവിനായി ഉപയോഗിക്കും. ബാക്കി 25 ശതമാനം പൊതു കോർപറേറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് കന്പനി അറിയിച്ചു.
നോണ്‍-കണ്‍വേർട്ടബിൾ ഡിബഞ്ചറുകൾക്ക് ഓരോന്നിനും 1000 മുഖവിലയുണ്ട്. ഏറ്റവും കുറഞ്ഞ അപേക്ഷാ തുക 10,000 രൂപ ആയിരിക്കും. പ്രതിവർഷം 9.30 ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്യുന്നതാണ് ഈ നോണ്‍-കണ്‍വേർട്ടബിൾ ഡിബഞ്ചറുകൾ.
2023 സെപ്റ്റംബറിൽ 800 കോടി രൂപയുടെ ആദ്യ എൻസിഡി ഇഷ്യുവിന് ശേഷമുള്ള രണ്ടാമത്തെ പബ്ലിക് ഇഷ്യു ആണിത്. അന്ന് ആദ്യ ദിവസം തന്നെ എൻസിഡികൾ പൂർണമായും സബ്സ്ക്രൈബ് ചെയ്തിരുന്നു.
Tags :