ADVERTISEMENT
ലണ്ടൻ: ത്രില്ലർ പോരാട്ടത്തിൽ മധുരിക്കുമോ?. ഇംഗ്ലണ്ടിനെതിരായ ലോഡ്സ് ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ദിനം ബാക്കിയുള്ളപ്പോള്‍ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് ആറ് വിക്കറ്റ് ശേഷിക്കേ 135 റണ്‍സ്. ജയം ആർക്കെന്ന് വിലയിരുത്തൽ അസാധ്യമായ മത്സരമായി നാലാം ടെസ്റ്റിന്റെ നാലാം ദിനം മാറി.
ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ടിനായി ജോ റൂട്ട് (40) ടോപ്പ് സ്കോറർ ആയപ്പോൾ 192 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ ഇന്ത്യക്കും ഇതേ വിജയലക്ഷ്യം കുറിക്കപ്പെട്ടു.
ആദ്യ ഇന്നിംഗ്സിൽ ഇന്ത്യക്കും ഇംഗ്ലണ്ടിനും ലീഡ് നേടാൻ സാധിച്ചിരുന്നില്ല. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 387ന് എതിരേ ഇന്ത്യയും അതേ റണ്‍സിൽ പുറത്തായിരുന്നു. സ്കോർ: ഇംഗ്ലണ്ട്: 387, 192. ഇന്ത്യ: 387. 17.4 ഓവറിൽ 58/4.
ഇന്ത്യൻ പ്രതീക്ഷ
വിജയ പ്രതീക്ഷയോടെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യക്ക് ശുഭ സൂചനയല്ല ഇംഗ്ലണ്ട് നൽകിയത്. സ്കോർ അഞ്ചിൽ നിൽക്കുന്പോൾ യശ്വസി ജയ്സ്വാളിനെ (0) ആർച്ചർ കൂടാരം കയറ്റി.
ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കരുണ്‍ നായർ (14) ഒരിക്കൽ കൂടി നിരാശപ്പെടുത്തി. പിന്നാലെ എത്തിയ ശുഭ്മാൻ ഗില്ലിനും (6) താളം കണ്ടെത്താനായില്ല. ആകാശ് ദീപിനെ രാഹുലിന് കൂട്ടായി വിക്കറ്റ് നഷ്ടമില്ലാതെ നാലാം ദിനം അവസാനിപ്പിക്കാനുള്ള ഇന്ത്യൻ ശ്രമവും പാഴായി.
ആകാശ് ഒരു റണ്‍സുമായി മടങ്ങി. കെ.എൽ. രാഹുൽ (33) റണ്‍സുമായി പുറത്താകാതെനിന്നു.
ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദർ എന്നിവരുടെ ഇന്നത്തെ പ്രകടനം ഇന്ത്യൻ പ്രതീക്ഷയിൽ നിർണായകമാകും.
<b>ബാസ്ബോൾ വേസ്റ്റ് ബോൾ</b>
നാലാംദിനമായ ഇന്നലെ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ രണ്ട് റണ്‍സ് എന്ന നിലയിൽ മത്സരം ആരംഭിച്ചു. ബാസ്ബോൾ കളിക്കാനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ ബുംറയ്ക്കും സിറാജിനും മുന്നിൽ പതറിയെങ്കിൽ രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റുമായി ബൗളിംഗ് നയിച്ച വാഷിംഗ്ടണ്‍ സുന്ദറിനു മുന്നില്‍ വീണു. ബെൻ സ്റ്റോക്സ് (33), ഹാരി ബ്രൂക് (23), സാക് ക്രൗളി (22) എന്നിവരാണ് റൂട്ടിനെ കൂടാതെ ഇംഗ്ലണ്ടിനായി പൊരുതിയത്.
Tags :