ADVERTISEMENT
ഹരാരെ: സിംബാബ്വെയ്ക്ക് എതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍, ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ വിയാന്‍ മള്‍ഡര്‍ 367 നോട്ടൗട്ടില്‍ നില്ക്കുമ്പോള് ഡിക്ലയര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത് കോച്ച് ഷുക്രി കോണ്‍റാഡ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ റിക്കാര്‍ഡ് വ്യക്തിഗത സ്കോറിലേക്ക് 33 റണ്‍സിന്റെ മാത്രം അകലമുള്ളപ്പോഴാണ് ദക്ഷിണാഫ്രിക്കയുടെ താത്കാലിക ക്യാപ്റ്റനായ മള്‍ഡര്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്.
2004ല്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ നേടിയ 400 നോട്ടൗട്ടാണ് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അഞ്ചാമത് വ്യക്തിഗത സ്കോറാണ് മള്‍ഡറിന്റെ 367 നോട്ടൗട്ട്. ഷുക്സിനോട് (ഷുക്രി കോണ്‍റാഡ്) സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ; ‘ഇതിഹാസങ്ങളുടെ പേരില്‍ത്തന്നെ വലിയ സ്കോര്‍ നിലനില്ക്കട്ടെ. ബ്രയാന്‍ ലാറയുടെ പേരില്‍ ആ റിക്കാര്‍ഡ് നിലനില്‍ക്കുന്നതാണ് അതിന്റെ ഭംഗി’- മള്‍ഡര്‍ വെളിപ്പെടുത്തി. ഹഷിം അംലയ്ക്കുശേഷം (311 നോട്ടൗട്ട്) ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന രണ്ടാമത് ദക്ഷിണാഫ്രിക്കന്‍ താരമാണ് 27കാരനായ മള്‍ഡര്‍.
മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 626 റണ്‍സ് നേടിയാണ് ദക്ഷിണാഫ്രിക്ക ഡിക്ലയര്‍ ചെയ്തത്. തുടര്‍ന്നു ക്രീസിലെത്തിയ സിംബാബ്വെ ഒന്നാം ഇന്നിംഗ്സില്‍ 170നു പുറത്തായി. ഫോളോ ഓണില്‍ സിംബാബ് വെയുടെ രണ്ടാം ഇന്നിംഗ്സ് 220 റണ്‍സില്‍ അവസാനിച്ചു. പ്രോട്ടീസിന് ഇന്നിംഗ്സിന്റെയും 236 റണ്‍സിന്റെയും ജയം. അതോടെ രണ്ടാംനിരയുമായെത്തിയ ദക്ഷിണാഫ്രിക്ക രണ്ടു മത്സര ടെസ്റ്റ് പരമ്പര 2-0നു തൂത്തുവാരി.
Tags :