ADVERTISEMENT
ലണ്ടന്‍: ബിര്‍മിംഗ്ഹാം കൊട്ടരവാതില് തകര്‍ന്നു വീണു, ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയുടെ 11 പടയാളികള്‍ കോട്ട തകര്‍ത്ത് സിംഹാസനത്തില്‍ ഇരിപ്പുറപ്പിച്ചു.
ചരിത്രത്തില്‍ ആദ്യമായി ബിര്‍മിംഗ്ഹാമിലെ എജ്ബാസ്റ്റണ്‍ മൈതാനത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ജയം. അതും 336 റൺസിന്. ഇന്ത്യ ഉയർത്തിയ 608 റൺസ് എന്ന അപ്രാപ്യമായ ലക്ഷ്യത്തിനായി രണ്ടാം ഇന്നിംഗ്സിൽ ക്രീസിലെത്തിയ ഇംഗ്ലണ്ട് 68.1 ഓവറിൽ 271നു പുറത്ത്. ഇതിനു മുന്‍പ് എട്ട് ടെസ്റ്റ് ഈ മൈതാനത്തു കളിച്ചെങ്കിലും ഒരു ജയം ഇന്ത്യക്ക് അവകാശപ്പെടാൻ ഇല്ലായിരുന്നു. സ്കോർ: ഇന്ത്യ 587, 427/6 ഡിക്ലയേർഡ്. ഇംഗ്ലണ്ട് 407, 271.
21.1 ഓവറിൽ 99 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപാണ് രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന്റെ അന്തകനായത്. അതോടെ ബിർമിംഗ്ഹാമിന്റെ മാനത്ത് ഇന്ത്യൻ ആകാശദീപമായി ആകാശ്. അതും സൂപ്പർ പേസർ ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ.
ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിൽ ഇരട്ടസെഞ്ചുറിയും (269) രണ്ടാംഇന്നിംഗ്സിൽ സെഞ്ചുറിയും (161) നേടിയ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലാണ് പ്ലെയർ ഓഫ് ദ മാച്ച്. 1692 റണ്‍സാണ് മത്സരത്തില്‍ ആകെ പിറന്നത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് ചരിത്രത്തിലെ റിക്കാര്‍ഡ്. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 1-1ന് ഇംഗ്ലണ്ടിന്റെ ഒപ്പമെത്തി. മൂന്നാം ടെസ്റ്റ് 10നു ലോഡ്സില്‍ നടക്കും.
അഞ്ചാംദിനം ആക്രമണം
ചരിത്രത്തില്‍ ആദ്യമായി രണ്ട് ഇന്നിംഗ്സിലുമായി ഒരു ടീം 1000 റണ്‍സ് (587, 427/6 ഡിക്ലയേര്‍ഡ്) കടന്നതായിരുന്നു ബിര്‍മിംഗ്ഹാമില്‍ ഇന്ത്യയുടെ ജയമോഹങ്ങള്ക്കു റോക്കറ്റ് വേഗം നല്‍കിയത്. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ആദ്യ ഇന്നിംഗ്സില്‍ മുഹമ്മദ് സിറാജും രണ്ടാം ഇന്നിംഗ്സില്‍ ആകാശ് ദീപും ഇന്ത്യന്‍ പേസ് ആക്രമണം നയിച്ചു.
ടെസ്റ്റ് ചരിത്രത്തില്‍ 418നു മുകളില്‍ ഒരു സ്കോര്‍ ഇതുവരെ ഒരു ടീമും പിന്തുടര്ന്നു ജയിച്ചിട്ടില്ലെന്ന ചരിത്രം നിലനില്‍ക്കേ, അതിലും ഏറെ ഉയരത്തിലായിരുന്നു (608) ഇംഗ്ലണ്ടിനു മുന്നില്‍ ഇന്ത്യ വച്ച ലക്ഷ്യം. നാലാം ദിനം അവസാനിച്ചപ്പോള്‍ത്തന്നെ ആ ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ ഇംഗ്ലണ്ടിന്റെ പാളം തെറ്റി. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സ് എന്ന അവസ്ഥയിലായിരുന്നു നാലാംദിനം ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ചത്. 24 റണ്‍സുമായി ഒല്ലി പോപ്പും 15 റണ്‍സുമായി ഹാരി ബ്രൂക്കുമായിരുന്നു ക്രീസില്‍.
അഞ്ചാംദിനം ഏഴ് വിക്കറ്റ് വീഴ്ത്തിയാല്‍ ചരിത്രജയം എന്നതു മുന്നില്‍ക്കണ്ട ഇന്ത്യ ആക്രമണം ശക്തമാക്കി. ഒല്ലി പോപ്പിനെയും (24) ഹാരി ബ്രൂക്കിനെയും (23) അഞ്ചാംദിനത്തിന്റെ തുടക്കത്തിൽത്തന്നെ പുറത്താക്കി ആകാശ് ഇന്ത്യയുടെ പ്രതീക്ഷയ്ക്കു തിളക്കമേകി.
മഴയും സ്മിത്തും
മഴയില്‍ മത്സരം മുടങ്ങിയപ്പോള്‍ ഇന്ത്യ പ്രാര്‍ഥിച്ചു. മഴമാറി മത്സരം തുടങ്ങിയപ്പോള്‍ ബെന്‍ സ്റ്റോക്സും (33) ജാമി സ്മിത്തും (88) ഇന്ത്യയെ പരീക്ഷിച്ചു. സ്റ്റോക്സിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യക്കു ബ്രേക്ക് ത്രൂ നല്കി. ഒരറ്റത്തു പൊരുതിനിന്ന ജാമി സ്മിത്തിനെയും ആകാഷ് ദീപ് മടക്കി, രണ്ടാം ഇന്നിംഗ്സില്‍ ആകാശിന്റെ അഞ്ചാം വിക്കറ്റ്.
കീഴടങ്ങാൻ മടികാണിച്ച ബ്രൈഡൻ കാഴ്സിനെ (38) ക്യാപ്റ്റൻ ഗില്ലിന്റെ കൈകളിലെത്തിച്ച് ആകാശ് ദീപ് ഇംഗ്ലീഷ് ഇന്നിംഗ്സിനു തിരശീലയിട്ട് ഇന്ത്യക്കു ജയം സമ്മാനിച്ചു. മഴയെത്തുടർന്ന് ഇന്നലെ ഒരു മണിക്കൂറിലധികം നഷ്ടമായെങ്കിലും ഇന്ത്യ ചരിത്രജയം കൈപ്പിടിയിലൊതുക്കി...
എജ്ബാസ്റ്റണ്‍ വിറച്ചു
എജ്ബാസ്റ്റണില്‍ ഇതുവരെ കളിച്ച എട്ട് ടെസ്റ്റില്‍ ഇന്ത്യ ഏഴിലും പരാജയപ്പെട്ടിരുന്നു. 1986ല്‍ കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങി, ഇംഗ്ലണ്ടിനെതിരേ സമനില നേടിയതാണ് ബിര്‍മിംഗ്ഹാമിലെ എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച ടെസ്റ്റ് പ്രകടനം.
Tags :