ADVERTISEMENT
ലണ്ടൻ: വിംബിൾഡൻ പുരുഷ സിംഗിൾസ് കിരീടം ഇറ്റലിയുടെ ലോക ഒന്നാം നന്പർ താരം യാന്നിക് സിന്നറിന്. കന്നി വിംബിൾഡൻ കിരീട നേട്ടമാണ് സിന്നർ പേരിൽ കുറിച്ചത്. ഫ്രഞ്ച് ഓപ്പണ്‍ കിരീടപോരാട്ടത്തിന് സമാനമായി ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ സെന്റർ കോർട്ടിൽ സ്പെയിന്റെ ലോക രണ്ടാം നന്പർ താരം കാർലോസ് അൽകരാസുമായുള്ള തീപാറും പോരാട്ടത്തിനു സാക്ഷ്യം വഹിച്ചു.
പിന്നിൽനിന്നും മുന്നേറി അൽകരാസ് ആദ്യ സെറ്റ് സ്വന്തമാക്കിയപ്പോൾ യാന്നിക് സിന്നർ രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചടിച്ചു. 4-2ന് മുന്നിലെത്തിയ സിന്നർ രണ്ടാം സെറ്റ് 6-4ന് സ്വന്തമാക്കി. മൂന്നാം സെറ്റിൽ വീണ്ടും അൽകരാസ് പിടിമുറുക്കി. 3-2ന് മുന്നിൽനിന്ന അൽകരാസിനെ ശക്താമയ തിരിച്ചടിയുമായി നേരിട്ട സിന്നർ 6-4ന് മൂന്നാം സെറ്റ് സ്വന്തമാക്കി ആധിപത്യം പുലർത്തി. നാലാം സെറ്റിൽ വീണ്ടും സിന്നർ മുന്നിലെത്തി. 5-4ന് വെല്ലുവിളിയുയർന്ന സെറ്റ് 6-4ന് സ്വന്തമാക്കി സിന്നർ വിംബിൾഡൻ കിരീടം ചൂടി. സ്കോർ: 4-6, 6-4, 6-4, 6-4.
നിലവിലെ ചാന്പ്യനായ അൽകരാസ് ഹാട്രിക് കിരീടം ലക്ഷ്യമിട്ടിറങ്ങിയപ്പോൾ യാന്നിക് സിന്നർ ആദ്യ കിരീടമുയർത്താനിറങ്ങി. ഏഴ് തവണ ചാന്പ്യനായ നൊവാക് ജോകോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചായിരുന്നു സിന്നറുടെ ഫൈനൽ പ്രവേശനം. സമിയിൽ ടൈലർ ഫ്രിറ്റ്സിനെ ഒന്നിനെതിരേ മൂന്ന് സെറ്റുകൾക്ക് തോൽപിച്ചാണ് അൽകരാസ് ഫൈനലിൽ കടന്നത്. അതേസമയം തുടർച്ചയായ രണ്ടാം ഗ്രാൻസ് ലാം ഫൈനലിലാണ് സിന്നറും അൽകരാസും നേർക്കുനേർ വന്നത്. ഫ്രഞ്ച് ഓപ്പണ്‍ കിരീടപോരാട്ടത്തിലെ തോൽവിക്ക് പകരം വീട്ടാൻ കൂടിയാണ് സിന്നർ മത്സരത്തിനിറങ്ങിയത്. മത്സരത്തിൽ ആദ്യ രണ്ട് സെറ്റ് നേടിയിട്ടും അൽകരാസിന്റെ ചെറുത്തുനിൽപ്പിനു മുന്നിൽ ഇറ്റാലിയൻ താരത്തിന് അതിജീവിക്കാനായിരുന്നില്ല.
പ്രധാന ഫൈനലുകളിൽ തോറ്റിട്ടില്ലെന്ന അൽകരാസിന്റെ മികവ് വെല്ലുവിളിയായി. പരസ്പരം ഏറ്റുമുട്ടിയ മത്സരങ്ങളിൽ അൽകരാസ് എട്ട് വിജയങ്ങളുമായി മുന്നിൽ നിന്നപ്പോൾ സിന്നറിന് നാലു ജയമാണുണ്ടായിരുന്നത്. അൽകരാസിനെതിരേ സിന്നർ അവസാനം ജയിച്ചത് രണ്ട് വർഷം മുന്‍പും. എന്നാൽ പുൽക്കോർട്ടിൽ അവസാനം കണ്ടുമുട്ടിയപ്പോൾ ജയം സിന്നർക്കൊപ്പമായിരുന്നു.
Tags : wimbledon champion sinner