ADVERTISEMENT
തിരുവനന്തപുരം: പ്രതിഫല തുകകളില്‍ പുതിയ റിക്കാർഡ് കുറിച്ച് കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലേക്കുള്ള താരലേലം പൂര്‍ത്തിയായി. 26.80 ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയ സഞ്ജു സാംസണാണ് ഈ സീസണിലെ വിലയേറിയ താരം.
സഞ്ജുവിനെക്കൂടാതെ വിഷ്ണു വിനോദ്, ജലജ് സക്സേന എന്നിവരും 10 ലക്ഷം രൂപയ്ക്ക് മുകളില്‍ നേടി. ആകെയുള്ള 168 താരങ്ങളില്‍ നിന്ന് 91 പേരെയാണ് വിവിധ ടീമുകള്‍ ലേലത്തിലൂടെ സ്വന്തമാക്കിയത്. കൊല്ലവും ആലപ്പുഴയും കോഴിക്കോടും നാല് താരങ്ങളെ വീതവും തിരുവനന്തപുരം മൂന്ന് താരങ്ങളെയും നേരത്തേ നിലനിര്‍ത്തിയിരുന്നു. ബാക്കിയുള്ളവര്‍ക്കായാണ് ഇന്നലെ ലേലം നടന്നത്. എ കാറ്റഗറിയില്‍ നിന്ന് 26 പേരും ബി കാറ്റഗറിയില്‍ നിന്ന് 16 താരങ്ങളും സി കാറ്റഗറിയില്‍ നിന്ന് 49 പേരും തെരഞ്ഞെടുക്കപ്പെട്ടു.
<b>വാശിയേറിയ പോരാട്ടം</b>
സഞ്ജു സാംസണായി വാശിയേറിയ പോരാട്ടമാണ് അരങ്ങേറിയത്. കൊച്ചിക്കൊപ്പം ട്രിവാൻഡ്രം റോയല്‍സും തൃശൂര്‍ ടൈറ്റന്‍സുമായിരുന്നു സഞ്ജുവിനായി അവസാനം വരെ രംഗത്തുണ്ടായിരുന്നത്. ഒടുവില്‍ റിക്കാര്‍ഡ് തുകയ്ക്ക് കൊച്ചി സഞ്ജുവിനെ ടീമിലെത്തിച്ചു. വിഷ്ണു വിനോദിനെ 12.80 ലക്ഷത്തിന് ഏരീസ് കൊല്ലം സെയിലേഴ്സും ജലജ് സക്സേനയെ 12.4 ലക്ഷം രൂപയ്ക്ക് ആലപ്പി റിപ്പിള്‍സുമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലെ വിലയേറിയ താരമായ എം.എസ്. അഖിലിനു വേണ്ടിയും കടുത്ത മത്സരമാണ് അരങ്ങേറിയത്. ഒടുവില്‍ 8.40 ലക്ഷം രൂപയ്ക്ക് കൊല്ലം സെയിലേഴ്സാണ് അഖിലിനെ ടീമിലെത്തിച്ചത്.
ലേലത്തിലെ ആദ്യ പേരുകാരനായിരുന്ന ബേസില്‍ തമ്പിക്കും 8.40 രൂപ ലഭിച്ചു. അദാനി ട്രിവാൻഡ്രം റോയല്‍സാണ് ബേസില്‍ തമ്പിയെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച വച്ച അബ്ദുള്‍ ബാസിതിനെ 6.80 ലക്ഷം രൂപയ്ക്കും ട്രിവാൻഡ്രം ലേലത്തിലൂടെ നിലനിര്‍ത്തി. ആനന്ദ് കൃഷ്ണനെ ഏഴ് ലക്ഷത്തിനും ലീഗിലെ മുതിര്‍ന്ന താരങ്ങളിലൊരാളായ വിനോദ് കുമാറിനെ 2.20 ലക്ഷം രൂപയ്ക്കും തൃശൂര്‍ ടീമിലെത്തിച്ചപ്പോള്‍ എം. അജ്നാസിനെ 6.40 ലക്ഷം രൂപയ്ക്ക് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും സ്വന്തമാക്കി. സിജോമോന്‍ ജോസഫ്, എന്‍.പി. ബേസില്‍, സച്ചിന് സുരേഷ്, എം.നിഖില്‍ എന്നിവരാണ് അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ നേടിയ മറ്റ് താരങ്ങള്‍. സിജോമോന്‍ ജോസഫിന് 5.20 ലക്ഷം രൂപയും ബേസിലിന് 5.40 ലക്ഷം രൂപയും സച്ചിന് സുരേഷിന് 5.30 ലക്ഷവും നിഖിലിന് 5.90 ലക്ഷവും ലഭിച്ചു.
75,000 രൂപ അടിസ്ഥാന വിലയുള്ള സി വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന വില ലഭിച്ചത് വി. അജിത്തിനാണ്. 3.95 ലക്ഷം രൂപയ്ക്ക് ട്രിവാൻഡ്രം റോയല്‍സാണ് അജിത്തിനെ സ്വന്തമാക്കിയത്. സഞ്ജീവ് സതീശനെയും 2.20 ലക്ഷത്തിന് ട്രിവാന്‍ഡ്രം ടീമിലെത്തിച്ചു. ഇബ്ലുള്‍ അഫ്താബിനെ 3.65 ലക്ഷത്തിനും മോനു കൃഷ്ണയെ 2.10 ലക്ഷത്തിനും കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും എ.കെ.അര്‍ജുനെ 2.85 ലക്ഷത്തിന് തൃശൂരും, ആല്‍ഫി ഫ്രാന്‍സിസിനെ 2.20 ലക്ഷത്തിന് കൊച്ചിയും ഈ വിഭാഗത്തില്‍ സ്വന്തമാക്കി.
ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് ചെലവഴിക്കാന്‍ കഴിയുമായിരുന്നത്. ഇതില്‍ കൊച്ചി മാത്രമാണ് മുഴുവന്‍ തുകയും ചെലവഴിച്ചത്. കൊല്ലം 49.80 ലക്ഷവും ആലപ്പി 49.35ഉം കാലിക്കട്ട് 49.80ഉം ട്രിവാൻഡ്രം 49.40ഉം തൃശൂര്‍ 49.65 ലക്ഷവും ചെലവഴിച്ചു. ഓരോ ടീമിലും പരമാവധി 20 പേരെയാണ് ഉള്‍പ്പെടുത്താന്‍ കഴിയുക. എല്ലാ ടീമുകളും 20 താരങ്ങളെയും ഉള്‍പ്പെടുത്തിയതും ശ്രദ്ധേയമായി. മന്ത്രി വി. ശിവന്‍കുട്ടിയുടെ സാന്നിധ്യത്തിലാണ് ലേല നടപടികള്‍ ആരംഭിച്ചത്. ചാരു ശര്‍മ നിയന്ത്രിച്ച ലേലം വൈകുന്നേരം അഞ്ചിന് സമാപിച്ചു.
<b>താര ലേലം പൂര്‍ത്തിയായി; രണ്ടാം സീസണ് വിജയമാക്കാന്‍ കെസിഎ</b>
കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) നേതൃത്വത്തില്‍ ഇന്നലെ തിരുവനന്തപുരം ഹയാത് റിജന്‍സിയില്‍ നടന്ന സീസണ് രണ്ടു കളിക്കാരുടെ ലേലം വിജയകരമായി പൂര്‍ത്തിയായി. തികഞ്ഞ പ്രഫഷണലിസത്തിന്റെയും മത്സര മനോഭാവത്തിന്റെയും തന്ത്രപരമായ നീക്കങ്ങളുടെയും ശ്രദ്ധേയമായ പ്രകടനമാണ് താര ലേലത്തിലുടനീളം ഉണ്ടായത്. വളരെ തീവ്രവും വാശിയേറിയതുമായിരുന്നു ലേലം. ഫ്രാഞ്ചൈസികള്‍ മാര്‍ക്യൂ സൈനിംഗുകള്‍ നേടുന്നതിനും മികച്ച സ്ക്വാഡുകള്‍ രൂപീകരിക്കുന്നതിനും തന്ത്രപരമായി മത്സരിച്ചു.
കേരളത്തിലെ ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ ഉയര്‍ന്നുവരുന്ന നിലവാരത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഫ്രാഞ്ചൈസികള്‍ കാഴ്ചവച്ച ഊര്‍ജവും ആസൂത്രണവും. കളിക്കാരുടെ പൂളില്‍ യുവത്വത്തിന്റെയും അനുഭവസമ്പത്തിന്റെയും മികച്ച സമ്മിശ്രണമുണ്ടായിരുന്നു.
നിരവധി വളര്‍ന്നുവരുന്ന പ്രതിഭകളും പുതുമുഖങ്ങളും ലേലപ്പട്ടികയില്‍ ഇടം നേടി. പ്രത്യേകിച്ച്, പൂള് സിയില്‍ നിന്ന് നിരവധി കളിക്കാരെ തെരഞ്ഞെടുത്തു. ഇത് പ്രാദേശിക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനുള്ള ലീഗിന്റെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു.
ഓഗസ്റ്റ് 21നാണ് കെസിഎല്ലിന്റെ രണ്ടാം സീസണിന് തുടക്കമാകുന്നത്. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ സ്പോര്‍ട്സ് ഹബ്ബില്‍ കെസിഎ പുതുതായി സ്ഥാപിച്ച എല്‍ഇഡി ഫ്ളഡ്ലൈറ്റുകള്‍ക്ക് കീഴിലാണ് ലീഗ് മത്സരങ്ങള്‍ നടക്കുക. ഓരോ ദിവസവും രണ്ട് മത്സരങ്ങള്‍ വീതം ഉണ്ടായിരിക്കും.
ഒന്ന് ഉച്ചയ്ക്ക് 2.30 നും മറ്റൊന്ന് വൈകുന്നേരം 6.45 നും. എല്ലാ ഗെയിമുകളും സ്റ്റാര്‍ സ്പോര്‍ട്സ് 3-ലും ഏഷ്യാനെറ്റ് പ്ലസിലും തത്സമയം സംപ്രേഷണം ചെയ്യും. ഒന്നാം സീസണില്‍ സ്റ്റാര്‍ സ്പോര്‍ട്സ് 1-ലൂടെ 14 ദശലക്ഷം പേരും ഫാന്‍കോഡില്‍ 2.4 ദശലക്ഷം പേരും ഏഷ്യാനെറ്റ് പ്ലസിലെ രണ്ട് സംപ്രേഷണങ്ങളിലൂടെ രണ്ടു ദശലക്ഷം പേരും മത്സരങ്ങള്‍ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ക്രിക്കറ്റ് പ്രേമികള്‍ക്ക് എല്ലാ മത്സരങ്ങളിലേക്കും പ്രവേശനം ഇത്തവണയും സൗജന്യമായിരിക്കും. എന്നിരുന്നാലും, സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും ഓണ്‍ലൈന്‍ കൂപ്പണുകള്‍ വഴിയായിരിക്കും പ്രവേശനം.
ടിക്കറ്റിംഗിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ അറിയിക്കും. ഈ സീസണില്‍ ക്രിക്കറ്റിനപ്പുറം സംസ്ഥാനത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയിലും നിര്‍ണായക പങ്ക് വഹിക്കാന്‍ കെസിഎല്‍ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി കേരള ടൂറിസവുമായി സഹകരിച്ച്, ‘ക്രിക്കറ്റ് ടൂറിസം’ എന്ന ആശയം മുന്നോട്ടുവയ്ക്കാനുള്ള സാധ്യത ആരായുകയാണ്.
ഇതിനു പുറമേ കേരളത്തിലെ നിറപ്പകിട്ടാര്‍ന്ന ഓണാഘോഷങ്ങളുമായി സഹകരിക്കാനും കെസിഎല്‍ ലക്ഷ്യമിടുന്നു. കെസിഎല്ലിന്റെ പരിപാടികളില്‍ ആരാധകരുടെയും സമൂഹത്തിന്റെയുമാകെ പങ്കാളിത്തത്തോടെ സാമൂഹിക അവബോധ കാമ്പയ്നുകള്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.
Tags :