ADVERTISEMENT
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിന് എതിരായ ആന്ഡേഴ്സണ്-തെണ്ടുല്‍ക്കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഇതുവരെ പരിഹരിക്കപ്പെടാത്ത ഒരു പ്രശ്നം ഇന്ത്യന്‍ സംഘത്തിലുണ്ട്; മൂന്നാം നമ്പര്‍ ബാറ്റിംഗ്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ സായ് സുദര്‍ശനായിരുന്നു മൂന്നാം നമ്പറില്‍ ഇറങ്ങിയത്.
രണ്ടും മൂന്നും മത്സരങ്ങളില്‍ സായ് സുദര്ശന് പ്ലേയിംഗ് ഇലവനു പുറത്തായപ്പോള്‍ കരുണ്‍ നായര്‍ ആ സ്ഥാനത്ത് എത്തി. അഞ്ച് മത്സര പരമ്പരയില്‍ നിലവില്‍ ഇംഗ്ലണ്ട് 2-1നു ലീഡ് ചെയ്യുകയാണ്. 23 മുതല്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡ് സ്റ്റേഡിയത്തിലാണ് നാലാം മത്സരം. മാഞ്ചസ്റ്ററില്‍ എത്തുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ മൂന്നാം നമ്പറില്‍ മാറ്റം വരുമോ...?
പരമ്പരയില്‍ കഴിഞ്ഞ മൂന്നു ടെസ്റ്റിലെ ആറ് ഇന്നിംഗ്സുകളില്‍ ഇന്ത്യന്‍ ടീമിനായി ഏറ്റവും കുറവ് റണ്‍സ് സംഭാവന ചെയ്തത് മൂന്നാം നമ്പറില്‍ നിന്നാണ്. മൂന്നാം നമ്പറില്‍ ഇതുവരെ ഒരു അര്‍ധസെഞ്ചുറി പോലും ഇന്ത്യക്ക് ആദ്യ മൂന്നു മത്സരങ്ങളിലും നേടാന്‍ സാധിച്ചില്ലെന്നതാണ് വാസ്തവം. അതേസമയം, ആറാം നമ്പറില്‍വരെ (രവീന്ദ്ര ജഡേജ) അര്‍ധസെഞ്ചുറി പിറന്നു. ഒന്നും (യശസ്വി ജയ്സ്വാള്‍) രണ്ടും (കെ.എല്‍. രാഹുല്‍) നാലും (ശുഭ്മാന്‍ ഗില്‍) അഞ്ചും (ഋഷഭ് പന്ത്) നമ്പര്‍ ബാറ്റര്‍മാര്‍ സെഞ്ചുറി കുറിക്കുകയും ചെയ്തു.
പരമ്പരയില്‍ ഇതുവരെ ഇന്ത്യയുടെ മൂന്നാം നമ്പറായി ക്രീസിലെത്തിയ സായ് സുദര്‍ശനും (0, 30) കരുണ്‍ നായരും (31, 26, 40, 14) ചേര്‍ന്ന് ആകെ നേടിയത് 141 റണ്‍സ് മാത്രം. ബാറ്റിംഗ് നിരയിലെ ഏറ്റവും നിര്‍ണായകമായ പൊസിഷനുകളില്‍ ഒന്നായ മൂന്നാം നമ്പറിന്റെ ഈ ദയനീയ പ്രകടനം ഇന്ത്യ പരാജയപ്പെട്ട മത്സരങ്ങളില്‍ നിഴലിച്ചു. മാഞ്ചസ്റ്ററില്‍ എത്തുമ്പോള്‍ ഈ പ്രശ്നത്തിനു പരിഹാരം കണ്ടെത്താന്‍ സാധിക്കുമോ എന്നു കണ്ടറിയണം.
ടീം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പുതന്നെ ഇംഗ്ലീഷ് മണ്ണില്‍ ബാറ്റെടുത്തവനാണ് കരുണ്‍ നായര്‍. പരമ്പരയ്ക്കു മുന്നോടിയായി നടന്ന ഇന്ത്യ എയും ഇംഗ്ലണ്ട് ലയണ്‍സും തമ്മിലുള്ള ആദ്യ മത്സരത്തില്‍ കരുണ്‍ നായര്‍ ഇരട്ടസെഞ്ചുറി നേടിയിരുന്നു. കാന്റര്‍ബറിയില്‍ നടന്ന ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ 204 റണ്‍സ് കരുണ്‍ നേടിയിരുന്നു. നോര്‍ത്താംപ്ടണിലെ രണ്ടാം മത്സരത്തില്‍ 40, 15 എന്നതായിരുന്നു കരുണിന്റെ ഇന്നിംഗ്സുകള്‍.
ഇരട്ടസെഞ്ചുറി നേടിയതിന്റെ ആത്മവിശ്വാസവുമായി ഇംഗ്ലണ്ടിന് എതിരായ ലീഡ്സ് ടെസ്റ്റിനിറങ്ങിയ കരുണ്‍ നായര്‍ നിരാശപ്പെടുത്തി; ആദ്യ ഇന്നിംഗ്സില്‍ പൂജ്യവും രണ്ടാം ഇന്നിംഗ്സില്‍ 20ഉം. ആറാം നമ്പറിലായിരുന്നു ലീഡ്സ് ടെസ്റ്റില്‍ കരുണ്‍ നായര്‍ ക്രീസില്‍ എത്തിയത്. ബിര്‍മിംഗ്ഹാമിലെയും ലോഡ്സിലെയും രണ്ടും മൂന്നും ടെസ്റ്റുകളില്‍ സായ് സുദര്‍ശനു പകരം മൂന്നാം നമ്പര്‍ ദൗത്യം ഏറ്റെടുത്തു.
ബിര്‍മിംഗ്ഹാമില്‍ 31 & 26, ലോഡ്സില്‍ 40 & 14 എന്നിങ്ങനെയായിരുന്നു കരുണിന്റെ ബാറ്റിംഗ്. പരമ്പരയില്‍ കരുണിന്റെ സമ്പാദ്യം ആകെ ആറ് ഇന്നിംഗ്സില്നിന്നായി 131 റണ്‍സ്. അതില്‍ 111 റണ്‍സ് മൂന്നാം നമ്പറില്‍ ഇറങ്ങിയ നാല് ഇന്നിംഗ്സില്‍നിന്ന്. പരമ്പരയിലെ ശരാശരി 21.83. മൂന്നാം നമ്പറിലെ ശരാശരി 27.75.
2017 മേയ് 28ന് അവസാനിച്ച, ഓസ്ട്രേലിയയ്ക്കെതിരായ ധരംശാല ടെസ്റ്റിനുശേഷം നീണ്ട 3006 ദിനങ്ങളുടെ ഇടവേള കഴിഞ്ഞായിരുന്നു കരുണ്‍ നായര്‍ ഇന്ത്യന്‍ ടീമില്‍ എത്തിയത്. 2016 ഡിസംബറില്‍ ചെന്നൈയില്‍വച്ച് ഇംഗ്ലണ്ടിനെതിരേ നേടിയ 303 നോട്ടൗട്ടിനുശേഷം ടെസ്റ്റ് കരിയറില്‍ ഇതുവരെ ഒരു അര്‍ധസെഞ്ചുറി കുറിക്കാന്‍ കരുണിനു സാധിച്ചിട്ടില്ല.
ഒമ്പത് ടെസ്റ്റ് കളിച്ച കരുണ്‍ നായര്‍ 13 ഇന്നിംഗ്സില്‍നിന്ന് 42.08 ശരാശരിയില്‍ ഒരു ട്രിപ്പിള്‍ സെഞ്ചുറിയടക്കം 505 റണ്‍സാണ് ഇതുവരെ നേടിയത്. സ്ട്രൈക്ക് റേറ്റ് 66.88.
കുറ്റംപറയരുതല്ലോ, കരുണ്‍ നായര്‍ മൂന്നാം നമ്പര്‍ ബാറ്റര്‍ അല്ല. അത് ഇന്ത്യന്‍ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറും തുറന്നു സമ്മതിക്കുന്നു. അതുകൊണ്ടുതന്നെ മൂന്നാം നമ്പറില്‍ ഇരിപ്പുറപ്പിക്കാന്‍ കരുണ്‍ നായറിനു സമയം വേണ്ടിവരും.
അഞ്ചാം നമ്പറില്‍ ക്രീസില്‍ എത്തിയപ്പോഴാണ് കരുണ്‍ നായറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായ ട്രിപ്പിള്‍ സെഞ്ചുറി (303*) പിറന്നത്. അഞ്ച്, ആറ്, ഏഴ് നമ്പറുകളില്‍ മുമ്പ് കരുണ്‍ ഇന്ത്യക്കായി ബാറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതാദ്യമായാണ് ഏതെങ്കിലും ഒരു സ്ഥാനത്ത് (മൂന്നാം നമ്പറില്‍) തുടര്‍ച്ചയായി നാല് ഇന്നിംഗ്സ് കളിക്കുന്നതെന്നതും മറ്റൊരു യാഥാര്‍ഥ്യം.
കരുണ്‍ മൂന്നാം നമ്പര്‍ (ടോപ് ഓര്‍ഡര്‍) ബാറ്റര്‍ അല്ലെന്ന് ഗംഭീറിനും അറിയാം. മറുവശത്ത് സായ് സുദര്ശന് ടോപ് ഓര്‍ഡര്‍ ബാറ്ററാണ്. ലീഡ്സിലെ ആദ്യ ടെസ്റ്റിലായിരുന്നു സായ് സുദര്‍ശന്റെ അരങ്ങേറ്റം.
23കാരനായ സായ് സുദര്‍ശനെ മാഞ്ചസ്റ്ററില്‍ മൂന്നാം നമ്പറില്‍ പരീക്ഷിക്കാന്‍ ഇന്ത്യന്‍ മാനേജ്മെന്റ് തീരുമാനിച്ചാല്‍ 3006 ദിനങ്ങള്‍ക്കുശേഷം ദേശീയ ടീമിലേക്കുള്ള കരുണ്‍ നായറിന്റെ മടങ്ങിവരവിനു ദുരന്തപര്യവസാനം കുറിച്ചേക്കും.
Tags :