x
ad
Wed, 3 September 2025
ad

ADVERTISEMENT

പോള്‍വോള്‍ട്ട് ലോക റിക്കാര്‍ഡ് 12-ാം തവണയും തിരുത്തി അര്‍മാന്‍ഡ് ഡുപ്ലാന്റിസ്

Aneesh Thomas
Published: June 19, 2025 04:38 PM IST | Updated: June 19, 2025 04:38 PM IST

സ്റ്റോക്‌ഹോം (സ്വീഡന്‍): ലോക റിക്കാര്‍ഡ് എന്നാ സുമ്മാവാ... എന്ന ചോദ്യം സ്വീഡിഷ് സൂപ്പര്‍ സ്റ്റാര്‍ അര്‍മാന്‍ഡ് ഡുപ്ലാന്റിസിനു മുന്നില്‍ വിലപ്പോവില്ല. ലോക റിക്കാര്‍ഡ് തിരുത്തുക എന്നത് 25കാരനായ ഡുപ്ലാന്റിസിന്റെ ഹോബിയായിരിക്കുന്നു. ഒരു ഡസന്‍ തവണ ഇപ്പോള്‍ ഡുപ്ലാന്റിസിനു മുന്നില്‍ ലോക റിക്കാര്‍ഡ് വഴിമാറി. ഞായറാഴ്ച നടന്ന സ്‌റ്റോക്‌ഹോം ഡയമണ്ട് ലീഗില്‍ 6.28 മീറ്റര്‍ ക്ലിയര്‍ ചെയ്ത് അന്‍മാന്‍ഡ് ഡുപ്ലാന്റിസ് തുടര്‍ച്ചയായ 12-ാം തവണയും സ്വന്തം പേരിലെ ലോക റിക്കാര്‍ഡ് തിരുത്തി. 2020 ഫെബ്രുവരി എട്ടിന് പോളണ്ടിലെ ടോറൂണില്‍ 6.17 മീറ്റര്‍ കുറിച്ചാണ് അര്‍മാന്‍ഡ് ഡുപ്ലാന്റിസ് ലോക റിക്കാര്‍ഡ് ബുക്കില്‍ തന്റെ പേര് ചേര്‍ത്തത്. അന്നു മുതല്‍ ഇന്നുവരെയായി, 12 പ്രാവശ്യമായി, 11 സെന്റീമീറ്റര്‍ ഉയരം വര്‍ധിപ്പിക്കാന്‍ റിക്കാര്‍ഡുകളുടെ തോഴനായ ഡുപ്ലാന്റിസിനു സാധിച്ചു.

1912 ഒളിമ്പിക് സ്റ്റേഡിയം

ഡുപ്ലാന്റിസ് റിക്കാര്‍ഡ് തിരുത്തലില്‍ ഒരു ഡെസന്‍ പൂര്‍ത്തിയാക്കിയത് സ്വന്തം ദേശക്കാരുടെ മുന്നിലാണെന്നതും ശ്രദ്ധേയം. 1912 ഒളിമ്പിക്‌സിനായി പണികഴിപ്പിച്ച, ചരിത്രമുറങ്ങുന്ന സ്റ്റേഡിയത്തിലാണ് ഡുപ്ലാന്റിസിന്റെ 12-ാം ലോക റിക്കാര്‍ഡ് പ്രകടനം. സ്വന്തം രാജ്യത്തില്‍ ഇതാദ്യമായാണ് ഡുപ്ലാന്റിസ് ലോക റിക്കാര്‍ഡ് തിരുത്തുന്നതെന്നതും ശ്രദ്ധേയം.
41 ഡയണ്ട് ലീഗുകളില്‍ പങ്കെടുത്തതില്‍ സ്വീഡിഷ് താരത്തിന്റെ 37-ാം സ്വര്‍ണനേട്ടമാണ്. ഓസ്‌ട്രേലിയയുടെ കര്‍ട്ടിസ് മാര്‍ഷലിനാണ് (5.90 മീറ്റര്‍) വെള്ളി. ആറു മീറ്റര്‍ ക്ലിയര്‍ ചെയ്യാനുള്ള മൂന്നു ശ്രമവും പരാജയപ്പെട്ട് മാര്‍ഷല്‍ പുറത്തായി. അതോടെ 6.28 മീറ്റര്‍ ക്ലിയര്‍ ചെയ്ത് ലോക റിക്കാര്‍ഡ് കുറിക്കാനുള്ള ഡുപ്ലാന്റിസിന്റെ ശ്രമത്തിനുള്ള അവസരമായി. 2025ല്‍ ഇതു രണ്ടാം തവണയാണ് ഡുപ്ലാന്റിസ് റിക്കാര്‍ഡ് തിരുത്തുന്നത്.

17: തിരുത്തലില്‍ ബുബ്ക മാത്രം

പുരുഷ പോള്‍വോള്‍ട്ട് ലോക റിക്കാര്‍ഡ് ഏറ്റവും കൂടുതല്‍ തിരുത്തിയതില്‍ ഒന്നാം സ്ഥാനത്ത് സോവ്യറ്റ് യൂണിയനെയും യുക്രെയ്‌നെയും പ്രതിനിധീകരിച്ച, യുക്രെയ്ന്‍ ഇതിഹാസം സെര്‍ജി ബുബ്കയാണ്. രണ്ടു പ്രാവശ്യമായി 17 തവണ ബുബ്ക ലോക റിക്കാര്‍ഡ് തിരുത്തി. 1984 ഓഗസ്റ്റ് മുതല്‍ 1994 ജൂലൈവരെയായി തുടര്‍ച്ചയായി 14 തവണ ബുബ്ക ലോക റിക്കാര്‍ഡ് തിരുത്തി. 1994 ജൂലൈയില്‍ കുറിച്ച 6.14 മീറ്ററായിരുന്നു ബുബ്കയുടെ ഏറ്റവും മികച്ച ഉയരം. 2014 ഫെബ്രുവരിയില്‍ ഫ്രാന്‍സിന്റെ റെനൗഡ് ലാവില്ലെനി 6.16 മീറ്ററായി പുതിയ റിക്കാര്‍ഡ് കുറിച്ചു. 2020 ഫെബ്രുവരി എട്ടിന് 6.17 മീറ്ററുമായി റിക്കാര്‍ഡ് ബുക്കില്‍ ഡുപ്ലാന്റിസ് ആദ്യ തിരുത്തല്‍ നടത്തി. അത് ഇപ്പോഴും തുടരുന്നു.

 

 

 

Tags : Armand Duplantis Pole vault world record

Recent News

Up