ADVERTISEMENT
മയാമി: ഫിഫ 2025 ക്ലബ് ലോകകപ്പ് ഫുട്ബോള്‍ സെമി ഫൈനല്‍ അരങ്ങൊരുങ്ങി. ബ്രസീല്‍ ക്ലബ് ഫ്ളുമിനെന്‍സ് ഇംഗ്ലീഷ് ടീമായ ചെല്‍സിയെയും ഫ്രഞ്ച് സംഘമായ പാരീസ് സെന്റ് ജെര്മെയ്ന് (പിഎസ്ജി) സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിനെയും സെമിയില്‍ നേരിടും. പഴയ ക്ലബ്ബുകള്‍ക്ക് എതിരായ പോരാട്ടമായും ഈ സെമി ഫൈനലുകളെ വിശേഷിപ്പിക്കാം. പഴയതു പഴയതായി എന്നതാണ് പുതിയ ക്ലബ്ബിനായി ഇറങ്ങുന്നവരുടെ നിലപാട്.
സില്‍വ Vs ചെല്‍സി
ബ്രസീല്‍ മുന്‍താരം തിയാഗോ സില്‍വയാണ് ഫ്ളുമിനെന്‍സിന്റെ ക്യാപ്റ്റന്‍. ചെല്‍സിക്കു വേണ്ടി 2020-24 കാലഘട്ടത്തില്‍ സെന്റര്‍ ബാക്കിലെ അവസാന വാക്കായിരുന്നു ഈ 40കാരന്. തിയാഗോ, തന്റെ പഴയ ക്ലബ്ബിനെതിരേ ഇറങ്ങുന്നതാണ് ചെല്‍സി x ഫ്ളുമിനെന്‍സ് സെമിയുടെ ആകര്‍ഷണം.
ഫ്ളുമിനെന്‍സിന്റെ യൂത്ത് സിസ്റ്റത്തിലൂടെ പ്രഫഷണല്‍ രംഗത്തെത്തിയ ബ്രസീല്‍ താരം ജാവോ പെഡ്രൊ ചെല്‍സിയുടെ ജഴ്സിയില്‍ ഇറങ്ങുന്നുണ്ടെന്നതും ശ്രദ്ധേയം. എന്‍സോ ഫെര്‍ണാണ്ടസ്, എസ്റ്റേവാവോ വില്ലിയന്, കോള്‍ പാല്‍മര്‍, ലിയാം ഡെലാപ് എന്നിങ്ങനെ ഒരു മികച്ച സംഘം ചെല്‍സിക്കുണ്ട്. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 12.30നാണ് (ചൊവ്വ അര്‍ധരാത്രി) മത്സരം.
എംബപ്പെ Vs പിഎസ്ജി
ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ പഴയ ക്ലബ്ബായ പിഎസ്ജിക്ക് എതിരേ ഇറങ്ങുന്നതാണ് രണ്ടാം സെമി ഫൈനലിന്റെ ആകര്‍ഷണം. 2018-24 കാലഘട്ടത്തില്‍ പിഎസ്ജിയുടെ നിറമണിഞ്ഞ എംബപ്പെ, 2024 മുതല്‍ സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിലാണ്. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഫിഫ ക്ലബ് ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ എംബപ്പെ ഇറങ്ങിയിരുന്നില്ല.
സെമിയില്‍ പകരക്കാരുടെ ബെഞ്ചില്‍നിന്നെത്തിയ എംബപ്പെ ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടിയിരുന്നു. ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ 2-3നു ക്വാര്‍ട്ടറില്‍ കീഴടക്കിയാണ് റയല്‍ മാഡ്രിഡ് സെമിയില്‍ എത്തിയത്. ബയേണ്‍ മ്യൂണിക്കിനെ 0-2നു തോല്‍പ്പിച്ച് പിഎസ്ജിയും സെമിയിലെത്തി. നിലവിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാണ് ഉസ്മാന് ഡെംബെലെയുടെ ഭാവനാ സമ്പത്തുമായി എത്തുന്ന പിഎസ്ജി.
Tags :