ADVERTISEMENT
ജലന്ധർ: ഭാര്യ ജിയാൻ കൗർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ മരണശേഷം, വിഷാദരോഗത്തെ നേരിടാനാണ് ഫൗജ സിംഗ് മാരത്തണ്‍ ഓടാൻ തുടങ്ങിയത്.
ആത്മകഥയായ ‘ദ ടർബൻഡ് ടൊർണാഡോ’യിൽ അദ്ദേഹം ഇക്കാര്യം വിവരിച്ചിട്ടുണ്ട്. വിശ്രമജീവിതം നയിക്കേണ്ട 89-ാം വയസിൽ മാരത്തൺ വേദിയിലെത്തിയ, ലോകത്തിലെ ഏറ്റവും പ്രായമുള്ള മാരത്തൺ ഓട്ടക്കാരനായ, മാരത്തൺ മുത്തച്ഛൻ എന്നറിയപ്പെട്ട ഫൗജ സിംഗിനു 114-ാം വയസിൽ ദാരുണാന്ത്യം.
ജലന്ധർ ജില്ലയിലെ ബിയാസ് ഗ്രാമത്തിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അജ്ഞാതവാഹനമിടിച്ചാണ് ഫൗജ കൊല്ലപ്പെട്ടത്. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണം. ഫൗജയെ ഇടിച്ചിട്ടശേഷം നിർത്താതെപോയ വാഹനത്തിനായുള്ള അന്വേഷണത്തിലാണെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു.
മാരത്തണ്‍ പരിശീലകനായ ഹർമന്ദർ സിംഗിനെ പരിചയപ്പെട്ടശേഷം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഓടുക എന്ന ലക്ഷ്യത്തോടെയാണ് ഫൗജ ഓട്ടം തുടങ്ങിയത്. 2001ൽ 89-ാം വയസിൽ ലണ്ടൻ മാരത്തണിൽ ആറ് മണിക്കൂർ 54 മിനിറ്റുകൊണ്ട് 42.2 കിലോമീറ്റർ ദൂരം പൂർത്തിയാക്കി അരങ്ങേറ്റം കുറിച്ചു.
2011ൽ 100 വയസുള്ളപ്പോൾ ടൊറന്റോ വാട്ടർഫ്രണ്ട് മാരത്തണ്‍ എട്ട് മണിക്കൂർ 11 മിനിറ്റുകൊണ്ട് പൂർത്തിയാക്കി ഫുൾ മാരത്തണ്‍ പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റിക്കാർഡ് സ്വന്തമാക്കി.
തൊട്ടടുത്ത വർഷം ലണ്ടനിൽ നടന്ന തന്റെ അവസാന മാരത്തണ്‍ ഏഴ് മണിക്കൂർ 49 മിനിറ്റുകൊണ്ട് പൂർത്തിയാക്കി. പ്രായം തന്റെ കാലുകളെ കീഴ്പ്പെടുത്തിയെന്ന് വിരമിക്കൽ തീരുമാനം അറിയിച്ച് ഫൗജ പറഞ്ഞു. ലണ്ടനിലും ടൊറന്റോയിലും ഹോങ്കോംഗിലും ഉൾപ്പെടെ 18 മാരത്തണുകളിൽ പങ്കെടുത്തു.
2001നും 2012നും ഇടയിൽ ഒന്‍പത് ഫുൾ മാരത്തണുകൾ ഓടി. ആറ് തവണ ലണ്ടൻ മാരത്തണും രണ്ട് തവണ ടൊറന്റോ മാരത്തണും ഒരു തവണ ന്യൂയോർക്ക് മാരത്തണും പൂർത്തിയാക്കി.
നിരവധി ലോക റിക്കാർഡുകൾ തകർത്തെങ്കിലും ഇവയൊന്നും ചരിത്രത്താളുകളിൽ അംഗീകരിക്കപ്പെട്ടില്ലെന്നത് ദൗർഭാഗ്യകരം. നൂറു വയസ് പിന്നിട്ട ആദ്യ മാരത്തണ്‍ ഓട്ടക്കാരനായ ഫൗജ സിംഗിന് ആ റിക്കാർഡും ഗിന്നസ് ബുക്കിൽ സ്വന്തം പേരിൽ കുറിക്കാനായില്ല. ജനന സർട്ടിഫിക്കറ്റിന്റെ അഭാവമാണ് ഫൗജ സിംഗിന് വിനയായത്. എലിസബത്ത് രാജ്ഞി നൽകിയ ജന്മദിനാംശസാകുറിപ്പും പാസ്പോർട്ടും തെളിവിനായി സമർപ്പിച്ചെങ്കിലും ഔദ്യോഗിക അംഗീകാരം ലഭിച്ചില്ല.
അഡിഡാസ് കന്പനിയുടെ ‘ഇന്പോസിബിൾ ഈസ് നത്തിംഗ്’ കാന്പയിന്റെ മുഖങ്ങളിൽ ഒരാളായി ഫൗജ സിംഗ് മാറി. 2012ലെ ലണ്ടൻ ഒളിന്പിക്സിൽ ദീപശിഖയേന്താനുള്ള അവസരവുമൊരുങ്ങി. 2015ൽ കായിക ജീവകാരുണ്യ മേഖലകളിലെ അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് ബ്രിട്ടീഷ് എന്പയർ മെഡൽ ലഭിച്ചു.
1911 ഏപ്രിൽ ഒന്നിന് പഞ്ചാബിലെ ജലന്ധറിൽ ജനിച്ച ഫൗജ സിംഗ് ഭാര്യ ജിയാൻ കൗറിന്റെ മരണശേഷം 1993ൽ ബ്രിട്ടനിലേക്ക് കുടിയേറുകയായിരുന്നു.
Tags :