ADVERTISEMENT
ഇംഗ്ലണ്ടിന് എതിരായ ആന്ഡേഴ്സണ്-തെണ്ടുല്‍ക്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ രണ്ട് എണ്ണത്തില്‍ പരാജയപ്പെട്ടു, ലീഡ്സില്‍ നടന്ന ഒന്നാം ടെസ്റ്റിലും ലോഡ്സില്‍ നടന്ന മൂന്നാം പോരാട്ടത്തിലും.
അഞ്ച് മത്സര പരമ്പരയില്‍ 2-1ന്റെ ലീഡ് ഇംഗ്ലണ്ട് സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ ആധികാരികത അല്ലായിരുന്നു ഇന്ത്യയുടെ രണ്ട് തോല്‍വിയുടെയും കാരണം, മറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പിഴവുകളായിരുന്നു. ലോഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിയിലേക്കു നയിച്ച അഞ്ച് കാരണങ്ങള്‍ ഇവയാണ്...
ലോഡ്സില്‍ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയും ഇംഗ്ലണ്ടും 387 റണ്‍സില്‍ തുല്യതപാലിച്ചു. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് നേടിയ 192 മറികടന്നാല്‍ ഇന്ത്യക്കു ജയിക്കാം. പക്ഷേ, ഇന്ത്യ 170നു പുറത്ത്. 193 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെയും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും വീണ്ടുവിചാരമില്ലാത്ത ഇന്നിംഗ്സാണ് തോല്‍വിയുടെ പ്രധാന കാരണം.
അതില്‍ ഒന്നാം ഇന്നിംഗ്സില്‍ 13 റണ്‍സിനു പുറത്തായ ജയ്സ്വാള്‍ രണ്ടാം ഇന്നിംഗ്സിലും (7 പന്തില്‍ 0) പാഠം ഉള്‍ക്കൊണ്ടില്ല. ജോഫ്ര ആര്‍ച്ചറിന്റെ ഷോര്‍ട്ട് ബോളില്‍ അനാവശ്യമായി ബാറ്റുവച്ച് വിക്കറ്റ് തുലച്ചു. ഇംഗ്ലീഷ് പേസര്‍മാരുടെ സമ്മര്‍ദത്തിനു മുന്നില്‍ കരുണ്‍ നായറും (14) ശുഭ്മാന്‍ ഗില്ലും (6) കീഴടങ്ങി. നൈറ്റ് വാച്ചറായി ഇറക്കിയ ആകാശ് ദീപും (1) നാലാംദിനം പുറത്തായതോടെ ഇന്ത്യ 58/4.
മൂന്നാം നമ്പറായ കരുണ്‍ നായര്‍ ഈ പരമ്പരയില്‍ ഇതുവരെ ഫോം കണ്ടെത്തിയിട്ടില്ലെന്നതും ശ്രദ്ധേയം. കരുണിനു പകരം സായ് സുദര്‍ശനെ തിരികെ കൊണ്ടുവരാനുള്ള നീക്കം നാലാം ടെസ്റ്റില്‍ ഉണ്ടായാല്‍ അദ്ഭുതമില്ല.
ഗില്ലിനും ജയ്സ്വാളിനും പിന്നാലെ അഞ്ചാംദിനത്തിന്റെ തുടക്കത്തില്‍ ഋഷഭ് പന്തും പുറത്തായതോടെ ഇന്ത്യ സമ്മര്‍ദത്തിലായി. എന്നാല്‍, വാഷിംഗ്ടണ്‍ സുന്ദര്വരെ നീളുന്ന ബാറ്റിംഗ് സംഘത്തിന് അപ്രാപ്യമായ ലക്ഷ്യമല്ലായിരുന്നു മുന്നിലുണ്ടായിരുന്നത്. എങ്കിലും, ലക്ഷ്യം നേടാനായില്ല.
193 പിന്തുടര്‍ന്ന ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍ ഏഴാം നമ്പറായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയാണ് (181 പന്തില്‍ 61 നോട്ടൗട്ട്). ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടപ്പോള്‍ ജഡേജയുടെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ ഇവിടെവരെ എത്തിച്ചതെന്നു പറയാം. പക്ഷേ, ജഡേജയുടെ ടെസ്റ്റ് കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധസെഞ്ചുറിയാണ് (153 പന്തില്‍) ലോഡ്സില്‍ കണ്ടത്. സമ്മര്‍ദം വര്‍ധിപ്പിക്കുന്നതായിരുന്നു ജഡേജയുടെ മെല്ലപ്പോക്ക്. കമന്ററി ബോക്സിലുണ്ടായിരുന്ന രവി ശാത്രിയുടെ അഭിപ്രായത്തില്‍ ജഡേജ അല്‍പ്പംകൂടി റണ്‍സ് നേടുന്നതിലും കടന്നാക്രമിക്കുന്നതിലും ശ്രദ്ധിക്കണമായിരുന്നു.
ജഡേജയുടെ ഹീറോയിസത്തെ കുറച്ചുകാണുന്നില്ല. പക്ഷേ, ജസ്പ്രീത് ബുംറയും (54) മുഹമ്മദ് സിറാജും (30) ചേര്‍ന്ന് 84 പന്ത് ഇതിനിടെ കളിച്ചു. അതായത് 14 ഓവര്‍! ഈ കൂട്ടുകെട്ടില്‍ സിംഗിള്‍, ഡബിള്‍ എന്നിവ വേണ്ടെന്നുവച്ച് ജഡേജ ഓടാതിരുന്നത് 16-20 റണ്‍സാണ്. അതുണ്ടായിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു. കാരണം, ജഡേജയും ബുംറയും ക്രീസില്‍ തുടര്‍ന്നപ്പോള്‍ ഇംഗ്ലീഷ് ക്യാമ്പിന്റെ, പ്രത്യേകിച്ച് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ പരിഭ്രാന്തി മൈതാനത്തു വ്യക്തം. മാത്രമല്ല, പതുപതുത്ത പഴയ പന്തില്‍ മാത്രമാണ് ആ സമയം ഇംഗ്ലണ്ട് പന്ത് എറിഞ്ഞത്. 5.1 ഓവര്‍ കൂടി കഴിഞ്ഞിരുന്നെങ്കില്‍ ഇന്ത്യക്കു ന്യൂബോള്‍ ആവശ്യപ്പെടാമായിരുന്നു. ഷോർട്ട് പിച്ച് പന്തില്‍ അനാവശ്യ ഷോട്ടിലൂടെ ബുംറ മടങ്ങിയതും ഇന്ത്യക്കു തിരിച്ചടിയായി.
ബുംറ-ജഡേജ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് കളിച്ചത് 132 പന്ത്. നേടിയത് 35 റണ്‍സ്. അതില്‍ 78 പന്തില്‍ 25 റണ്‍സ് മാത്രമാണ് ജഡേജയുടേത്. സിറാജിനൊപ്പം പത്താം വിക്കറ്റില്‍ 80 പന്ത് കളിച്ചു. നേടിയത് 30 റണ്‍സ്. ഈ കൂട്ടുകെട്ടില്‍ ജഡേജ 50 പന്ത് നേരിട്ടു, സ്കോര്‍ ചെയ്തത് 19 റണ്‍സ്. ഇവിടെയാണ് ജഡേജയെപ്പോലൊരു ആക്രമണ ബാറ്ററിന്റെ മല്ലെപ്പോക്ക് ഇന്ത്യക്കു വിനയായത്. ഈ ഘട്ടത്തില്‍ ഋഷഭ് പന്തായിരുന്നെങ്കില്‍...!
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജാമി സ്മിത്തിനെ കെ.എല്‍. രാഹുല്‍ വിട്ടുകളഞ്ഞതും തോല്‍വിയുടെ കാരണം. അഞ്ച് റണ്‍സില്‍ നില്‍ക്കേയാണ് സ്മിത്തിനെ കൈവിട്ടത്. 51 റണ്‍സ് നേടിയാണ് സ്മിത്ത് പിന്നീട് മടങ്ങിയത്, പേസര്‍ ബ്രൈഡന്‍ കാഴ്സിനൊപ്പം (56) എട്ടാം വിക്കറ്റില്‍ 84 റണ്‍സ് കൂട്ടുകെട്ടുമുണ്ടാക്കി. അങ്ങനെ ഏഴിന് 271ല്‍നിന്ന് ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 387ല്‍ എത്തി. ഒരുപക്ഷേ, ഇംഗ്ലണ്ട് 300-330 കടക്കില്ലായിരുന്നു.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ ഋഷഭ് പന്ത് (74) റണ്ണൗട്ടായതും നിര്‍ണായകമായി. കെ.എല്‍. രാഹുലിനെ ഇല്ലാത്ത റണ്ണിനു ക്ഷണിച്ച് പന്ത് സ്വയം പുറത്താകുകയായിരുന്നു. ഇവരുടെ നാലാം വിക്കറ്റ് കൂട്ടുകെട്ട് 141 റണ്‍സ് നേടി നില്‍ക്കുമ്പോഴായിരുന്നു പന്തിന്റെ പുറത്താകല്‍. അതിന്റെ ആഘാതം രാഹുലിന്റെ (100) പുറത്താകലിനും വഴിവച്ചു. 50-100 റണ്‍സ് ലീഡ് നേടാമായിരുന്ന ഇന്ത്യക്ക് ലീഡ് ഇല്ലാത്ത അവസ്ഥയായി. മത്സരശേഷം ശുഭ്മാന്‍ ഗില്‍ ഇതു തുറന്നു സമ്മതിച്ചു.
ഇന്ത്യ പരാജയപ്പെട്ടത് 22 റണ്സിനായിരുന്നെങ്കില്, രണ്ട് ഇന്നിംഗ്സിലുമായി ഇന്ത്യന്‍ ബൗളര്‍മാര്‍ വഴങ്ങിയത് (31, 32) 63 എക്സ്ട്രാസ് ആയിരുന്നു. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ നല്കിയ എക്സ്ട്രാസിനേക്കാള് (32) കൂടുതല്‍ റണ്‍സ് നേടിയത് ജോ റൂട്ടും (40), ബെന്‍ സ്റ്റോക്സും (33) മാത്രമാണെന്നതും ശ്രദ്ധേയം.
ഋഷഭ് പന്തിനു പകരം കീപ്പിംഗിനെത്തിയ ധ്രുവ് ജുറെല്ലിന്റെ വിക്കറ്റിനു പിന്നിലെ പ്രകടനം ദയനീമായിരുന്നു. ലേറ്റ് സ്വിംഗ് നല്കുന്ന ലോഡ്സിലേതു പോലുള്ള പിച്ചില്‍ കീപ്പ് ചെയ്തുള്ള പരിചയസമ്പത്തിന്റെ അഭാവം ജുറെല്ലിന്റെ പ്രകടനത്തില്‍ നിഴലിച്ചു.
Tags :