ADVERTISEMENT
ലണ്ടന്‍: ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോഡ്സില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 മുതല്‍ ഇന്ത്യ x ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്. ചരിത്രത്തില്‍ ആദ്യമായി ബിര്‍മിംഗ്ഹാമില്‍ ജയം നേടിയ ശുഭ്മാന്‍ ഗില്ലിന്റെയും സംഘത്തിന്റെയും തോളില്‍ പ്രതീക്ഷയുടെ ഭാരമേറെയുണ്ട്.
ബ്രണ്ടന്‍ മക്കല്ലത്തിന്റെ ശിക്ഷണത്തില്‍ ബാസ്ബോള്‍ ക്രിക്കറ്റിലൂടെ ടെസ്റ്റിനു പുതിയ മാനം നല്കിയ ബെന്‍ സ്റ്റോക്സും സംഘവും, ഇന്ത്യക്കെതിരേ ബിര്‍മിംഗ്ഹാമില്‍ നടന്ന രണ്ടാം മത്സരത്തില്‍ 336 റണ്‍സ് തോല്‍വി വഴങ്ങിയതിന്റെ നടുക്കത്തില്‍നിന്നു മുക്തമായിട്ടില്ല. അതിന്റെ സൂചനയാണ് ഇംഗ്ലണ്ടിന്റെ ആവശ്യാനുസരണം പേസിനെ പിന്തുണയ്ക്കുന്ന പച്ചപ്പ് നിറഞ്ഞ പിച്ച്. ക്രിക്കറ്റിന്റെ ക്ലാസിക്ക് റിംഗായ ലോഡ്സില്‍ കിംഗ് ആകുക ആരായിരിക്കും, ശുഭ്മാന്‍ ഗില്ലും സംഘവുമോ അതോ സ്റ്റോക്സും സംഘവുമോ...?
ടീം ബുംറ x ടീം ആര്‍ച്ചര്‍
രണ്ടാം ടെസ്റ്റില്‍ വിശ്രമം ലഭിച്ച ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ മൂന്നാം മത്സരത്തില്‍ ഉണ്ടാകുമെന്നാണ് വിവരം. ബുംറ തിരിച്ചെത്തുന്നതോടെ പ്രസിദ്ധ് കൃഷ്ണയുടെ പ്ലേയിംഗ് ഇലവന് സ്ഥാനം നഷ്ടപ്പെട്ടേക്കും. രണ്ടാം ടെസ്റ്റില്‍ മിന്നും ബൗളിംഗ് കാഴ്ചവച്ച ആകാശ് ദീപിനെ നിലനിര്‍ത്തും, ഒപ്പം മുഹമ്മദ് സിറാജിനെയും. ബുംറ-സിറാജ്-ആകാശ് പേസ് ത്രയമായിരിക്കും ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തിനു ചുക്കാന്‍ പിടിക്കുക. രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ സ്പിന്‍ കൈകാര്യം ചെയ്യും.
മറുവശത്ത് ജോഫ്ര ആര്‍ച്ചര്‍-ക്രിസ് വോക്സ്-ബ്രൈഡന്‍ കാഴ്സ് ത്രയമാണ് ഇംഗ്ലണ്ടിന്റെ പേസ് ആക്രമണം നയിക്കുന്നത്. സ്പിന്നറായി ഷൊയ്ബ് ബഷീര്‍.
ഇംഗ്ലണ്ടിന്റെ തലവേദന ഗില്‍
ആന്ഡേഴ്സണ്-തെണ്ടുല്‍ക്കര്‍ ട്രോഫിക്കുവേണ്ടിയുള്ള അഞ്ചു മത്സര പരമ്പരയ്ക്കു മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് നിരീക്ഷകരുടെ ആശങ്കകളിലൊന്ന് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിംഗ് സ്വഭാവവും സാങ്കേതികത്തികവുമായിരുന്നു.
എന്നാല്‍, ആദ്യ രണ്ടു ടെസ്റ്റ് കഴിഞ്ഞപ്പോള്‍ ഗില്ലിനെ എങ്ങനെ തളയ്ക്കാമെന്ന് ഇംഗ്ലണ്ട് തലപുകയ്ക്കുന്ന അവസ്ഥയിലേക്കു കാര്യങ്ങളെത്തി. ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗില്‍ നേടിയത് ഒരു ഡബിള്‍ സെഞ്ചുറിയും രണ്ട് സെഞ്ചുറിയും. നാല് ഇന്നിംഗ്സിലായി 146.25 ശരാശരിയില്‍ 585 റണ്‍സാണ് ഗില്‍ ഇതുവരെ നേടിയത്. ഈ പ്രകടനത്തിലൂടെ ഈ 25കാരന് 35കളില്‍ കിടന്ന ടെസ്റ്റ് കരിയര്‍ ശരാശരി 42.72ലേക്ക് എത്തിച്ചു.
ഗില്ലിനൊപ്പം ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാള്‍, കെ.എല്‍. രാഹുല്‍ എന്നിവരും മികച്ചുനില്ക്കുന്നു. രണ്ടാം ടെസ്റ്റില്‍ മധ്യനിരയുടെയും വാലറ്റ ബാറ്റിംഗിന്റെയും പ്രകടനവും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. 2021ല്‍ ലോഡ്സില്‍ 151 റണ്‍സിന്റെ മിന്നും ജയം നേടിയ ചരിത്രം ഇന്ത്യക്കുണ്ട്. അന്ന് ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ കെ.എല്‍. രാഹുല്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരവും സ്വന്തമാക്കിയിരുന്നു.
ആയുധം ആര്‍ച്ചര്‍
ലണ്ടന്‍: ലോഡ്സിലെ പച്ചപ്പു നിറഞ്ഞ പിച്ചില്‍ ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ വജ്രായുധം ജോഫ്ര ആര്‍ച്ചര്‍. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനില്‍ ആര്‍ച്ചറിനെ ഉള്‍പ്പെടുത്തി. ജോഷ് ടോങിനെയാണ് ഒഴിവാക്കിയത്.
<img src='/Newsimages/aracher_2025july10.jpg' align='center' class='contentImageInside' style='padding:6px;'>
2021 ഫെബ്രുവരിയിലായിരുന്നു ആര്‍ച്ചര്‍ അവസാനമായി ഇംഗ്ലണ്ടിനായി ടെസ്റ്റ് കളിച്ചത്. നാലര വര്‍ഷത്തിനുശേഷം ആര്‍ച്ചര്‍ മടങ്ങി വരുന്നു.
ഇംഗ്ലീഷ് ഇലവന്
ബെന്‍ ഡക്കറ്റ്, സാക് ക്രൗളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജെമി സ്മിത്ത്, ക്രിസ് വോക്സ്, ബ്രൈഡന്‍ കാഴ്സ്, ജോഫ്ര ആര്‍ച്ചര്‍, ഷൊയ്ബ് ബഷീര്‍.
Tags :