ADVERTISEMENT
ടോക്കിയോ: ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ ഡബിള്‍ മുന്നേറ്റം. പുരുഷ ഡബിള്‍സില്‍ സൂപ്പര്‍ സഖ്യമായ സാത്വിക് സായ്രാജ് - ചിരാഗ് ഷെട്ടി കൂട്ടുകെട്ടും പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്നും വനിതാ സിംഗിള്‍സില്‍ അനുപമ ഉപാധ്യായയും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
നേരിട്ടുള്ള ഗെയിമിനാണ് ഇന്ത്യന്‍ പുരുഷ സഖ്യത്തിന്റെ ജയം. ലോക 15-ാം നമ്പറായ സാത്വിക്-ചിരാഗ് കൂട്ടുകെട്ട് 42 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ ദക്ഷിണകൊറിയയുടെ കാങ് മിന് ഹ്യൂക്ക് - കിം ഡോങ് ജു സഖ്യത്തെയാണ് കീഴടക്കിയത്. സ്കോര്‍: 21-18, 21-10.
പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്‍ ചൈനയുടെ വാങ് ഷെന്ങ് സിംഗിനെയാണ് നേരിട്ടുള്ള ഗെയിമില്‍ തകര്‍ത്തത്. സ്കോര്‍: 21-11, 21-18. പ്രീക്വാര്‍ട്ടറില്‍ ജാപ്പനീസ് താരം കൊഡൈ നാരോകയാണ് ലക്ഷ്യ സെന്നിന്റെ എതിരാളി.
വനിതാ സിംഗിള്‍സില്‍ മുന്‍ ചാമ്പ്യനായ ഇന്ത്യയുടെ പി.വി. സിന്ധു ആദ്യ റൗണ്ടില്‍ പുറത്ത്. കൊറിയയുടെ സിം യു ജിന്നിനോട് നേരിട്ടുള്ള ഗെയിമിനാണ് 30കാരിയായ സിന്ധുവിന്റെ തോല്‍വി. സ്കോര്‍: 15-21, 14-21.
ഇന്ത്യയുടെ അനുപമ ഉപാധ്യായ മൂന്നു ഗെയിം നീണ്ട പോരാട്ടത്തില്‍ രക്ഷിത രാംരാജിനെ കീഴടക്കി. ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടം 21-15, 18-21, 21-18നാണ് അവസാനിച്ചത്. തായ്പേയ് ഓപ്പണിൽ സെമി ഫൈനലിസ്റ്റായ ഇന്ത്യയുടെ ഉന്നതി ഹൂഡ (8-21, 12-21) പുറത്തായി.
Tags :