ADVERTISEMENT
ബിര്‍മിംഗ്ഹാം: ഇംഗ്ലീഷ് മണ്ണില്‍ ശുഭ്മാന്‍ ഗില്ലിനും സംഘത്തിനും ഇന്നു മുതല്‍ രണ്ടാം ബാസ് പരീക്ഷ. ലീഡ്സിലെ ഹെഡിംഗ്ലിയില് ഇംഗ്ലണ്ടിന്റെ ബാസ് ബോള്‍ ക്രിക്കറ്റിനു മുന്നില്‍ അഞ്ച് വിക്കറ്റിനു തോറ്റ ഇന്ത്യക്ക്, പരമ്പരയിലേക്കു തിരിച്ചുവരാനുള്ള അവസരമാണ് ഇന്നു മുതല്‍ ബിര്‍മിംഗ്ഹാമിലെ രണ്ടാം ടെസ്റ്റ്. ബിര്‍മിംഗ്ഹാം: ഇംഗ്ലീഷ് മണ്ണില്‍ ശുഭ്മാന്‍ ഗില്ലിനും സംഘത്തിനും ഇന്നു മുതല്‍ രണ്ടാം ബാസ് പരീക്ഷ. ലീഡ്സിലെ ഹെഡിംഗ്ലിയില് ഇംഗ്ലണ്ടിന്റെ ബാസ് ബോള്‍ ക്രിക്കറ്റിനു മുന്നില്‍ അഞ്ച് വിക്കറ്റിനു തോറ്റ ഇന്ത്യക്ക്, പരമ്പരയിലേക്കു തിരിച്ചുവരാനുള്ള അവസരമാണ് ഇന്നു മുതല്‍ ബിര്‍മിംഗ്ഹാമിലെ രണ്ടാം ടെസ്റ്റ്.
തിരിച്ചുവരവ് എന്നത് അത്ര എളുപ്പമല്ലെന്നതാണ് ടീം ഇന്ത്യക്കു മുന്നിലെ പ്രധാന പ്രശ്നം. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അധ്വാനഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്.
ഒന്നാം ടെസ്റ്റില്‍ ആദ്യനാലു ദിവസവും ടീം ഇന്ത്യ ചിത്രത്തില്‍ ഉണ്ടായിരുന്നു. മത്സരം സമനിലയില്‍ കലാശിക്കുമെന്നും, ഒരുപക്ഷേ ഇന്ത്യ ജയിക്കുമെന്നുപോലും തോന്നിപ്പിച്ചു. എന്നാല്‍, അഞ്ചാംദിനത്തില്‍ ബാസ് ബോള്‍ ക്രിക്കറ്റിലൂടെ ഇംഗ്ലണ്ട് ജയം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. ഇതോടെ ആന്ഡേഴ്സണ് - തെണ്ടുല്‍ക്കര്‍ ട്രോഫിക്കുവേണ്ടിയുള്ള അഞ്ച് മത്സര പരമ്പരയില്‍ 1-0ന്റെ ലീഡും ഇംഗ്ലണ്ട് സ്വന്തമാക്കി. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 3.30നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക.
ബുംറയുടെ കാര്യത്തില്‍ സസ്പെന്‍സ്
പരമ്പരയിലെ മൂന്നു മത്സരങ്ങള്‍ മാത്രമേ ജസ്പ്രീത് ബുംറ കളിക്കുകയുള്ളൂ എന്ന് ബിസിസിഐ വ്യക്തമാക്കിയതാണ്. എന്നാല്‍, ഏതൊക്കെ മത്സരത്തില്‍ ബുംറ ഉണ്ടാകില്ല എന്നതില്‍ വ്യക്തതയില്ല. രണ്ടാം ടെസ്റ്റിനു മുന്നോടിയായുള്ള ടീം ഇന്ത്യയുടെ പരിശീല സെഷനുകളില്‍ ബുംറ പങ്കെടുക്കുന്നുണ്ട്. ബുംറ രണ്ടാം ടെസ്റ്റ് കളിക്കാന്‍ സാധ്യതയില്ലെന്നാണ് ടീം വൃത്തങ്ങളില്‍നിന്നുള്ള സൂചന.
ബുംറ പ്ലേയിംഗ് ഇലവനില്‍ ഇല്ലെങ്കില്‍ അര്‍ഷദീപ് സിംഗ് തല്‍സ്ഥാനത്ത് എത്താനുള്ള സാധ്യതയുണ്ട്. മറിച്ച്, മുഹമ്മദ് സിറാജ് - അകാശ്ദീപ് - പ്രസിദ്ധ് കൃഷ്ണ സംഘമായിരിക്കുമോ പേസ് ആക്രമണം നയിക്കുക എന്നതും കണ്ടറിയണം.
ബുംറ-സിറാജ്-പ്രസിദ്ധ് ത്രയമായിരുന്നു ലീഡ്സ് ടെസ്റ്റില്‍ ഇന്ത്യയുടെ പേസ് ആക്രമണം നയിച്ചത്. ആദ്യ ഇന്നിംഗ്സില്‍ 10 വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യന്‍ ബൗളിംഗ് സംഘത്തിനു കഴിഞ്ഞെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ അതു സാധിച്ചില്ല.
ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്
ലീഡ്സ് പിച്ചില്‍ ലഭിച്ച ടേണിംഗ് മുതലാക്കാന്‍ പ്ലേയിംഗ് ഇലവനിലെ ഏക സ്പിന്നറായിരുന്ന രവീന്ദ്ര ജഡേജയ്ക്കു സാധിച്ചിരുന്നില്ല. കുല്‍ദീപ് യാദവിനെ പോലുള്ള ഒരു സ്പിന്നറെ അപ്പോള്‍ ഇന്ത്യ മിസ് ചെയ്തു.
ബാറ്റിംഗിനെയും പേസര്‍മാരെയും പിന്തുണയ്ക്കുന്ന ബിര്‍മിംഗ്ഹാമിലെ എജ്ബാസ്റ്റണ്‍ പിച്ചില്‍ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ രണ്ടു സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയേക്കും എന്നും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ ബാറ്റിംഗിനും കരുത്താകാന്‍ സ്പിന്‍ ഓള് റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരായിരിക്കും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുക.
പേസ് ഓള്‍റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡി പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുമെന്ന് ഏകദേശം ഉറപ്പാണ്. അതോടെ ലീഡ്സില്‍ കളിച്ച ഷാര്‍ദുള്‍ ഠാക്കൂര്‍ പുറത്തിരിക്കും. യശസ്വി ജയ്സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്ശന്, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, കരുണ്‍ നായര്‍; ബാറ്റിംഗ് സംഘത്തില്‍ മാറ്റമുണ്ടാകില്ല.
ബാസ് ബോള്‍ തന്ത്രം
ബാസ് ബോള്‍ തന്ത്രത്തിലൂടെ ബ്രണ്ടന്‍ മക്കല്ലത്തിന്റെ ശിക്ഷണത്തില്‍, നാലാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 200+ റണ്‍സ് ചേസ് ചെയ്ത് ജയിച്ചത് ഏഴ് തവണ. ഇതില്‍ രണ്ടു ജയം (2022 ജൂലൈയില്‍ ബിര്‍മിംഗ്ഹാമില്‍ 378, 2025 ജൂണില്‍ ലീഡ്സില്‍ 371) ഇന്ത്യക്കെതിരേ. ന്യൂസിലന്‍ഡിനെ 277ഉം (2022 ജൂണ്‍ 2) 299ഉം (2022 ജൂണ്‍ 10) 296ഉം (2022 ജൂണ്‍ 23) ചേസ് ചെയ്തു തോല്‍പ്പിച്ചു. 2023 ജൂലൈയില്‍ ഓസ്ട്രേലിയയെ 251ഉം 2024 ഓഗസ്റ്റില്‍ ശ്രീലങ്കയെ 205ഉം റണ്‍സ് ചേസ് ചെയ്തും ഇംഗ്ലണ്ട് തോല്‍പ്പിച്ചിട്ടുണ്ട്.
എജ്ബാസ്റ്റണ്‍ പിച്ചും കാലാവസ്ഥയും
പേസ് ബൗളിംഗിനെ തുണയ്ക്കുന്നതാണ് എജ്ബാസ്റ്റണ്‍ പിച്ചിന്റെ പൊതുവായ സ്വഭാവം. എന്നാല്‍, ബാറ്റര്‍മാര്‍ക്ക് കൃത്യമായ ആനുകൂല്യം ലഭിക്കുകയും ചെയ്യും. ഇവിടെ അവസാനം നടന്ന 10 ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ ശരാശരി 334 ആണ്. ഇന്ത്യ ഇവിടെ അവസാനം കളിച്ച (2022) മത്സരത്തില്‍ ഇംഗ്ലണ്ട് 378 ചേസ് ചെയ്ത് ജയിച്ചിരുന്നു.
എജ്ബാസ്റ്റണില്‍ ഇതുവരെ ഇന്ത്യക്കു ജയിക്കാന്‍ സാധിച്ചിട്ടില്ല. കളിച്ച എട്ട് ടെസ്റ്റില്‍ ഏഴിലും പരാജയപ്പെട്ടു. 1986ല്‍ കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിയിലാണ് ഇവിടെ ഇന്ത്യയുടെ ഏക സമനില നേട്ടം.
2000നുശേഷം ഇവിടെ നടന്ന ടെസ്റ്റുകളില്‍ 490 വിക്കറ്റ് പേസര്‍മാര്‍ സ്വന്തമാക്കി. 31 ആണ് ശരാശരി. സ്പിന്നര്‍മാര്‍ക്ക് ഇക്കാലയളവില്‍ നേടാന്‍ സാധിച്ചത് 153 വിക്കറ്റ് മാത്രം, ശരാശരി 34. ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനില്‍ ഒരു സ്പിന്നറിനെ മാത്രമാണ് (ഷൊയ്ബ് ബഷീര്‍) ഉള്‍പ്പെടുത്തിയത്. ഇന്ത്യയുടെ പ്ലേയിംഗ് ഇലവന് ഇന്നു മാത്രമേ വ്യക്തമാകൂ.
മത്സരത്തിന്റെ ആദ്യദിനം കാര്‍മേഘങ്ങള്‍ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. നാലാംദിനം മഴസാധ്യത 62 ശതമാനമാണ്.
ഇന്ത്യ @ എജ്ബാസ്റ്റണ്‍
ടെസ്റ്റ് ക്രിക്കറ്റിൽ
ആകെ മത്സരം: 08ജയം: 00തോല്‍വി: 07സമനില: 01
Tags :