ADVERTISEMENT
ലണ്ടന്‍: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ തുടക്കത്തിലെ തിരിച്ചടിക്കുശേഷം റൂട്ട് തെറ്റാതെ ഇംഗ്ലണ്ടിന്റെ പോപ്പ് സംഗീതം. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഓപ്പണര്‍മാരായ സാക് ക്രൗളി (18), ബെന്‍ ഡക്കറ്റ് (23) എന്നിവരെ സ്കോര്‍ബോര്‍ഡില്‍ 44 റണ്‍സ് ഉള്ളപ്പോള്‍ ഇംഗ്ലണ്ടിനു നഷ്ടപ്പെട്ടു. എന്നാല്‍, തുടര്‍ന്നു ക്രീസില്‍ ഒന്നിച്ച ഒല്ലി പോപ്പും (44) ജോ റൂട്ടും മൂന്നാം വിക്കറ്റില്‍ സെഞ്ചുറി (109) കൂട്ടുകെട്ടുമായി ടീമിനെ കരകയറ്റി. ചായക്കുശേഷം തിരിച്ചെത്തിയപ്പോള്‍ പോപ്പിനെ പുറത്താക്കി രവീന്ദ്ര ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു.
തുടർന്ന് എത്തിയ ഹാരി ബ്രൂക്കിന് (11) അധികം ക്രീസിൽ തുടരാൻ സാധിച്ചില്ല. ജസ്പ്രീത് ബുംറയുടെ പന്തിൽ ബ്രൂക്കിന്റെ വിക്കറ്റ് ഇളകി. എന്നാൽ, ജോ റൂട്ടും (99 നോട്ടൗട്ട് ) ബെൻ സ്റ്റോക്സും (39 നോട്ടൗട്ട് ) ചേർന്ന് ഇംഗ്ലണ്ടിനെ പതുക്കെ മുന്നോട്ട് നയിച്ചു. റൂട്ടിന് സെഞ്ചുറിയിലേക്ക് ഒരു റണ്‍ അകലം മാത്രമുള്ളപ്പോൾ ഒന്നാം ദിനം മത്സരം അവസാനിച്ചു. അപ്പോൾ ഇംഗ്ലണ്ട് 83 ഓവറിൽ 251/4 എന്ന നിലയിലായിരുന്നു.
<b>ചരിത്രം; റൂട്ട് @ 3000 </b>
ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സര ചരിത്രത്തില്‍ 3000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരം എന്ന നേട്ടത്തില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. ഇന്നലെ വ്യക്തിഗത സ്കോര്‍ 45ല്‍ എത്തിയപ്പോഴാണ് റൂട്ട് 3000 റണ്‍സ് തികച്ചത്. ഓസ്ട്രേലിയന്‍ മുന്‍താരം റിക്കി പോണ്ടിംഗാണ് (2555) ഇന്ത്യക്കെതിരേ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സില്‍ രണ്ടാം സ്ഥാനത്ത്. ഇന്ത്യ x ഇംഗ്ലണ്ട് ടെസ്റ്റ് ചരിത്രത്തില്‍ 3000 റണ്‍സ് തികയ്ക്കുന്ന ആദ്യതാരവും റൂട്ടാണ്.
<b>പന്തിനു പരിക്ക് </b>
മത്സരത്തിനിടെ വിരലിനു പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് മൈതാനംവിട്ടു. അതോടെ ധ്രുവ് ജുറെല്‍ വിക്കറ്റ് കീപ്പ് ചെയ്യാന്‍ മൈതാനത്തെത്തി. ഇംഗ്ലീഷ് ഓപ്പണര്‍മാരായ സാക് ക്രൗളി, ബെന്‍ ഡക്കറ്റ് എന്നിവരെ പുറത്താക്കിയ ക്യാച്ച് എടുത്തശേഷമാണ് പന്ത് പരിക്കേറ്റ് മൈതാനംവിട്ടത്. രണ്ടു വിക്കറ്റും നിതീഷ് കുമാര്‍ റെഡ്ഡിക്കായിരുന്നു.
ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുള്ള വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തിലും ഋഷഭ് പന്ത് എത്തി (40*). പാക്കിസ്ഥാന്റെ കമ്രാന്‍ അക്മലിന്റെ (39) റിക്കാര്‍ഡാണ് പന്ത് തിരുത്തിയത്. ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയാണ് (36) പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.
Tags :