ADVERTISEMENT
ഈസ്റ്റ് റുഥർഫോഡ്: ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ പിഎസ്ജിയെ വീഴ്ത്തി ചെല്‍സി ജേതാക്കൾ. ആദ്യപകുതിയിൽ നേടിയ മൂന്നു ഗോളുകൾക്കാണ് ചെൽസി പിഎസ്ജിയെ തകർത്തത്. ചെൽസിക്കായി കോൾ പാൽമർ ഇരട്ടഗോൾ നേടി.
22, 30 മിനിറ്റുകളിലായിരുന്നു പാൽമറിന്റെ ഗോളുകൾ. മൂന്നാം ഗോൾ 43 -ാം മിനിറ്റിൽ പാൽമറിന്റെ അസിസ്റ്റിൽനിന്ന് ജാവോ പെഡ്രോ നേടി. ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിന്റെ പകിട്ട് മായുംമുൻപ് ക്ലബ് ലോകകപ്പിലും കന്നി മുത്തം പതിപ്പിക്കാൻ ഉറപ്പിച്ചെത്തിയ പിഎസ്ജിയെ ഞെട്ടിക്കുന്ന പ്രകടനമാണ് ചെൽസി പുറത്തെടുത്തത്.
രണ്ടാം പകുതിയിൽ പന്തിൽ ആധിപത്യം നേടിയെങ്കിലും പിഎസ്ജിക്ക് കാര്യമായ തിരിച്ചുവരവ് നടത്താനായില്ല. ചെൽസിയുടെ പ്രതിരോധനിര രണ്ടും കൽപ്പിച്ചുതന്നെയായിരുന്നു. തട്ടുപൊളിപ്പൻ സേവുകളുമായി ചെൽസിയുടെ ഗോൾകീപ്പർ റോബർട്ട് സാഞ്ചസ് അരയും തലയും മുറുക്കിയതോടെ കന്നികപ്പുമായി ഫ്രാൻസിലേക്ക് വണ്ടി കയറാമെന്ന പിഎസ്ജിയുടെ മോഹം പൊലിഞ്ഞു.
ഗോൾകീപ്പർ ജിയാൻല്യൂജി ഡൊണ്ണാരുമ്മയുടെ തകർപ്പൻ സേവുകളാണ് കനത്ത തോൽവിയിൽനിന്ന് പിഎസ്ജിയെ രക്ഷിച്ചത്. ഇരട്ടഗോളും ഒരു അസിസ്റ്റുമായി മുന്നിൽ നിന്ന് നയിച്ച കോൾ പാൽമറായിരുന്നു ചെൽസിയുടെ ഹീറോ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും മത്സരം കാണാനെത്തിയിരുന്നു.
ന്യൂ ജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ഫൈനൽ വിസിലിനൊടുവിൽ ഇരുടീമുകളിലെയും താരങ്ങൾ ചേരിതിരിഞ്ഞ് പോർവിളി മുഴക്കിയത് കല്ലുകടിയായി.
Tags :