ADVERTISEMENT
ജോർജിയ: ക്ലബ് ലോകകപ്പ് ഫുട്ബോളിൽ ബയേൺ മ്യൂണിക്കിനെ തകർത്ത് പിഎസ്ജി സെമിയിൽ. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചാണ് പിഎസ്ജിയുടെ സെമിപ്രവേശനം. ആക്രമണ പ്രത്യാക്രമണങ്ങൾ നിറഞ്ഞതായിരുന്നു മത്സരം.
തുടക്കം മുതൽ ഇരുടീമുകളും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ആദ്യപകുതിയിൽ ലക്ഷ്യം കാണാനായില്ല. അതോടെ ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയിൽ 78-ാം മിനിറ്റിലാണ് പിഎസ്ജി ആദ്യ ഗോൾ കണ്ടെത്തുന്നത്. ദെസിരെ ദൗവെ ആണ് വലകുലുക്കിയത്.
പിന്നാലെ ഉസ്മാൻ ഡെമ്പലെയും വലകുലുക്കിയതോടെ പിഎസ്ജി സെമി ടിക്കറ്റ് ഉറപ്പിച്ചു. തുടർന്ന് ബയേൺ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും പിഎസ്ജി പ്രതിരോധം ഉറച്ചുനിന്നു. മത്സരത്തിന്റെ അവസാനം രണ്ട് പിഎസ്ജി താരങ്ങൾ ചുവപ്പ് കാർഡ് കിട്ടി പുറത്തുപോയെങ്കിലും ബയേണിന് തിരിച്ചടിക്കാനായില്ല.
82 -ാം മിനിറ്റിൽ പിഎസ്ജി താരം വില്യം പാച്ചോ ചുവപ്പ് കാർഡ് കിട്ടി പുറത്തായി. ഇഞ്ചുറി ടൈമിൽ ലൂക്കാസ് ഹെർണാണ്ടസിനും ചുവപ്പ് കാർഡ് കിട്ടിയതോടെ പിഎസ്ജി പ്രതിരോധത്തിലായെങ്കിലും എതിരാളികളുടെ വലകുലുക്കാൻ ബയേൺ മ്യൂണിക്കിനായില്ല.
ഇംഗ്ലീഷ് ക്ലബ് ചെല്‍സിയും ബ്രസീലിയന്‍ ക്ലബ് ഫ്ളുമിനെന്‍സും നേരത്തേ സെമിയിലെത്തിയിരുന്നു. എട്ടിനും ഒന്‍പതിനും സെമിഫൈനൽ മത്സരവും 13ന് കലാശപ്പോരാട്ടവും നടക്കും.
Tags :