ADVERTISEMENT
ന്യൂജഴ്സി: സ്പാനിഷ് വന്പൻമാരായ റയൽ മഡ്രിഡും ഫ്രഞ്ച് ടീം പാരീസ് സെന്റ് ജെർമെയിനും (പിഎസ്ജി) ഫിഫ 2025 ക്ലബ്ബ് ലോകകപ്പ് ഫുട്ബോൾ രണ്ടാം സെമിഫൈനലിൽ ഈ രാത്രി കൊന്പുകോർക്കും.
ശക്തമായ മത്സരത്തിൽ ജർമൻ ടീം ഡോർട്ട്മുണ്ടിനെ രണ്ടിനെതിരേ മൂന്നു ഗോളുകൾക്ക് കീഴടക്കിയെത്തുന്ന റയലും, രണ്ട് താരങ്ങൾ ചുവപ്പ് കാർഡ് കിട്ടി പുറത്തുപോയെങ്കിലും ബയേണിനെതിരേ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ജയം നേടിയെത്തുന്ന പിഎസ്ജിയും ഏറ്റുമുട്ടുന്ന യൂറോപ്യൻ വന്പൻമാരുടെ പോരാട്ടം നെഞ്ചിടിപ്പേറ്റും.
തന്റെ മുൻ ക്ലബ്ബിനെതിരേ ഗോൾ നേട്ടം ആഘോഷിച്ച് ഫൈനൽ ബർത്തുറപ്പിക്കാൻ എംബപെയും സംഘവും ഇറങ്ങുന്പോൾ ടൂർണമെന്റിൽ ഗോളുകൾ അടിച്ചുകൂട്ടുകയും ഗോൾ വഴങ്ങുന്നതിൽ പിശുക്കു കാട്ടുകയും ചെയ്യുന്ന പിഎസ്ജിയുടെ ശൈലി മത്സര ഫലം നിർണയിക്കും. അടുത്ത വർഷത്തെ ലോകകപ്പിന്റെ ഫൈനൽ വേദിയായ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ ഇന്നു രാത്രി 12.30നാണ് മത്സരം.
<b>വല കുലുങ്ങും</b>
ടൂർണമെന്റിൽ ഇതുവരെ പിഎസ്ജി അഞ്ച് മത്സരങ്ങളിൽനിന്ന് 12 ഗോളുകൾ നേടിയിട്ടുണ്ട്. ഈ മത്സരങ്ങളിൽ എല്ലാം തന്നെ എതിരാളികളെ സ്കോർ ചെയ്യാൻ അനുവദിക്കാതെ ഏകപക്ഷീയ ജയം സ്വന്തമാക്കിയെന്നതും ശ്രദ്ധേയം. പിഎസ്ജി സ്കോർ ചെയ്യാത്ത ഏക മത്സരം ബോട്ടഫോഗോയ്ക്കെതിരേ ഗ്രൂപ്പ് ഘട്ടത്തിൽ നടന്നതാണ്. ഈ മത്സരത്തിൽ 0-1ന് പിഎസ്ജി തോൽവി വഴങ്ങുകയും ചെയ്തു.
അതേസമയം, റയൽ ഇതുവരെ 11 ഗോളുകൾ നേടിയപ്പോൾ നാല് തവണ എതിരാളികൾ റയലിന്റെ വല കുലുക്കി. ഫ്രഞ്ച് താരങ്ങളാണ് ഇരു ടീമിന്റെയും കരുത്ത്. റയലിനൊപ്പം കിലിയൻ എംബപെയും പിഎസ്ജിക്കൊപ്പം ഉസ്മാൻ ഡെംബെലെയും അണിനിരക്കുന്ന പോരാട്ടം. റയലിനെ സെമിയിലേക്കു നയിച്ച മത്സരത്തിലെ അവസാന നിമിഷത്തെ എംബപെയുടെ ബൈസിക്കിൾ കിക്ക് ഗോൾ ഇതിന് തെളിവാണ്.
Tags :