ADVERTISEMENT
ബിര്‍മിംഗ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് നടക്കുന്നത് ബിർമിംഗ്ഹാമിലെ എജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ. ചരിത്രത്തിൽ ഇക്കാലമത്രയുമായി ഒരു ജയം പോലും ഇന്ത്യക്കു നേടാൻ സാധിക്കാത്ത മൈതാനമാണ് എജ്ബാസ്റ്റൺ.
എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിലെ തുടര്‍ തോല്‍വിക്ക് ഇത്തവണയെങ്കിലും ടീം ഇന്ത്യക്കു വിരാമമിടാന്‍ സാധിക്കുമോ എന്നതാണ് സുപ്രധാന ചോദ്യം. 1986ല്‍ കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങി, ഇംഗ്ലണ്ടിനെതിരേ സമനില നേടിയതാണ് ബിര്‍മിംഗ്ഹാമിലെ എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച ടെസ്റ്റ് ചരിത്രം. അന്നു ജൂലൈ മൂന്നിനായിരുന്നു മത്സരം ആരംഭിച്ചത്. ഇത്തവണ ജൂലൈ രണ്ടിനാണെന്നു മാത്രം.
എജ്ബാസ്റ്റണില്‍ ഇതുവരെ കളിച്ച എട്ട് ടെസ്റ്റില്‍ ഇന്ത്യ ഏഴിലും പരാജയപ്പെട്ടു. കഴിഞ്ഞ 58 വര്‍ഷമായി ജയമില്ലാത്ത എജ്ബാസ്റ്റണില്‍ ഇന്ത്യക്കു കന്നി ജയം നേടാന്‍ സാധിച്ചാല്‍ അത് ചരിത്രം. 1967, 1979, 1996, 2011, 2018, 2022 വര്‍ഷങ്ങളിലാണ് ഇന്ത്യയുടെ എജ്ബാസ്റ്റണ്‍ തോല്‍വികള്‍.
ലീഡ്സിലെ ഹെഡിംഗ്ലി മൈതാനത്തു നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ അഞ്ച് വിക്കറ്റ് തോൽവി വഴങ്ങിയിരുന്നു. ആൻഡേഴ്സൺ - തെണ്ടുൽക്കർ ട്രോഫിക്കുവേണ്ടിയുള്ള അഞ്ച് മത്സര ടെസ്റ്റ് പരന്പരയിൽ നിലവിൽ ഇംഗ്ലണ്ട് 1-0നു മുന്നിലാണ്. ചരിത്രം കുറിച്ച് എജ്ബാസ്റ്റണിൽ ജയം സ്വന്തമാക്കി ശുഭ്മാൻ ഗില്ലിന്റെ യുവ ഇന്ത്യക്കു പരന്പരയിൽ തിരിച്ചുവരവു സാധിക്കുമോ എന്നതാണ് സുപ്രധാന ചോദ്യം.
അതേസമയം, ലീഡ്സിൽ അഞ്ച് വിക്കറ്റ് ജയം നേടിയ പ്ലേയിംഗ് ഇലവനെ നിലനിർത്തിയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. പേസർ ജോഫ്ര ആർച്ചർ ടീമിൽ ഉൾപ്പെട്ടെങ്കിലും പ്ലേയിംഗ് ഇലവനിൽ സ്ഥാനം നേടിയില്ല. കുടുംബ ആവശ്യങ്ങൾക്കായി ഞായറാഴ്ച ജോഫ്ര ആർച്ചർ ടീം ക്യാന്പ് വിട്ടിരുന്നു. ചൊവ്വാഴ്ച മാത്രമേ ടീമിനൊപ്പം തിരിച്ചു ചേരൂ...