ADVERTISEMENT
ദുബായ്: ഐസിസി പുരുഷ ടെസ്റ്റ് ബാറ്റര്‍മാരുടെ ലോക റാങ്കിംഗില്‍ ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ബ്രൂക്ക് 158 റണ്‍സ് നേടിയിരുന്നു. സഹതാരം ജോ റൂട്ടിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് ബ്രൂക്ക് ഒന്നില്‍ എത്തിയത്.
889 റേറ്റിംഗ് പോയിന്റാണ് ബ്രൂക്കിന്. 874 പോയിന്റുമായി റൂട്ട് രണ്ടാം സ്ഥാനത്തുണ്ട്.
ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറ 907 റേറ്റിംഗ് പോയിന്റുമായി ഒന്നാം സ്ഥാനത്ത് ഒറ്റയ്ക്കു വിഹരിക്കുന്നു. ദക്ഷിണാഫ്രിക്കയുടെ കഗിസൊ റബാഡയാണ് (859) രണ്ടാമത്.
ഗില്ലിനു കുതിപ്പ്
ഇംഗ്ലണ്ടിന് എതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ 269ഉം രണ്ടാം ഇന്നിംഗ്സില്‍ 161ഉം റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കരിയറിലെ ഏറ്റവും മികച്ച റാങ്കിലെത്തി. 15 സ്ഥാനം മുന്നേറി ഗില്‍ (807 റേറ്റിംഗ്) ആറാം സ്ഥാനത്തേക്കുയര്‍ന്നു. നാലാം റാങ്കില്‍ തുടരുന്ന യശസ്വി ജയ്സ്വാള്‍ (858), ഒരു സ്ഥാനം പിന്നോട്ടിറങ്ങി എട്ടിലുള്ള ഋഷഭ് പന്ത് (790) എന്നിവരാണ് ആദ്യ 10ലുള്ള മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍. ഇംഗ്ലണ്ട് കീപ്പര്‍ ജെമി സ്മിത്ത് 16 സ്ഥാനം മുന്നേറി 10ല്‍ എത്തി.
Tags :